വടക്കഞ്ചേരി: സൗത്ത് ആഫ്രിക്കൻ സഞ്ചാരികളായ ബോബ്, പാറ്റ് എന്നിവരുടെ അനുസ്മരണാർഥം മികച്ച ചെറുകഥയ്ക്ക് ഏർപ്പെടുത്തിയ അവാർഡിന് വീട്ടമ്മയായ മോളി ജോർജിനെ തെരഞ്ഞെടുത്തു.
മലയോര കുടിയേറ്റ ഗ്രാമമായ പാലക്കുഴിയിലെ കൂനാനിക്കൽ ജോർജിന്റെ ഭാര്യയാണ് ഈ അറുപതുകാരി.
ഇതിനകം തന്നെ നൂറിലേറെ കഥകൾ ഇവരുടെ രചനകളായുണ്ട്. കുറെയൊക്കെ പുസ്തകങ്ങളാക്കി. 12 കഥകളുള്ള മൈ ഹാർട്ട് എന്നതാണ് ആദ്യ കഥാസമാഹാരം.
യാത്രകളിലെ കാഴ്ചകൾ, ആശുപത്രി സന്ദർശനങ്ങൾ, കണ്ടുമുട്ടുന്ന വ്യക്തികൾ, കുടുംബ വിശേഷങ്ങൾ, സ്നേഹത്തിന്റെ, കൂട്ടായ്മയുടെ അങ്ങനെ എന്തുംഏതും തയ്യൽതൊഴിലെടുക്കുന്ന മോളി ജോർജിന് കഥയ്ക്കുള്ള ഭാവനാക്കൂട്ടുകളാണ്.
ചിത്രരചന, എംബ്രോയ്ഡറി വർക്കുകൾ തുടങ്ങിയ മേഖലകളിലും പത്താംക്ലാസുകാരിയായ മോളി ജോർജിന്റെ വൈദഗ്ധ്യം പ്രകടമാണ്. കെപിഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബി. സുനിൽകുമാർ അവാർഡ് വിതരണം നടത്തി. ബോബ്, പാറ്റ് ഫൗണ്ടേഷൻ ചെയർമാൻ ബേബികുട്ടി അധ്യക്ഷത വഹിച്ചു.
ജി.റീന, കെപിഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ് വി. രാജേഷ് കുമാർ, സെക്രട്ടറി പി.കെ .ജയകുമാർ, എ. ഷീന, പി. സാബിറ, കെ.നീതു, ആര്യ എസ്. കൃഷ്ണ, അഭിലാഷ് ടി. ചന്ദ്രൻ, കെ. സൗമ്യ, എം. മഞ്ജു, എസ്. സജ്ന പ്രസംഗിച്ചു.