ആലപ്പുഴ: നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കി. നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണശാലകളിലും നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന അടുക്കളകൾ കണ്ടെത്തിയതിനെ തുടർന്ന് അവ ശുചീകരിച്ച് ആവശ്യമായ രീതിയിൽ നവീകരിക്കുന്നതിന് സ്ഥാപന ഉടമകൾക്ക് നഗരസഭ നോട്ടീസ് നൽകി. ഭക്ഷണം തയാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പരിശോധന.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഒ. സാലിൻ, എ.ജെ. ജെസീന, പി.എം. ധനലക്ഷ്മി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. നഗരവാസികൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന തുടരുമെന്നും ശുചിത്വം, ഭക്ഷ്യസുരക്ഷ, ജീവനക്കാരുടെ ആരോഗ്യസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എം. നൗഫൽ എന്നിവർ അറിയിച്ചു.