കാർത്തികപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്കിൽ ഫെസ്റ്റിൽ മികച്ച വൊക്കേഷണൽ സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ജിവിഎച്ച്എസ്എസ് കാർത്തികപുരത്തിന് നാടിന്റെ ആദരം.
ചരിത്രനേട്ടത്തിന്റെ ആഹ്ലാദം പങ്കുവച്ച് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ കാർത്തികപുരം ടൗണിൽ വിജയാഹ്ലാദ റാലി നടത്തി.ചാമ്പ്യൻഷിപ് ട്രോഫിയുമായി നടത്തിയ റാലിയിൽ അധ്യാപകർ, പിടിഎ, എസ്എംസി ഭാരവാഹികൾ, പഞ്ചായത്തംഗം തുടങ്ങിയവർ പങ്കെടുത്തു. ടൗണിലെത്തിയ വിജയികളെ വ്യാപാരി വ്യവസായി പ്രതിനിധികൾ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.
സ്കൂളിലെ എൻഎസ്ക്യുഎഫ് പ്ലസ് ടു വിഭാഗത്തിൽ നടപ്പാക്കുന്ന കംപ്യൂട്ടർ സയൻസ്, അഗ്രികൾച്ചർ കോഴ്സുകളിലെ വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യവും സർഗാത്മകതയും മികവുമാണു സംസ്ഥാനതലത്തിൽ അംഗീകാരം നേടിയതെന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും പറഞ്ഞു.