കൊല്ലം: ദേശീയപാതയോരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പാര്‍ക്കിംഗ് കം റെസ്റ്റ് ഏരിയകള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ആവശ്യപ്പെട്ട് എന്‍എച്ച്എഐ ദേശീയപാതകളില്‍ നിറുത്തിയിടുന്ന ലോറികളിലടക്കം മറ്റ് വാഹനങ്ങള്‍ ഇടിച്ചുള്ള അപകടങ്ങള്‍ തുടര്‍ച്ചയായ പശ്ചാത്തലത്തിലാണ് എന്‍എച്ച്എഐയുടെ നീക്കം. ദേശീയപാതയിലെ ഒരോ 40 കിലോമീറ്ററിനുമിടയില്‍ പാര്‍ക്കിംഗ് കം റെസ്റ്റ് ഏരിയ ഒരുക്കാനാണ് ആലോചന. ഇതിനായി ദേശീയപാതവക്കില്‍ ഒഴിഞ്ഞുകിടക്കുന്ന ഒരു ഹെക്ടര്‍ ഭൂമിയാണ് ആവശ്യപ്പെടുന്നത്.
വിസ്തൃതി അല്പം കുറഞ്ഞാലും പ്രശ്നമില്ലെന്നാണ് എന്‍എച്ച്എഐയുടെ നിലപാട്. വിശാലമായ പാര്‍ക്കിംഗ് കേന്ദ്രം, ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനുള്ള ഡോര്‍മെറ്ററി, ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്, ടോയ്ലെറ്റ്, ഫുഡ് കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‍ എന്‍എച്ച്എഐ സജ്ജമാക്കും. കരാര്‍ ക്ഷണിച്ച് നടത്തിപ്പ് ചുമതല നല്‍കും. ദേശീയപാതയുടെ ഓരങ്ങളില്‍ ഇടമില്ലാത്തതിനാലാണ് ദീര്‍ഘദൂരം സഞ്ചരിക്കുന്ന ലോറികള്‍ രാത്രികാലങ്ങളില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്നത്.
ലോറി ഡ്രൈവര്‍മാര്‍ ഭക്ഷണം കഴിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോകുന്നതും ദേശീയപാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷമാണ്. രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്ത ഭാഗത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ തട്ടിയാണ് അപകടങ്ങളുണ്ടാകുന്നത്.
വീതി കുറവായതിനാല്‍ ദേശീയപാത 66ന്റെ സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല. വിനോദ സഞ്ചാരികള്‍ റോഡില്‍ ബസുകള്‍ നിറുത്തിയിട്ട ശേഷം അപകടകരമായ തരത്തില്‍ റോഡില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാറുണ്ട്. ഇത്തരത്തിലുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്കും വിശ്രമകേന്ദ്രങ്ങള്‍ ഏറെ ഗുണം ചെയ്യും. മറ്റ് പല സംസ്ഥാനങ്ങളിലും ദേശീയപാതയോരത്ത് പാര്‍ക്കിംഗ് കം റെസ്റ്റ് ഏരിയകളുണ്ട്.