പേരാമ്പ്ര: ഓട്ടത്തിൽ വിസ്മയം തീർത്ത് നാടിന്റെ അഭിമാനമായി മാറിയ ദേവനന്ദയ്ക്ക് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമിച്ചു നൽകുന്ന വീടിന്റെ കട്ടിള വെപ്പ് നടന്നു.
ട്രാക്കിൽ പുതിയ റെക്കോർഡുകൾ കുറിയ്ക്കുമ്പോഴും സ്വന്തമായൊരു സുരക്ഷിത ഭവനം എന്ന ദേവനന്ദയുടെയും കുടുംബത്തിന്റെയും സ്വപ്നമാണ് ഇതോടെ യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. സംസ്ഥാന കായിക മേളയില്‍ ജൂണിയര്‍ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോർഡ് സ്വന്തമാക്കിയ ദേവനന്ദ നാടിനാകെ അഭിമാനമായി മാറിയിരുന്നു.നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കൽ കട്ടിള വെപ്പ് കർമം നിർവഹിച്ചു.
അസി. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ എം.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. നൊച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബുരാജ്, വാർഡ് മെമ്പർ സി.കെ. സുജിത്ത്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.കെ. യൂസഫ്, ബാലചന്ദ്രൻ പാറച്ചോട്ടിൽ, കോട്ടിലോട്ട് ശ്രീധരൻ, റേഞ്ചർ കമ്മീഷണർ ഡോ. ആബിദ പുതുശ്ശേരി, ശാരദ പട്ടേരിക്കണ്ടി, അച്യുതൻ കല്ലിടുക്കിൽ, സുരേഷ് ക്ലാരിയിൽ, കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി എം. സതീഷ് കുമാർ, ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ കെ.ഷീബ എന്നിവർ പ്രസംഗിച്ചു.