ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ കുരങ്ങുകൾ കൂട്ടത്തോടെ വളഞ്ഞതിനെത്തുടർന്ന് മലമുകളിൽ നിന്ന് താഴേക്ക് വീണ് നവവധു മരിച്ചു. തൂത്തുക്കുടി സ്വദേശിനി അനിത (24) ആണ് മരിച്ചത്. കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ അവ കൂട്ടത്തോടെ വളഞ്ഞപ്പോൾ പരിഭ്രാന്തയായി ഓടുന്നതിനിടെ മലമുകളിലെ കുത്തനെയുള്ള ഇറക്കത്തിൽ വച്ച് കാലിടറി താഴേക്ക് വീഴുകയായിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന അനിതയുടെ ഭർത്താവ് സുരേഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
സുരേഷിനൊപ്പം ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു അനിത. മലമുകളിലെ ക്ഷേത്രപരിസരത്ത് വച്ച് ഇവർ കുരങ്ങുകൾക്ക് പഴങ്ങൾ നൽകുന്നതിനിടെ ഒരു കൂട്ടം കുരങ്ങുകൾ ഇവരെ വളയുകയായിരുന്നു. കുരങ്ങുകൾ അക്രമാസക്തരായതോടെ ഭയന്നോടിയ അനിത നിയന്ത്രണം വിട്ട് വലിയ താഴ്ചയിലേക്ക് വീഴുകയായിരുന്നു. അനിത സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയായിരുന്നു.