ഇംഫാൽ: മണിപ്പുരിലെ കാംജോംഗ് ജില്ലയിൽ തീവ്രവാദികൾ രണ്ടു പേരെ വെടിവച്ചു കൊന്നു. 30 വീടുകൾ കത്തിച്ചു. കാംഗ്പോക്പി ജില്ലയിൽ ആറു നാഗാ വിഭാഗക്കാരുടെ മൃതദേഹം കണ്ടെടുത്തതിനു തൊട്ടടുത്ത ദിവസമാണ് ആക്രമണമുണ്ടായത്.
ഇന്നലെ വെളുപ്പിന് 4.55ന് കുൽടുഹ് കുക്കി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. മ്യാൻമർ അതിർത്തിയിലാണ് ഗ്രാമം. കുൽടുഹ് ചർച്ച് ഹെഡ് ഡീക്കനും യൂത്ത് ഡിപ്പാർട്ട്മെന്റ് ചെയർമാനും ആണ് കൊല്ലപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് ഡോ. ലാംടിൻതാംഗ് അറിയിച്ചു. ആക്രമണത്തെ കുക്കി ബാപ്റ്റിസ്റ്റ് കൺവൻഷൻ അപലപിച്ചു. സുരക്ഷാസേന ഗ്രാമത്തിലെത്തിയെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
ഒരു മാസമായി കാണാതായ ആറു നാഗാ വിഭാഗക്കാരുടെ മൃതദേഹങ്ങളാണ് കുക്കി ഭൂരിപക്ഷ മേഖലയിൽ ബുധനാഴ്ച കണ്ടെത്തിയത്. മേയ് ഒന്പതിന് മൂന്നു കുക്കി ക്രൈസ്തവ സഭാ നേതാക്കളെ കൊലപ്പെടുത്തിയതോടെയാണ് കുക്കി-നാഗാ സംഘർഷം ആരംഭിച്ചത്.
ഇതേത്തുടർന്ന് ഇരു വിഭാഗവും എതിർചേരിയിൽപ്പെട്ടവരെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി. തുടർന്ന് നടന്ന ചർച്ചയിൽ ഇരു വിഭാഗത്തിലെയും 14 പേരെ വീതം ഇരു വിഭാഗവും വിട്ടയച്ചിരുന്നു. എന്നാൽ, നാഗാ വിഭാഗത്തിൽപ്പെട്ട ആറു പേരെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.