അരുവിത്തുറ: എൽനിനോ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ചൂടിന് 2026 സാക്ഷ്യം വഹിക്കുമെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ റോക്സി മാത്യു കോൾ. സഹസ്രാബ്ദങ്ങളോളം ഭൗമാന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന കാർബൺ വ്യാപനത്തെ തടയാൻ സംഘടിതവും അസൂത്രിതവുമായ ശ്രമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ജോർജ് കോളജിൽ നടന്ന ക്ലൈമറ്റ് ക ഫെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അരുവിത്തുറ സെന്റ് ജോർജ്് കോളജിലെ എൻഎസ്എസ് യൂണിറ്റും മീനച്ചിൽ റിവർ ആൻഡ് റെയിൻ മോണിറ്ററിംഗ് നെറ്റ്വർക്കും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയും സഹകരിച്ച് നടപ്പിലാക്കുന്ന മഴ നിരീക്ഷണ സംവിധാനത്തിന്റെ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ജയിംസ് കുന്നേൽ നിർവഹിച്ചു.
മുനിസിപ്പാലിറ്റിയുടെ 28 കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന മഴമാപിനികളിൽ രേഖപ്പെടുത്തുന്ന മഴയുടെ അളവ് വിദ്യാർഥികളുടെ നേതൃത്വത്തിൽ രേഖപ്പെടുത്തുകയും കൃത്യമായ നിർദേശങ്ങൾ തയാറാക്കുകയും ചെയ്യുന്ന പദ്ധതിക്കാണ് ഇതോടെ തുടക്കമായത്. പദ്ധതിയുടെ വിശദീകരണവും പ്രവർത്തന രൂപരേഖയും പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവൽ പൂണ്ടിക്കുളം വിശദീകരിച്ചു.
കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ചു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.