കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരൂർ പൂക്കയില്‍ കഴക്കകത്ത് ഹൗസില്‍ കെ.നൗഫലാണ് (35) ആണ് മരിച്ചത്.അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നൗഫൽ. തിങ്കളാഴ്ച രാത്രി 12ന് ശേഷമാണ് അപകടമുണ്ടായത്.
ട്രാക്കിൽ അപകടം സംഭവിച്ച കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് നല്ലളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും രാത്രിയിൽ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ എട്ടോടെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നല്ലളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.