Kerala
പാലാ: സങ്കീര്ണമായ റീ-ഡു ബ്രെയിന് ട്യൂമര് ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ നാവിഗേഷന് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജയകരമായി പൂര്ത്തിയാക്കി കണ്ണൂര് സ്വദേശിനിയായ വീട്ടമ്മയ്ക്കു പുനര്ജന്മം.
പാലാ മാര് സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ സര്ജറി ആന്ഡ് സ്പൈന് സര്ജറി വിഭാഗം മേധാവി ഡോ.എം.കെ. സരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് രണ്ട് ഘട്ടങ്ങളിലായി യുവതിയുടെ തലച്ചോറിലെ സങ്കീര്ണമായ ശസ്ത്രക്രിയകള് വിജയകരമായി പൂര്ത്തിയാക്കിയത്.
നേരത്തേ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില് രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടും വീണ്ടും അതിവേഗം വളര്ന്ന സിപി ആംഗിള് ട്യൂമര് അഥവാ തലച്ചോറിന്റെ പുറകിലെ നാഡിയില് വളര്ന്നുവന്ന വലിയ മുഴയാണ് മൂന്നാമത് നടത്തിയ സങ്കീര്ണ ശസ്ത്രക്രയിയിലൂടെ നീക്കം ചെയ്തത്.
തുടര്ച്ചയായ ട്യൂമര് വളര്ച്ചയെത്തുടര്ന്നു തലച്ചോറില് അമിതമായി ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥയും കഠിനമായ തലവേദനയും നടക്കുമ്പോള് ശരീരത്തിന്റെ ബാലന്സ് നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ് യുവതി മാര് സ്ലീവാ മെഡിസിറ്റിയില് ചികിത്സ തേടിയെത്തിയത്.
ഇതേത്തുടര്ന്നാണ് ഡോ. സരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല് സംഘം രണ്ട് ഘട്ടങ്ങളിലായി സര്ജറി നടത്തിയത്. തലച്ചോറിലെ പ്രധാന നാഡികള്ക്ക് യാതൊരുവിധ കേടുപാടുകളും വരുത്താതെ ട്യൂമര് നീക്കം ചെയ്യാന് ന്യൂറോ നാവിഗേഷന് സാങ്കേതികവിദ്യ സഹായിച്ചു.
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിജീവിച്ച് രോഗിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന് കഴിഞ്ഞത് മാര് സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ സര്ജറി വിഭാഗത്തിന്റെ മികച്ച നേട്ടമാണെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര് ഫാ. മാത്യു തെക്കേല്, ചീഫ് ഓഫ് മെഡിക്കല് സര്വീസസ് എയര്കോമഡോര് ഡോ. പോളിന് ബാബു എന്നിവര് അറിയിച്ചു.
Kerala
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയ രോഗത്തിന് ശസ്ത്രക്രിയ നടത്തി ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു.ചങ്ങനാശേരി പുഴവാത് പുത്തൂർപ്പള്ളി പുതുപറമ്പിൽ ഹസൻ കുഞ്ഞിന്റെ ഭാര്യ ഹസീന( 49 ) ആണു മരിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു മരണം. മതിയായ ചികിത്സ കിട്ടിയില്ലന്നും സംഭവത്തിൽ ഗുരുതര ചികിത്സ പിഴവ് ഉണ്ടായെന്നും ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി. സെപ്റ്റംബർ 17ന് ആയിരുന്നു ഹസീനയെ ഹെർണിയ ശസ്ത്രക്രിയയ്ക്കായി ആശുപത്രയിൽ പ്രവേശിപ്പിച്ചത്.
18നു ശസ്ത്രക്രിയ നടത്തിയ ശേഷം വാർഡിലേക്കു മാറ്റി. 25ന് ഹസീനയെ ഡിസ്ചാർജ് ചെയ്തു. ഈ സമയം ഹസീനയ്ക്ക് ശാരീരിക അസ്വസ്ഥതകളും വയറിന് അമിത വേദനയും പനിയും ഉണ്ടായിരുന്നു. ഇതു ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും കാര്യമായെടുത്തില്ലെന്ന് ഭർത്താവ് ഹസൻ കുഞ്ഞ് പറഞ്ഞു. പനിക്കുള്ള പാരസെറ്റാമോൾ ഗുളിക നൽകി ഡിസ്ചാർജ് ചെയ്യുകയായിരുന്നു. വീട്ടിലേക്കു പോയ ഹസീനയുടെ ആരോഗ്യസ്ഥിതി വഷളായി. ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ തുന്നലിൽനിന്ന് രക്തവും പഴുപ്പും പുറത്തേക്ക് വന്നു തുടങ്ങി.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 28നു രാത്രിയോടെ വീണ്ടും ഹസീനയെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വയറിൽ അമിതമായി രക്തവും പഴുപ്പും കെട്ടിക്കിടന്നതിനാൽ പഴുപ്പ് കുത്തിയെടുക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം ഹസീനയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. 30ന് സർജിക്കൽ വാർഡിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുനിന്നും രക്തവും പഴുപ്പും വീണ്ടും ഒഴുകി.
വലിയ തോതിൽ രക്തം ഒഴുകിയപ്പോഴും വേണ്ടത്ര പരിചരണം നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ വീട്ടമ്മയുടെ വയറ് വീർക്കുകയും ശസ്ത്രക്രിയ ചെയ്ത തുന്നൽ പൊട്ടി അമിതമായി രക്തവും പഴുപ്പും പുറത്തു ചാടുകയും ചെയ്തു. ഹസീനയെ ഉടനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ഇന്നലെ പുലർച്ചെ മൂന്നോടെ മരിച്ചു
ഹസീനയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അറിയിച്ചിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്നും ഇക്കാര്യത്തിൽ ഗുരുതര ചികിത്സാപ്പിഴവ് സംഭവിച്ചതാണ് മരണകാരണമെന്നും ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പൊലിസിൽ പരാതി നൽകി.
ആശുപത്രി സൂപ്രണ്ട്, ഡിഎംഒ , ആരോഗ്യ മന്ത്രി തുടങ്ങിയവർക്കും പരാതി നൽകുമെന്നും ഭർത്താവ് ഹസൻ കുഞ്ഞ് സൂചിപ്പിച്ചു.അതേസമയം പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് പറഞ്ഞു.
ഹസീനയുടെ കബറടക്കം ഇന്ന് നടക്കും. മക്കൾ: അസീഫ് (ചങ്ങനാശേരി അസംഷൽ കോളജ്, ബികോം രണ്ടാം വർഷ വിദ്യാർഥി ), ഹെന്ന ( യുകെ, ചാർട്ടേഡ് അക്കൗണ്ടന്റ് ).
Kerala
പിറവം: ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ രാമമംഗലം കിഴുമുറി ഉള്ളലിക്കുന്ന് ഭാഗത്തുവച്ചാണ് ശാന്തക്ക് കടന്നൽക്കുത്തേറ്റത്. ഉള്ളേലിക്കുന്നിൽ വീട്ടുപണിക്ക് പോയി മടങ്ങുന്നതിനിടെ കൂട്ടത്തോടെ എത്തിയ കടന്നലുകൾ ഇവരെ ആക്രമിക്കുകയായിരുന്നു.
ഉടൻ തന്നെ ശാന്തയെ ആദ്യം രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും പിന്നീട് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി വൈകിയാണ് മരണം സംഭവിച്ചത്. ഭർത്താവ്: കുമാരൻകുട്ടി. മക്കൾ: ശ്യാം (ഡ്രൈവർ, മണീട് ഗ്രാമപഞ്ചായത്ത്), ശ്യാമ. മരുമക്കൾ: നീതു, അരുൺ.
Kerala
കൊച്ചി: ദുബായി വിമാനത്താവളത്തില് ജോലി വാഗ്ദാനം ചെയ്ത് 1.8 ലക്ഷം രൂപ തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി. തിരുവനന്തപുരം സ്വദേശി രാജന് കെ. നായര് എന്നയാള്ക്കെതിരെയാണ് പരാതി.
കുഴുപ്പിള്ളി മെഡിക്കല് ട്രസ്റ്റിനു സമീപം താമസിക്കുന്ന വീട്ടമ്മയുടെ മകന് ദുബായി വിമാനത്താവളത്തില് കസ്റ്റമര് കെയര് സെന്ററില് ജോലി വാങ്ങി തരാം എന്ന് പറഞ്ഞാണ് പണം വാങ്ങിയത്.
2025 നവംബര് 18 മുതല് ഡിസംബര് 16 വരെയുള്ള ദിവസങ്ങളില് നാലു തവണകളായി വീട്ടമ്മയുടെ മൊബൈല് ഫോണില് നിന്നും ഗൂഗിള് പേ വഴിയാണ് ഇയാള്ക്ക് പണം നല്കിയത്. എന്നാല് നാളിതുവരെ ജോലിയോ പണമോ തിരികെ നല്കിയിട്ടില്ല. ഇതോടെയാണ് വീട്ടമ്മ മുനമ്പം പൊലിസില് പരാതി നല്കിയത്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചനിലയിൽ. പൂപ്പാനി സ്വദേശി ഇന്ദിരയാണ് മരിച്ചത്. രാവിലെ ഇന്ദിരയെ വീട്ടിലെ മുറിയിൽ കാണാതായതോടെ, ഭര്ത്താവും മകനും ചേര്ന്ന് തെരഞ്ഞു. അപ്പോഴാണ് വീടിന് പുറത്ത് പൊള്ളലേറ്റ് നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സമീപത്തു നിന്ന് മണ്ണെണ്ണ കുപ്പിയും ലഭിച്ചിരുന്നു. ഫൊറൻസിക് സംഘമെത്തി വിശദമായി തെളിവെടുപ്പ് നടത്തി. പോസ്റ്റുമോര്ട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ. പെരുമ്പാവൂര് പൊലിസ് തുടര്നടപടികൾ സ്വീകരിച്ചു.
Kerala
ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി അത്തിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്. അത്തിക്കൽ കുണ്ടുമാങ്ങോട് റോഡിനോട് ചേർന്ന കൃഷിയിടത്തിൽ മേനമ്പടത്ത് ടോമിയുടെ ഭാര്യ സുജാത(52)യ്ക്കാണു പരിക്കേറ്റത്.
ഇന്നലെ രാവിലെ 10 ഓടെ കൃഷിയിടത്തിൽ കപ്പ പറിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. കുറ്റിക്കാട്ടിൽ പതുങ്ങിക്കിടന്ന കാട്ടുപന്നി സുജാതയെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ സുജാതയെ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് സുജാതയുടെ ചെരുപ്പും തോർത്തും ഉൾപ്പടെയുള്ളവ രക്തത്തിൽ കുതിർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടുപന്നി ചുറ്റിത്തിരിയുന്നതു കണ്ടതായി നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോർജ് ആലാംപള്ളി എന്നിവർ ആക്രമണകാരിയായ പന്നിയെ വെടിവച്ചുകൊല്ലാൻ തീരുമാനിച്ചു.
തുടർന്ന് ആക്രമണം നടന്ന സ്ഥലത്തിനു സമീപം തന്പടിച്ച പന്നിയെ പഞ്ചായത്ത് ഷൂട്ടർമാരായ കുര്യൻ കൈപ്പനാനിക്കൽ, ജോബി സെബാസ്റ്റ്യൻ, പി.എം. മാത്യു എന്നിവർ സ്ഥലത്തെത്തി വെടിവച്ചുകൊല്ലുകയായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കിയശേഷം പന്നിയെ സംസ്കരിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും എസ്ഐ എൻ. രാജീവന്റെ നേതൃത്വത്തിലുള്ള ആറളം പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി.
District News
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ്. തിമിര ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ കണ്ണിൽ പതിച്ച ലെൻസ് എടുക്കാൻ കഴിയാതായി. പരാതിയുമായി ബന്ധുക്കൾ. ആറാട്ടുപുഴ നല്ലാണിക്കൽ തെക്കേയറ്റത്ത് വീട്ടിൽ ലത (67)യുടെ വലതുകണ്ണിലാണ് ശസ്ത്രക്രിയയ്ക്കിടെ ലെൻസ് തറച്ചുകയറിയത്. തിമിര ശസ്ത്രക്രിയയ്ക്കായി ബുധനാഴ്ചയാണ് ലതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. \
വ്യാഴാഴ്ച രാവിലെ കണ്ണിലെ പ്രഷർ ഉൾപ്പടെയുള്ള പരിശോധനകൾക്കുശേഷം ഒൻപതിന് ഓപ്പറേഷൻ തിയറ്ററിൽ കയറ്റി. തിമിരശസ്ത്രക്രിയയ്ക്കായി എത്തിയ മറ്റ് 14 രോഗികൾ വേറെയുമുണ്ടായിരുന്നു. ഇവരെ എല്ലാവരെയും ശസ്ത്രക്രിയ ചെയ്ത് ഇറക്കിയിട്ടും അമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞില്ലന്നാണ് ഒപ്പമുണ്ടായിരുന്ന മകൾ ദീപിക അന്വേഷിച്ചപ്പോൾ പറഞ്ഞത്. ഇതിനിടെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റു രോഗികളെല്ലാം മടങ്ങി. പലതവണ അന്വേഷിച്ചപ്പോഴും അമ്മയെ ശസ്ത്രക്രിയക്ക് കയറ്റിയില്ലെന്നായിരുന്നു മറുപടിയെന്ന് ദീപിക പറഞ്ഞു.
തുടർന്ന് ഉച്ചയ്ക്ക് 1.35 ഓടെ ലതയെ മുറിയിലെത്തിച്ച് ശസ്ത്രക്രിയ കഴിഞ്ഞതായി അറിയിച്ചു. എന്നാൽ, മണിക്കൂറുകളോളം തന്റെ കണ്ണിൽ കുത്തിയിളക്കിയെന്നും മറ്റു രോഗികളെ 15 മിനിട്ട് കൊണ്ട് പറഞ്ഞയച്ചുവെന്നും പറഞ്ഞപ്പോൾ തിമിരം അധികമുണ്ടെന്നും അത് മുഴുവൻ നീക്കാൻ താമസമുണ്ടെന്നുമാണ് പറഞ്ഞതെന്ന് ലത മകളോട് പറഞ്ഞു. കണ്ണിന് ശക്തമായ വേദനയുണ്ടന്നും ഇവർ പറഞ്ഞു.
ലതയെ മുറിയിലെത്തിച്ചതിനു പിന്നാലെ ഡോ. മല്ലികയെത്തി ശസ്ത്രക്രിയയ്ക്കിടെ കണ്ണിൽ ലെൻസ് ഉടക്കിയെന്നും ഇത് പുറത്തെടുക്കാൻ കോട്ടയം മെഡിക്കൽ കോളജിലോ, തിരുവനന്തപുരം മെഡിക്കൽ കോളജിലോ ലതയെ കൊണ്ടുപോകണമെന്നും പറഞ്ഞു. വിവരം സൂപ്രണ്ടിന് പരതിയായി നൽകിയപ്പോൾ, അമ്മയുടെ കാഴ്ചയുമായി ബന്ധപ്പെട്ട വിഷയം അവരും നിസാരമായാണ് കണ്ടതെന്നും ആംബുലൻസ് പോലും വിട്ടുതരാൻ തയാറായില്ലന്നും മകൾ ദീപിക പറഞ്ഞു.
Kerala
കാക്കനാട്: സ്വകാര്യ വ്യക്തി അനധികൃതമായി നിര്മിച്ച് അതിഥിത്തൊഴിലാളികള്ക്ക് വാടകയ്ക്കു നല്കിയ ചേരിയില് നിന്നുള്ള സെപ്റ്റിക് മാലിന്യം മൂലം ദുരിതത്തിലായ അടുക്കത്ത് ലൈനില് രാജമ്മ ബാബുവിന്റെ ഒറ്റയാള് സമരം ഫലം കണ്ടു.
കെട്ടിടനിര്മാണ ചട്ടങ്ങള് ലംഘിച്ച് നിര്മ്മിച്ച മുറികളും ടോയ്ലെറ്റുകളും തൃക്കാക്കര നഗരസഭാ ആരോഗ്യ പൊതുമരാമത്ത് ജീവനക്കാര് ചേര്ന്ന് ബുധനാഴ്ച പൊളിച്ചുനീക്കി. ആറേഴു മാസമായി വീട്ടമ്മ പരാതിയുമായി തൃക്കാക്കര നഗരസഭയില് കയറിയിറങ്ങിയിട്ടും പരിഹാരം ഇല്ലാതായതോടെ തിങ്കളാഴ്ച രാവിലെ പായയും തലയിണയുമായി നഗരസഭാ കവാടത്തിലെത്തി പായ വിരിച്ചു കിടക്കുകയായിരുന്നു.
പരാതിയില് ഉചിതമായ നടപടി സ്വീകരിക്കാന് നാലു മാസം മുമ്പ് പൊതുമരാമത്തു വിഭാഗം ഓവര്സിയര്ക്കു നഗരസഭാധ്യക്ഷന് നിര്ദേശം നല്കിയെങ്കിലും പ്രശ്നം പരിഹരിക്കാന് ഉദ്യോഗസ്ഥന് നടപടിയെടുത്തില്ല. ഇതേ തുടര്ന്നാണ് വീട്ടമ്മ കിടപ്പു സമരവുമായി രംഗത്തുവന്നത്. ബുധനാഴ്ച അനധികൃത നിര്മ്മാണം പൊളിച്ചുനീക്കാമെന്ന് വീട്ടമ്മയ്ക്ക് ചെയര്പേഴ്സണ് റാഷിദ് ഉള്ളംപിള്ളി ഉറപ്പു നല്കിയിരുന്നു.
ബുധനാഴ്ച ജെസിബി ഉപയോഗിച്ച് ഉദ്യോഗസ്ഥർ അനധികൃത നിര്മാണം പൊളിച്ചുനീക്കുകയായിരുന്നു. കെട്ടിട നമ്പര് ഇല്ലാത്ത അനധികൃത നിര്മാണങ്ങളിന് പലതും നിലനിര്ത്തിയാണ് മുറികള് പൊളിച്ചതെന്ന് രാജമ്മ ബാബു പറഞ്ഞു.
District News
പുന്നയൂർക്കുളം: ബൈക്കപകടത്തിൽ സാരമായി പരുക്കുപറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. എരമംഗലം താഴത്തേൽപ്പടിക്കു സമീപം കാരിയോടത്ത് അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ(56) ആണ് മരിച്ചത്.
കഴിഞ്ഞദിവസം എരമംഗലം സെന്ററിൽ വച്ചായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെരുന്പടപ്പ് പൊലിസ് മേൽനടപടി സ്വീകരിച്ചു. കബറടക്കം നടത്തി. മക്കൾ: ഹക്കീം (സുഫികഫെ, എരമംഗലം), സബീന, ഹസീന. മരുമക്കൾ: നവാസ്, നൗഫൽ, ഷഫ്ന.
Kerala
കൊച്ചി: വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു. എടവനക്കാട് അണിയല് മാര്ക്കറ്റിന് പടിഞ്ഞാറ് മനപ്പിള്ളി സത്യന്റെ വീട്ടില് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളപ്പ് കോഴിപ്പറമ്പില് സജീവന്റെ ഭാര്യ ബിന്ദു (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
രാത്രി മുറ്റത്തിറങ്ങിയ വീട്ടമ്മയുടെ കാലില് എന്തോ കടിച്ചതായി അനുഭവപ്പെട്ടതിനെ തുടര്ന്ന് ആദ്യം ഞാറക്കല് സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാല് ഏതു തരം പാമ്പാണ് കടിച്ചതെന്ന് വ്യക്തമല്ല. സാധാരണ ഈ പ്രദേശങ്ങളില് അണലിയുടെ സാന്നിധ്യം ഏറെയാണ്. ഇതിനാല് അണലി ആയിരിക്കുമെന്നാണ് കരുതുന്നത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുരുക്കുംപാടം പൊതു ശ്മശാനത്തില്.
District News
വൈക്കം: കെഎസ്ആർടിസി ബസിൽനിന്നു ചാടി ഇറങ്ങുന്നതിനിടെ റോഡിൽ വീണ വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരം 3.30 ഓടെ വൈക്കം വലിയ കവലയിലാണ് സംഭവം.
എറണാകുളം പറവൂർ സ്വദേശിനി വിജി ബെന്നി (55)യ്ക്കാണ് പരിക്കേറ്റത്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. റൂട്ട് മാറി വൈക്കം-തൊടുപുഴ ബസിൽ കയറിയ ഇവർ വലിയ കവലയിൽ എത്തിയപ്പോഴാണ് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതിന് പകരം ബസ് കോട്ടയം ഭാഗത്തേക്കു തിരിയുന്നത് മനസിലാക്കിയത്.
ഉടൻ ബസ് നിർത്തണമെന്ന് കണ്ടക്ടറോടു പറയുകയും വളവ് തിരിഞ്ഞു സമീപത്തെ സ്റ്റോപ്പിൽ നിർത്തി ഇവരെ ഇറക്കാമെന്ന് പറയുന്നതിനിടെ ഇവർ ഡോർ തുറന്ന് പുറത്തേക്കു ചാടുകയായിരുന്നുവെന്ന് പറയുന്നു.
Kerala
തിരുവഞ്ചൂർ: പ്രഭാത സവാരിക്കിടെ കാറിടിച്ചു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. തിരുവഞ്ചൂർ ലക്ഷ്മി സദനത്തിൽ അനിലിന്റെ ഭാര്യ ദീപ (50)യാണ് മരിച്ചത്. കഴിഞ്ഞ 20ന് പുലർച്ചെയായിരുന്നു സംഭവം.
പ്രഭാത സവാരിക്ക് ഇറങ്ങിയ ദീപയെ പിന്നിൽനിന്നുമെത്തിയ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ദീപയെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
രണ്ടു ദിവസം വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ ഇവർ ഇന്നലെ രാവിലെയാണ് മരിച്ചത്. അപകടശേഷം കാർ നിർത്താതെ പോകുകയായിരുന്നു. പ്രദേശവാസികളാണ് ദീപയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കൾ : അനൂപ് അനിൽ (യു.കെ), അഭിരാം അനിൽ. മരുമകൾ : അഞ്ജലി (മാവേലിക്കര ). സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് തറവാട്ട് വീട്ടുവളപ്പിൽ.
Kerala
മഞ്ചേശ്വരം: വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില് കാണപ്പെട്ടു. മഞ്ചേശ്വരം ഹൊസബെട്ടു കാശിമഠം ഗുഡെയിലെ സാവിത്രി പ്രഭു (65) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ സാവിത്രിയെ ഇന്നലെ രാവിലെയാണ് അടുക്കളയില് ഫൈബര് കസേരയില് ഇരുന്ന് തീകൊളുത്തി മരിച്ച നിലയില് കാണപ്പെട്ടത്.
എല്ലാ ദിവസം രാവിലെ ആറുമണിക്ക് എഴുന്നേറ്റ് ടിവി കാണുന്ന സ്വഭാവക്കാരിയാണ് അമ്മയെന്നും കഴിഞ്ഞദിവസം ടിവി തകരാറയതിനെതുടര്ന്ന് നന്നാക്കാന് കൊടുത്തിരുന്നതായും ഇതേത്തുടര്ന്ന് അമ്മ ഏറെ അസ്വസ്ഥയായിരുന്നെന്നും മകന് ഗുരുപ്രസാദ് പ്രഭു പറഞ്ഞു.
സംഭവത്തില് മഞ്ചേശ്വരം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു. ഭര്ത്താവ്: പരേതനായ യോഗേഷ് പ്രഭു. സംഗീത പൈ മകളാണ്. സഹോദരങ്ങള്:പ്രഭ, രേവതി, ഉദയകുമാരി, ജയശ്രീ, കേസരി.
Kerala
കുണ്ടറ: ആറ്റിലൂടെ ഒഴുകി വന്ന വീട്ടമ്മയ്ക്ക് രക്ഷകരായി യുവാക്കള്. ഇന്നലെ ഉച്ചയോടെ ഏനാത്ത് കുളക്കടയില് ആയിരുന്നു സംഭവം. തലവൂര് പാണ്ടിത്തിട്ട സ്വദേശിനിയായ വീട്ടമ്മ കുടുംബ പ്രശ്നത്തെതുടര്ന്നാണ് ആറ്റിലേക്ക് ചാടിയതെന്നാണു പുറത്തുവരുന്ന വിവരം.
കുത്തൊഴുക്കില്പ്പെട്ട വീട്ടമ്മ ആറിന് നടുവിലൂടെ പൊങ്ങിത്താണ് കിലോമീറ്ററുകളോളം ഒഴുകി കുളക്കടക്കര ഇളങ്കമംഗലം തൂക്കുപാലത്തിന് സമീപത്ത് എത്തി. വീട്ടമ്മയുടെ നിലവിളി കേട്ട പ്രദേശവാസികളായ വൈശാഖ്, ഉണ്ണി എന്നീ രണ്ട് യുവാക്കള് കയറുമായെത്തി ഇളങ്ങമംഗലം തൂക്കുപാലത്തിന് മധ്യേനിന്ന് കയര് താഴേക്ക് ഇട്ടുകൊടുത്തെങ്കിലും മഴക്കാലമായതിനാല് ഒഴുക്കിന്റെ ശക്തി മൂലം വീട്ടമ്മയ്ക്കതില് പിടിക്കാനായില്ല.
തുടര്ന്ന് യുവാക്കള് അറ്റിലേക്ക് ചാഞ്ഞുകിടന്ന ഒരു മരച്ചില്ല കാണിച്ചു കൊടുക്കുകയും അതിനു സമീപത്തെത്തിയപ്പോള് വീട്ടമ്മ അതില് പിടിച്ചു കിടക്കുകയും ചെയ്തു. ഉടന്തന്നെ ഇരുവരും ആ ഭാഗത്തേക്ക് കയര് എറിഞ്ഞു കൊടുത്തു. കയറില്പ്പിടിച്ച വീട്ടമ്മയെ യുവാക്കള് കരയിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. ആംബുലന്സില് വീട്ടമ്മയെ അടൂരിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
Kerala
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് തുണിയിടുന്നതിനിടയിൽ അഴയിൽനിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശി ശാരദ (62) ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 24 നായിരുന്നു സംഭവം.
വീട്ടുപണി നടക്കുന്നതിനാൽ തൊട്ടടുത്തായി താൽക്കാലികമായി നിർമ്മിച്ച ഷെഡിൽനിന്ന് ഇലക്ട്രിക് വയർ ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ എടുത്തിരുന്നു. വീടിന്റെ ഇരുമ്പ് കഴുക്കോലിൽനിന്ന് കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയിലേക്കാണ് ഇതിലൂടെ വൈദ്യുതി പ്രവഹിച്ചത്. തുണി കഴുകി ഈ അഴയിൽ ഇടാൻ ശ്രമിക്കുന്നതിനിടയിലാണ് ശാരദയ്ക്ക് ഷോക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ശാരദ പുലർച്ചെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
Kerala
കാഞ്ഞങ്ങാട്: എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ മാണിക്കോത്തെ മുട്ടത്ത് കരുണാകരന്റെ ഭാര്യ ആക്കോടൻ യശോദ (62)യാണ് മരിച്ചത്.
കടുത്ത പനിയും ചുമയും മൂലം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യശോദയെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. ഇതിനു ശേഷമാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാ റിപ്പോർട്ട് ലഭിച്ചത്.
ഇവരുമായിസമ്പർക്കത്തിൽ ഉണ്ടായിരുന്ന ഏഴുപേർക്ക് പനിയും ചുമയുമുൾപ്പെടെയുള്ള ലക്ഷണങ്ങളുള്ളതിനാൽ ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ അറിയിച്ചു.
ആരോഗ്യവിഭാഗം സ്ഥലത്തെത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യശോദയുടെ മക്കൾ: സുധീഷ് (വീൽ അലൈൻമെന്റ്, ഉദുമ), സുനിത (യുഎസ്എ). മരുമക്കൾ: ഭാഷിമ (മഞ്ചേശ്വരം), പ്രജിത്ത് (യുഎസ്എ).
Kerala
തൃപ്പൂണിത്തുറ: റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻതട്ടി വീട്ടമ്മ മരിച്ചു. ആലപ്പുഴ കൃഷ്ണപുരം പുള്ളികണക്ക് കരയിൽ അരുണോദയം വീട്ടിൽ അശോകന്റെ ഭാര്യ സരള (58) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഒന്പതോടെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.
കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ സരളയും ഭർത്താവും ഡ്യൂട്ടി കഴിഞ്ഞ് തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തി ട്രെയിനിൽ വീട്ടിലേക്ക് പോകുന്നതിനെത്തിയതാണ്.
ഇരുവരും റെയിൽപ്പാളം മുറിച്ചു കടക്കുന്നതിനിടെ ചെറിയ വേഗതയിൽ എത്തിയ ട്രെയിൻ സരളയെ തട്ടുകയായിരുന്നു. ഉടൻ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ അശോക് (സൗദി അറേബ്യ), അഖിൽ അശോക് (ടെക്നോപാർക്ക്).
Kerala
കോതമംഗലം: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന സിനി ബിജു (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൈയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവ് ബിജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകത്തിന് പിന്നിൽ അടിമുടി ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ബിജു തന്നെയാകാം സിനിയെ വെട്ടിക്കൊന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.
ആശുപത്രിയിൽ കഴിയുന്ന ബിജുവിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ സംഭവത്തിന്റെ യഥാർഥ ചിത്രം വ്യക്തമാകൂ. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
District News
കൊട്ടാരക്കര: സ്വകാര്യ ബസിനുള്ളില് വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഓടനാവട്ടം കൊച്ചാലുംമൂട് തോമ്പിയില് വീട്ടില് പൊന്നുക്കുട്ടി (62)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11ന് ഓടനാവട്ടം -കൊട്ടാരക്കര റൂട്ടില് സര്വീസ് നടത്തുന്ന ആഞ്ജനേയ ബസ് ബ്രേക്ക് ചെയ്തപ്പോള് മറിഞ്ഞു വീഴുകയായിരുന്നു.
തലയടിച്ചാണു വീണത്. ബസ് ജീവനക്കാര് ഉടന്തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് എത്തിച്ചു. പ്രഥമ ചികിത്സയ്ക്കു ശേഷം പൊന്നുക്കുട്ടി വീട്ടിലേക്കു മടങ്ങുകയും ചെയ്തു. വീട്ടില് എത്തിയ പൊന്നുക്കുട്ടിക്ക് ശരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടര്ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. ഭര്ത്താവ് ശിവശങ്കരന് ആചാരി മൂന്നുമാസം മുന്പ് മരിച്ചിരുന്നു. മക്കള്. മഹേഷ്, മുകേഷ്, മഹേശ്വരി. മരുമകന് പി.എ. രാജേഷ്.
District News
കുമ്പള: കാണാതായ വീട്ടമ്മയെ ക്ഷേത്രക്കുളത്തില് മുങ്ങിമരിച്ച നിലയില് കണ്ടെത്തി. സീതാംഗോളി എടനാട് സഹകരണബാങ്കിനു സമീപത്തെ എം.സുനിത (48) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. ഇന്നലെ രാവിലെ ഭര്ത്താവ് രാമകൃഷ്ണ എഴുന്നേറ്റ് നോക്കുമ്പോഴാണ് സുനിതയെ കാണാനില്ലെന്ന വിവരം അറിയുന്നത്. സമീപപ്രദേശങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്ന്ന് കുമ്പള പോലീസില് പരാതി നല്കി.
പോലീസ് അന്വേഷണത്തിലെ ഇന്നലെ വൈകുന്നേരം നാലോടെ വീട്ടില് നിന്നും രണ്ടരകിലോമീറ്ററോളം അകലെയുള്ള കുമ്പള മുജ്ജംഗാവ് ക്ഷേത്രകുളത്തില് മരിച്ച നിലയില് കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്ട്ടത്തിനായി കാസര്ഗോഡ് ജനറല് ആശുപത്രിയിലേക്ക് മാറ്റി. മകന്: ധനുഷ് കുമാര് (ഐടി, ബംഗളൂരു).
Kerala
കൊച്ചി: കടം വാങ്ങിയ 4.3 ലക്ഷം രൂപ തിരികെ ചോദിച്ച വീട്ടമ്മയെ പൊതുജനമധ്യത്തില് അവഹേളിച്ചുവെന്ന പരാതിയില് കോടതി നിര്ദേശപ്രകാരം ദമ്പതികള്ക്കെതിരെ ഞാറക്കല് പോലീസ് കേസെടുത്തു. നായരമ്പലം വെളിയത്തു പറമ്പ് സ്വദേശിയായ വീട്ടമ്മയുടെ പരാതിയില് എളങ്കുന്നപ്പുഴ സ്വദേശികളായ അജീഷ്, സീന എന്നിവര്ക്കെതിരെയാണ് കേസ്.
2022 മേയ് ഒന്നിനും 2023 ഒക്ടോബര് 31നും ഇടയില് ആദ്യം രണ്ടു ലക്ഷം രൂപയും പിന്നീട് സ്വര്ണം പണയം വെച്ച് 2.30 ലക്ഷം രൂപയുമാണ് വീട്ടമ്മ ദമ്പതികള്ക്ക് നല്കിയത്. വീട്ടമ്മ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.
ഉടന് തിരികെ നല്കാം എന്നായിരുന്നു വാഗ്ദാനം. എന്നാല് പണം നല്കാതെ വന്നപ്പോള് തിരികെ ചോദിച്ചതോടെ പ്രതികള് ഇവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില് പറയുന്നത്.
District News
തുറവൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനായി കേബിളുകൾ സ്ഥാപിക്കുന്ന ജോലിക്കിടെ കേബിൾ കഴുത്തിൽ വീണ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുമലഭാഗം മകയിരം വീട്ടിൽ അളിതാ ബാബുവിനാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. ജോലിക്കിടെ കേബിൾ വീണ് അളിതാ ബാബുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും എല്ല് പൊട്ടുകയും ചെയ്തു.
ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനാൽ ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതിരുന്നതാണ് അപകടത്തിനു കാരണമായതെന്ന് പ്രദേശവാസികളും വ്യാപാരികളും ആരോപിച്ചു.
Kerala
കൊച്ചി: മോഷണ ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി വീട്ടിൽ എബിൻ ടോമി (27) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ പത്താം തീയതി വൈകുന്നേരം കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ കയറിയ പ്രതി അലമാരയുടെ താഴ് കുത്തിത്തുറന്ന് മോഷണശ്രമം നടത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ ഒളിച്ചിരുന്ന പ്രതി വീട്ടമ്മ എത്തിയതിനിടെ അതിക്രമം നടത്തി.
വാഴക്കുളം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ഇരുചക്ര വാഹനത്തിലാണ് ഇയാൾ വീട്ടിലേക്ക് എത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പിടികൂടിയത്.
പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി, കോതമംഗലം, വാഴക്കുളം, പൂവ്വാർ മുട്ടം, ആലപ്പുഴ നോർത്ത് തുടങ്ങിയ സ്റ്റേഷനുകളിൽ പത്തിലേറെ കേസുകളിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ എബിൻ ടോമി.
District News
കണ്ണൂർ: ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. എളയാവൂർ റൂറൽ വർക്കേഴ്സ് നഗറിലെ മാധവി നിവാസിൽ വി. മാധവിയാണ് (55) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഏച്ചൂരിൽ നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: എം. അറുമുഖൻ. മക്കൾ: രചന, രഞ്ജിത്ത്, രജിത്ത്. മരുമക്കൾ: മുരുകൻ, വിദ്യാഭാരതി, അമിഷ.
Kerala
കൊച്ചി: എറണാകുളം വൈപ്പിനില് വീട്ടമ്മയ്ക്കെതിരെ നഗ്നതാ പ്രദര്ശനം നടത്തിയ അയല്വാസികള്ക്കെതിരെ കേസ്. ഞാറക്കല് സ്വദേശി പോൾ, മകൻ ആന്റണി പോള് എന്നിവര്ക്കെതിരെയാണ് വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തത്.
ഞാറക്കല് ജയ്ഹിന്ദ് മൈതാനത്തിന് സമീപമാണ് സംഭവം. ഇവര്ക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്ഡില് പരാതി നല്കിയതിന്റെ വൈരാഗ്യത്തിലാണ് വീട്ടമ്മയെ അസഭ്യം പറയുകയും തുടര്ന്ന് നഗ്നതാ പ്രദര്ശനം നടത്തുകയും ചെയ്തത്. പിന്നാലെ വീട്ടമ്മ ഞാറക്കല് പോലീസില് പരാതി നല്കുകയായിരുന്നു.
Kerala
കൊച്ചി: വൈപ്പിനില് വാടക കാലാവധി കഴിഞ്ഞ വീട് ഒഴിഞ്ഞു കൊടുക്കാന് ആവശ്യപ്പെട്ട വീട്ടുടമയെ താമസക്കാരന് ആക്രമിച്ചതായി പരാതി. എളങ്ങുന്നപ്പുഴ സ്വദേശിനിയാണ് ഞാറക്കല് പോലീസില് പരാതി നല്കിയത്. ഇവരുടെ നായരമ്പലം തയ്യെഴുത്ത് വഴിയിലുള്ള പുതുകുളങ്ങര വീട്ടില് വാടകക്ക് താമസിക്കുന്ന റെജി എന്നയാള്ക്കെതിരെയാണ് പരാതി നൽകിയത്.
സംഭവത്തിൽ പോലീസ് കേസെടുത്തു. വീട്ടുടമയായ വീട്ടമ്മയെയും ഇവരുടെ മാതാവിനെയും താമസക്കാരന് കൈയേറ്റം ചെയ്യുകയും മാനഹാനി വരുത്തുന്ന രീതിയില് പെരുമാറുകയും അസഭ്യവർഷം നടത്തുകയും ചെയ്തതായാണ് പരാതി.
District News
ചെങ്ങന്നൂർ: തിരുപ്പതി ദർശനം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുകയായിരുന്ന വീട്ടമ്മ ട്രെയിനിൽ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം കരമന, ടിസി. 20/1982-ൽ താമസിക്കുന്ന മനോഹരന്റെ ഭാര്യ തിലകം (65) ആണ് മരിച്ചത്. പൂനെ - കന്യാകുമാരി എക്സ്പ്രസിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവർ. ഇന്നലെ രാവിലെ ആറിന് ട്രെയിൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് അവശനിലയിലായതായി ഭർത്താവ് മനോഹരന്റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉടൻതന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Kerala
പാറശാല: വീടിനു സമീപത്ത് ഇടിഞ്ഞുവീണ കൂറ്റന് പാറയ്ക്കടിയിൽപ്പെട്ട വീട്ടമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു. പളുകല് പുലക്കാവിളയ്ക്കു സമീപം കുഴിവിള വീട്ടില് മണിയന്റെ ഭാര്യ രാജകുമാരി (50)യാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
ഇന്നലെ പുലര്ച്ചെ 5.30ന് ശുചിമുറിയില് കയറിയ സമയത്താണ് അപകടം. സമീപത്തുള്ള പാറ അടര്ന്നു മാറി ശുചി മുറിക്ക് മുകളിലേക്കു വീഴുകയായിരുന്നു. തകര്ന്ന ശുചിമുറിക്കും പാറയ്ക്കും അടിയില്പ്പെട്ട വീട്ടമ്മയെ പാറശാല അഗ്നിശമനവിഭാഗവും പോലീസും ചേര്ന്ന് പുറത്തെടുത്തു.
വീടിനു സമീപത്തെ മതില് പൊളിച്ചുമാറ്റി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പാറ മാറ്റിയത്. വീട്ടമ്മയുടെ അരയ്ക്കു താഴെ പരിക്കേറ്റു. ഇവരെ കാരക്കോണം മെഡിക്കല്കോളജിലേക്കു മാറ്റി. പ്രദേശത്തെ കനത്ത മഴയാണ് അപകടത്തിനു വഴിവച്ചത്.
Kerala
ഫോർട്ടുകൊച്ചി: വെര്ച്വല് അറസ്റ്റിലൂടെ മട്ടാഞ്ചേരി സ്വദേശിനിയില്നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസില് ഒരാള് കൂടി അറസ്റ്റിൽ. ആസാം സ്വദേശി ബിഷ്ണു ഹസാരികയാണു പിടിയിലായത്. കേസില് പതിനൊന്നാം പ്രതിയാണിയാള്.
മട്ടാഞ്ചേരി ആനവാതില് സ്വദേശിനിയായ വീട്ടമ്മയ്ക്കാണു തട്ടിപ്പിലൂടെ പണം നഷ്ടമായത്. മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറന്സി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരില് മുംബൈ തിലക് നഗര് പോലീസ് സ്റ്റേഷനില് എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും ഈ കേസില് വെര്ച്വല് അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.
കേസിൽനിന്ന് ഒഴിവാക്കി തരാമെന്നു പറഞ്ഞ് പല തവണകളയി പ്രതികള് പണം തട്ടിയെടുക്കുകയായിരുന്നു. വീട്ടമ്മയുടെ വാട്സാപ് നമ്പറിലേക്ക് കേസിലെ പ്രതിയായ സന്തോഷിന്റെ നമ്പറില്നിന്നും വീഡിയോ കോള് ചെയ്താണു തട്ടിപ്പ് നടത്തിയത്.
വീഡിയോ കോളില് വ്യാജ കോടതിയും പോലീസ് സ്റ്റേഷനും സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. വ്യാജ കോടതിയും സാക്ഷികളെയും കാണിച്ച് പ്രതികൾ വീട്ടമ്മയെ വിശ്വസിപ്പിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ വൻതുക ആവശ്യപ്പെട്ട സംഘം പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സ്വർണം പണയം വച്ചും തുക നൽകിയിരുന്നു.
തുടർന്ന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി ഇവർ പോലീസ് സ്റ്റേഷനിലെത്തിയതോടെയാണു തട്ടിപ്പ് പുറംലോകം അറിഞ്ഞത്. കേസിൽ നേരത്തേ പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
മൂവാറ്റുപുഴ: എറണാകുളം വാഴക്കുളത്ത് ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടര് യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന് കണ്ടത്തില് മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.50 ഓടെ വാഴക്കുളം അഞ്ചാം മൈലിലായിരുന്നു അപകടം.
തൊടുപുഴ ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന അങ്കമാലിയിലെ റൈസ് കമ്പനിയുടെ ലോറി, തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന അനീഷയുടെ സ്കൂട്ടറിലേക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അനീഷ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി, പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുനല്കും.
Kerala
ആലപ്പുഴ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. എടത്വാ ഒലക്കപാടിൽ പി.സി. ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30 ന് എടത്വാ- തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു അപകടം.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാർജ് ചെയ്ത ശേഷം മകനും ബന്ധുവിനുമൊപ്പം വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് കാർ മരത്തിൽ ഇടിച്ചത്.
പോലീസ് എത്തി ഏലിക്കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന മകൻ റോൺസിക്കും ബന്ധുവായ ഒലക്കപാടിൽ ലാലിച്ചന്റെ മകൻ ലിജിനും കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് മേൽ നടപടി സ്വീകരിച്ചു.
Kerala
കാസര്ഗോഡ്: ഇന്റര്സിറ്റി എക്സ്പ്രസിനുനേരേ കല്ലേറ്. യാത്രക്കാരിയുടെ കണ്ണിനുതാഴെ പരിക്കേറ്റു. നീലേശ്വരം ആലിന്കീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി. അനിത(48)യ്ക്കാണു പരിക്കേറ്റത്. വലതുകണ്ണിന് താഴെയാണു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പള്ളിക്കര പൂച്ചക്കാടിനു സമീപമായിരുന്നു സംഭവം.
മംഗളൂരുവില്നിന്നു കണ്ണൂര് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനിനുനേരേയാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ മധ്യഭാഗത്തുള്ള കംപാര്ട്ട്മെന്റിലാണ് വീട്ടമ്മ ഇരുന്നിരുന്നത്. ജനാലക്കമ്പിയില് തട്ടിയ കല്ല് തെറിച്ച് കണ്ണില് പതിക്കുകയായിരുന്നു.
വീട്ടമ്മയുടെ കണ്ണട പൊട്ടി ചിതറി കണ്ണിനു താഴെയായി മുറിവേറ്റു. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. കാസര്ഗോഡ് റെയില്വേ എസ്ഐ സി.എസ്. സനില്കുമാറിന്റെ നേതൃത്വത്തില് അന്വേഷണം ആരംഭിച്ചു.
District News
നാദാപുരം: വീട്ടുമുറ്റത്ത് വൈദ്യുതാഘാതമേറ്റ വീട്ടമ്മയ്ക്ക് തുണയായി പോലീസുകാരന്റെ ഇടപെടൽ. വിലങ്ങാട് സ്വദേശിനി പുൽപ്പറമ്പിൽ എൽസി (62) നാണ് അയൽവാസിയും നാദാപുരം കൺട്രോൾ റൂമിലെ സിപിഒയുമായ തണ്ണിപ്പാറ ബിനോജിന്റെ സാഹസികമായ ഇടപെടൽ തുണയായത്.
കഴിഞ്ഞ ദിവസം രാവിലെ 10.30ന് എൽസിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയതായിരുന്നു ബിനോജ്. കയ്യിൽ വൈദ്യുതി കമ്പി ചുറ്റി വരിഞ്ഞ നിലയിൽ നിലത്ത് വീണ് പിടയുന്ന എൽസിയെ ആണ് ബിനോജ് കാണുന്നത്. ബിനോജിനെ കൂടാതെ അയൽ വീട്ടുകാരായ സ്ത്രീകളും സ്ഥലത്ത് എത്തിയിരുന്നു.
മരക്കമ്പ് കൊണ്ട് വീട്ടമ്മയെ രക്ഷിക്കാൻ ആദ്യ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ബിനോജും, സുഹൃത്തായ ബിജു കുറ്റിക്കാട്ടിലും ചേർന്ന് തോർത്ത് ഉപയോഗിച്ച് വീട്ടമ്മയെ വൈദ്യുതാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അപ്പോഴെക്കും വായിൽ നിന്നും നുരയും പതയും വന്ന് വീട്ടമ്മ അവശനിലയിലായിരുന്നു.
കാലിനും സാരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. സ്ഥലത്തുണ്ടായിരുന്ന സ്ത്രീകൾ ചേർന്ന് ബിജുവിന്റെ നേതൃത്വത്തിൽ വീട്ടമ്മക്ക് സിപിആർ നൽകുകയും എൽസിയെ പിന്നീട് നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വീട്ടിൽ എർത്തിന്റെ പ്രവൃത്തി നടന്ന് വരികയായിരുന്നു. ഇന്നലെ രാവിലെ മുറ്റമടിക്കുന്നതിനിടയിൽ എർത്ത് കമ്പിയിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
മഴയിൽ മീറ്ററിൽ നിന്ന് വൈദ്യുതി എർത്തിലേക്ക് പ്രവഹിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. വീട്ടമ്മ അപകടനില തരണം ചെയ്തു.
Kerala
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്ഡിനുള്ളില് ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹാന്ഡ്ലൂം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പാര്ട്ട് ടൈം ജീവനക്കാരിയായ നട്ടാശേരി ഞള്ളക്കാട്ട് സി.ഡി. റോസ് (ഓമന-69) ആണ് അപകടത്തില് മരിച്ചത്. ഇന്നലെ രാവിലെ 9.45നാണു സംഭവം.
സ്റ്റാന്ഡില് വന്നിറങ്ങിയ അതേ ബസിനു മുന്നിലൂടെ റോസ് നടക്കുമ്പോഴാണ് അപകടമുണ്ടായത്. ഇറഞ്ഞാല്-തിരുവഞ്ചൂര് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. ഇതേ ബസിലാണ് സ്ഥിരമായി റോസ് കോട്ടയത്ത് ജോലിസ്ഥലത്തേക്ക് എത്തുന്നത്. തിരുനക്കര സ്റ്റാന്ഡിലെ ബസ് ബേയില് നിര്ത്തിയപ്പോള് റോസ് ബസില്നിന്നിറങ്ങി ബസിന്റെ ഇടതുവശം ചേര്ന്ന് മറികടക്കുമ്പോള് യാത്രക്കാരി മുന്നിലുള്ളത് അറിയാതെ ഡ്രൈവര്, ബസ് മുന്നോട്ട് എടുത്തപ്പോള് ഇതിനടിയില് പെടുകയായിരുന്നു.
ഇടതുവശത്തെ മുന്ചക്രമാണ് റോസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ശബ്ദം കേട്ട ഉടന്തന്നെ യാത്രക്കാരും പോലീസും ചേര്ന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കല് കോളജില് എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വയറിനും മുഖത്തുമാണ് പരിക്കേറ്റിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കല് കോളജ് മോര്ച്ചറിയില്. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടര്നടപടികള് സ്വീകരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭര്ത്താവ്: കെ.ജെ. ചാക്കോ (റിട്ട. ഹെഡ്മാസ്റ്റര്, സിഎംഎസ് എല്പിഎസ് കോട്ടയം). മക്കള്: ആശ, അനിഷ, അനില്. മരുമക്കള്: രാജന്, കുഞ്ഞുമോന്, സോഫിയ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അടിച്ചിറ ന്യൂമാന് വര്ഷിപ്പ് സെമിത്തേരിയില്.
District News
കൂറ്റനാട്: കൊപ്പം പോലീസ് സ്റ്റേഷനു സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിളയൂർ കൂരാച്ചിപ്പടിയിൽ കണ്ടത്തൊടി വീട്ടിൽ കാസിമിന്റെ ഭാര്യ ഫാത്തിമ സുഹറ(43) യാണ് മരിച്ചത്. കൊപ്പം ഭാഗത്തുനിന്ന് വിളയൂരിലേക്ക് ഇളയ മകൻ ഷമീലുമൊത്ത് സ്കൂട്ടറിൽ വരികയായിരുന്നു സുഹറ. എതിർദിശയിൽനിന്ന് വന്നിരുന്ന ലോറിയിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ സുഹറയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ മകൻ ഷമീൽ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭർത്താവ് കാസിം വിദേശത്താണ്. മറ്റുമക്കൾ: മുഹമ്മദ് സഫീർ, ഫാത്തിമ സഫ്ല.
Kerala
കൊച്ചി: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി ഭാഗത്ത് നെടിയാമലയിൽ വീട്ടിൽ അനന്തകൃഷ്ണനെ (21) ആണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുൻ വൈരാഗ്യം മൂലം തന്റെ മകനെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഏപ്രിൽ 28ന് രാത്രി ഒൻപതിനായിരുന്നു സംഭവം.
എസ്ഐമാരായ ചാർലി തോമസ്, എൻ.എസ്. റോയ് , സി.ബി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി. രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ ടിക്കറ്റിൽ വിജയിച്ചവരിൽ എട്ടു മാസം ഗർഭിണിയായ വീട്ടമ്മയും. ചെന്നൈയിലെ തിരു വി കാ നഗർ മണ്ഡലത്തിൽ പല്ലവി (36) എന്ന വീട്ടമ്മയാണു കന്നിയങ്കത്തിൽ വിജയിച്ചത്.
പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിച്ചുള്ള പല്ലവി 22,333 വോട്ടിനാണ് ഡിഎംകെ സ്ഥാനാർഥി കെ.എസ്. രവിചന്ദ്രനെ പരാജയപ്പെടുത്തിയത്.
പൂർണ ഗർഭിണിയായിരിക്കേ വീടുവീടാന്തരം കയറി പല്ലവി പ്രചാരണം നടത്തിയതു ശ്രദ്ധേയമായിരുന്നു. ഒരിക്കൽ കുഴഞ്ഞുവീണ സംഭവമുണ്ടായെങ്കിലും പല്ലവി പ്രചാരണം തുടർന്നു.
ഡോക്ടർമാർ വിശ്രമത്തിനു നിർദേശിച്ചിരിക്കുന്നതിനാൽ വിജയത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ പല്ലവിക്കു കഴിഞ്ഞിട്ടില്ല. വിജയിന്റെ കടുത്ത ആരാധികയാണു പല്ലവി. ടിവികെ രൂപവത്കരിച്ച ഉടൻ അംഗത്വമെടുത്തു.
Kerala
മുക്കം: കിണറ്റില്നിന്നും വെള്ളം കോരാന് ഉപയോഗിക്കുന്ന കപ്പിയിലെ കയറില് ശംഖുവരയന് പാമ്പ്. തൊട്ടി കിണറ്റിലേക്ക് ഇറക്കുന്നതിനിടെ വീട്ടമ്മയുടെ കൈ പാമ്പിനെ സ്പര്ശിക്കുകയും ചെയ്തു.
അസാധാരണമായ എന്തോ ഒന്ന് കൈയില് തട്ടിയെന്നറിഞ്ഞ് വീട്ടമ്മ നോക്കുമ്പോള് കയറില് ചുറ്റിപ്പിണഞ്ഞിരിക്കുന്ന പാമ്പ്. നിലവിളിച്ചുകൊണ്ട് വീട്ടമ്മ ഓടി രക്ഷപ്പെട്ടു.
കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടില് ഇന്നലെ രാവിലെയാണ് സംഭവം.
പതിവുപോലെ വെള്ളം കോരാന് വീട്ടമ്മ സല്മത്ത് വീട്ടുമുറ്റത്തെ കിണറിന്റെ പരിസരത്ത് എത്തിയതായിരുന്നു. ഒരു മീറ്ററോളം നീളമുള്ള വിഷപ്പാമ്പാണ് കയറില് ഉണ്ടായിരുന്നത്.
വീട്ടമ്മയുടെ നിലവിളി കേട്ട് പരിസരവാസികള് ഓടിയെത്തി. പാമ്പിനെ കയറില്നിന്ന് മാറ്റാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്തന്നെ വീട്ടുകാര് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസില് വിവരമറിയിച്ചു. വനംവകുപ്പിനു കീഴിലുള്ള സ്നേക്ക് റെസ്ക്യൂ ടീമിലെ ബാബു വെള്ളങ്ങല് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
നേരത്തെയും ഈ പ്രദേശത്തുനിന്ന് ധാരാളം പാമ്പുകളെ വനംവകുപ്പിന്റെ നേതൃത്വത്തില് പിടികൂടിയിട്ടുണ്ട്. കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങള് ധാരാളമുള്ള സ്ഥലമാണ് മുരിങ്ങംപുറായ്.
Kerala
രാമപുരം: വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. രാമപുരം നെല്ലിയാനിയാനിക്കുന്ന് ദേവസ്വം പടവില് ബാബുവിന്റെ ഭാര്യ അനിത ബാബു (54) നാണു കടിയേറ്റേത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
മഴ പെയ്തപ്പോള് വീട്ടുമുറ്റത്ത് വച്ചിരുന്ന ജാറില്നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. ചേര്പ്പുങ്കല് മാര് സ്ലീവാ മെഡിസിറ്റിയില് പ്രവേശിപ്പിച്ചു. അണലി ഇനത്തില്പ്പെട്ട പാമ്പാണു കടിച്ചത്.
Kerala
പിറവം: പാമ്പാക്കുടയിൽ പുകപ്പുരയോടു ചേർന്നുള്ള അടുക്കളയിൽനിന്ന് തീ പടർന്നു പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു.
കൈനി പുത്തുർ പാലപ്പിള്ളിൽ അർണോൾഡിന്റെ ഭാര്യ ബീന (61) യാണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ റബർ ഷീറ്റ് പുകയ്ക്കുന്ന പുരയോടു ചേർന്നാണ് വിറക് അടുക്കള.
പൊള്ളലേറ്റ ബീനയെ ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിറവം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മക്കൾ: അനിറ്റ, എലിസബത്ത്. മരുമക്കൾ: റിഞ്ചു, എൽദോസ്.
Kerala
ആലപ്പുഴ: കായംകുളത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 42-കാരി സെലീന മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സെലീനയ്ക്ക് കൃത്യസമയത്ത് ആന്റി വെനം ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സകൾ നൽകുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്ന് പിതാവ് സമീർ ആരോപിച്ചു. സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. പാമ്പ് കടിയേറ്റാൽ നൽകേണ്ട പ്രാഥമിക ഔഷധമായ ആന്റി വെനം നൽകുന്നതിൽ ആശുപത്രി അധികൃതർ കാലതാമസം വരുത്തിയെന്നാണ് പ്രധാന ആരോപണം.
എന്നാൽ സെലീനയെ എത്തിച്ചപ്പോൾ പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നില്ലെന്നും ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ഈ വാദത്തെ കുടുംബം പൂർണമായും തള്ളിക്കളഞ്ഞു.
Kerala
കോഴിക്കോട്: ക്ഷേത്രോത്സവത്തില് നൃത്തം അവതരിപ്പിക്കവേ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പാലാഴി വാഴയില് എം.എന്. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്.
ചിറക്കല് ശിവഭഗവതി ക്ഷേത്രത്തില് നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് മരണം. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കടുത്ത ചൂടിനെ തുടര്ന്ന് സ്റ്റേജില് കുഴഞ്ഞുവീഴുകയായിരുന്നു.
District News
അഞ്ചല്: പനയഞ്ചേരി പാതയില് പോലീസ് സ്റ്റേഷനു സമീപം കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പനയഞ്ചേരി വിജയ വിലാസത്തില് രാധാമണി അമ്മ (60) യാണ് മരിച്ചത്.
ഇക്കഴിഞ്ഞ 22 നു രാവിലെയായിരുന്നു അപകടം. നടന്നു വരികയായിരുന്ന രാധാമണി അമ്മയെ എതിര് ദിശയില് എത്തിയ കാര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അഞ്ചല് സര്ക്കാര് ആശുപത്രിയിലെ സ്വീപ്പറായി ജോലി ചെയ്തുവരികയായിരുന്നു രാധാമണി അമ്മ. ശ്രീജിത്ത് മകനാണ്.
Kerala
കൊച്ചി: ലിംഫോമ അര്ബുദം ബാധിച്ച പുത്തന്വേലിക്കര സ്വദേശിയായ 64 കാരിയിൽ കാര് ടിസെല് തെറാപ്പി (കിമറിക് ആന്റിജന് റിസപ്റ്റര് ടിസെല്) വിജയകരമായി നടത്തി ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ.
ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളായ ടിസെല്ലുകളെ രോഗിയില്നിന്നും ശേഖരിച്ച് പ്രത്യേക ലബോറട്ടറിയില് വച്ച് ജനിതകമാറ്റം വരുത്തിയശേഷം തിരികെ പ്രവേശിപ്പിക്കുന്ന ചികിത്സാരീതിയാണിത്. ഇത്തരത്തില് മാറ്റം വരുത്തിയ കോശങ്ങള് ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാന്സര് കോശങ്ങളെ മാത്രം കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്നു.
സാധാരണ കീമോതെറാപ്പിയോടു ശരീരം പ്രതികരിക്കാത്ത അവസ്ഥയിലാണ് കാര് ടിസെല് തെറാപ്പിയുടെ സാധ്യതകള് പ്രയോജനപ്പെടുത്തുന്നത്. അത്യാധുനിക അഫറിസിസ് മെഷീന്റെ സഹായത്തോടെയാണു രക്തഘടകങ്ങള് വേര്തിരിച്ചെടുക്കുന്നത്. ആവശ്യമായ രക്തഘടകം മാത്രം തത്സമയം വേര്തിരിച്ചെടുത്ത് അവശേഷിക്കുന്നവ അതേസമയംതന്നെ തിരികെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നു.
പാർശ്വഫലങ്ങൾ കുറവ്
രാജഗിരി കാന്സര് സെന്ററിലെ ക്ലിനിക്കല് ഹെമറ്റോളജി വിഭാഗത്തിലെ ഡോ. റോയ് ജെ. പാലാട്ടി, ഡോ. നിഖില് എം. കുമാര് എന്നിവരാണു ചികിത്സയ്ക്ക് നേതൃത്വം നല്കിയത്. ഒറ്റത്തവണ ചികിത്സ എന്നതും പാര്ശ്വഫലങ്ങള് കുറവാണെന്നതും ചികിത്സയുടെ നേട്ടമാണെന്ന് ഡോ. റോയ് ജെ. പാലാട്ടി അഭിപ്രായപ്പെട്ടു.
മറ്റു ചികിത്സകളെ അപേക്ഷിച്ച് രോഗം തിരികെ വരാനുള്ള സാധ്യതയും ആശുപത്രിവാസവും താരതമ്യേന കുറവാണ്. മുന്കാലങ്ങളില് വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്നതിനാല് അതീവ ചെലവേറിയതായിരുന്ന ഈ ചികിത്സ, ഇപ്പോള് തദ്ദേശീയമായി കാര് ടി സെല് ഇന്ത്യയില്ത്തന്നെ വികസിപ്പിക്കാന് കഴിഞ്ഞത് രോഗികള്ക്ക് വലിയ ആശ്വാസമാണെന്ന് ഡോ. നിഖില് എം. കുമാര് പറഞ്ഞു.
കാന്സര് രോഗികള്ക്ക് പ്രതീക്ഷ നല്കുന്ന നൂതന ചികിത്സാരീതിയായ കാര് ടിസെല് തെറാപ്പിയിൽ തുടര്ച്ചയായി വിജയം കൈവരിച്ച ചികിത്സാസംഘത്തെ രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജോണ്സണ് വാഴപ്പിള്ളി അഭിനന്ദിച്ചു.
District News
തൊടുപുഴ: ധ്യാനകേന്ദ്രത്തിന്റെ പേരില് വീട്ടമ്മയില്നിന്നു 11 പവനോളം സ്വര്ണം തട്ടിയെടുത്ത കേസില് പ്രതികളായ രണ്ടു സ്ത്രീകള് കരിമണ്ണൂര് പോലീസില് കീഴടങ്ങി. തൊടുപുഴ കോലാനി താഴ്ചയില് ഉഷ സുധന് (40), പത്തനംതിട്ട പയനല്ലൂര് അയ്യപ്പഭവനം ദേവി (39) എന്നിവരാണ് പോലീസിനു മുമ്പാകെ കീഴടങ്ങിയത്.
ഇവര് മുന്കൂര് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാനാണ് കോടതി നിര്ദേശിച്ചത്. തുടര്ന്നാണ് ഇന്നലെ സ്റ്റേഷനില് ഹാജരായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജുഡീഷല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയെങ്കിലും ഇന്നു വീണ്ടും ഹാജരാക്കാന് കോടതി നിര്ദേശം നല്കി.
കരിമണ്ണൂര് പള്ളിക്കാമുറി പാഴൂക്കര സ്വദേശിനിയായ 66കാരിയെ കബളിപ്പിച്ച് സ്വര്ണം തട്ടിയെടുത്ത കേസിലാണ് ഇവര് പിടിയിലായത്. ഇതോടെ സംഭവത്തില് പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. തട്ടിപ്പിനു നേതൃത്വം നല്കിയ പുറപ്പുഴ ടെക്നിക്കല് ഹൈസ്കൂള് ജീവനക്കാരനായ തൊടുപുഴ കോലാനി പാറക്കടവ് ലക്ഷംവീട് കോളനിയില് വിജീഷ് അജയകുമാര് (34), അത്തവീട്ടില് സുലോചന ബാബു (44), മകള് അഞ്ജു ബാബു, അഞ്ചപ്ര വീട്ടില് ഷാജിദ സി. ഷെരീഫ് (29) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
അഞ്ചു തവണയായാണ് 11 പവൻ സ്വര്ണം ഇവര് തട്ടിയെടുത്തത്. സമാനരീതിയില് തട്ടിപ്പു നടത്തിയതിന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പാലാ പോലീസ് സ്റ്റേഷനിലും ഇവര്ക്കെതിരേ കേസുണ്ട്.
ലോഷന്, പപ്പടം, കത്തി എന്നിവ വില്ക്കാനെത്തുന്നവരെന്ന പേരിലാണ് പ്രതികള് വീടുകളില് എത്തിയിരുന്നത്. വീട്ടമ്മ തനിച്ചാണ് താമസിക്കുന്നതെന്നു മനസിലാക്കിയ പ്രതികള് വീടിനു ദോഷമുണ്ടെന്നും ഇതു മാറാന് ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില് പ്രത്യേക പ്രാര്ഥന നടത്തിയാല് മതിയെന്നും ഇവരെ ധരിപ്പിച്ചു. സ്വര്ണം ധ്യാനകേന്ദ്രത്തില് സമര്പ്പിച്ച് പ്രാര്ഥന നടത്തിയാല് ദോഷം മാറുമെന്നു വിശ്വസിപ്പിച്ചാണ് പല തവണയായി സ്വര്ണം കൈക്കലാക്കിയത്. വിജീഷായിരുന്നു തട്ടിപ്പിന്റെ പ്രധാന ആസൂത്രകന്.
വീട്ടമ്മയുടെ ബന്ധുക്കള് സമീപത്തുതന്നെയാണ് താമസിക്കുന്നത്. ഇവര്ക്കു തോന്നിയ സംശയമാണ് തട്ടിപ്പുവിവരം പുറത്തുവരാനിടയാക്കിയത്. പ്രതികള് ഇടയ്ക്കിടെ വീട്ടിലെത്തുന്നതും സ്വര്ണാഭരണങ്ങള് കാണാതായതുമാണ് സംശയത്തിനിടയാക്കിയത്. ആദ്യം വീട്ടമ്മ വിവരങ്ങളൊന്നും ബന്ധുക്കളോട് പറഞ്ഞിരുന്നില്ലെങ്കിലും കൂടുതല് സ്വര്ണം പോയതോടെ വിവരം പുറത്തു പറയുകയായിരുന്നു. ഇതോടെ ബന്ധുക്കള് കരിമണ്ണൂര് പോലീസില് പരാതി നല്കി. സമീപത്തെ സിസിടിവി കാമറകള് പരിശോധിച്ചതിനെത്തുടര്ന്നാണ് പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം തമ്പാനൂർ പോലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മരിച്ച കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.കെ. വിജിഷയുടെ സംസ്കാരം ബുധനാഴ്ചയാണ്.
അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വിജിഷയുടെ കുടുംബത്തിന്റെ ആരോപണം. വിജിഷയും വിജിഷയോടൊപ്പം പൊങ്കാലയ്ക്ക് പോയ മറ്റുള്ളവരും ഇക്കാര്യം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഉണ്ടായില്ല.
വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും വിജിഷയുടെ ഭർത്താവ് ദിനേശ് കുമാർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്ന വിജിഷയെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിജിഷ മരിച്ചത്.
District News
വെഞ്ഞാറമൂട് : കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. കോലിയക്കോടിനും വേളാവൂരിനും മധ്യേ സുന്ദരി മുക്കിൽ ഇന്നലെ രാവിലെ ഒന്പതിനായിരുന്നു അപകടം. കോലിയക്കോട് കിഴമലയ്ക്കൽ ശാന്തിദീപം വീട്ടിൽ ഗംഗ (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗംഗയും മകനും സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസും ഇടിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗംഗയുടെ ജീവൻ രക്ഷിക്കാനായില്ല.
Kerala
കടയ്ക്കാവൂർ: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അയിലം സ്വദേശി അജേഷ് (45) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയില്നിന്നാണ് പോലീസ് സംഘം കണ്ടെത്തിയത്
ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ വീട്ടില് തേങ്ങയിടാനായി എത്തിയതായിരുന്നു അജേഷ്. വീട്ടില് മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി, വീട്ടമ്മ വീടിനുള്ളിലേക്ക് കയറിയ സമയം നോക്കി പിന്നാലെ എത്തുകയായിരുന്നു.
വീടിന്റെ കതക് ഉള്ളില് നിന്നും കുറ്റിയിട്ട ശേഷം ഇയാള് വീട്ടമ്മയെ കടന്നുപിടിച്ചു. പ്രതിയുടെ പിടിയില് നിന്നും കുതറി മാറിയ വീട്ടമ്മ പുറത്തേക്കോടി രക്ഷപ്പെട്ടു. തുടർന്ന് അയല്വാസികളെ വിവരമറിയിക്കുകയും പോലീസില് പരാതി നല്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവില് പോയ പ്രതിക്കായി പോലീസ് തിരച്ചില് നടത്തിവരികയായിരുന്നു. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല് കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്ഐ സജിത്ത്, ഗ്രേഡ് എസ്ഐ ബിജു, എഎസ്ഐ ബിനു, സിപിഒമാരായ നജീം, മനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: ഉറക്കത്തിനിടെ വീട്ടമ്മയുടെ ഒന്നേമുക്കാലോളം പവന്റെ സ്വർണമാലയുമായി കടന്ന് മോഷ്ടാവ്. കോഴിക്കോട് ബേപ്പൂര് അരക്കിണറിൽ പുലർച്ച ഒന്നോടെയാണ് സംഭവം.
പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെല്ലിശേരി കുത്തുപ്പാറ പറമ്പില് ഷെര്ലി(49)യുടെ കഴുത്തില് നിന്നാണ് മാല മോഷ്ടിച്ചത്.
വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. ബേപ്പൂര് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
വൈപ്പിൻ: കിടപ്പു രോഗിയായ വയോധികയുടെ രണ്ടു പവന്റെ മാല കവർന്ന സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ. ഞാറക്കൽ പള്ളത്ത് വീട്ടിൽ ഓമന (58)യാണ് അറസ്റ്റിലായത്. ഞാറക്കൽ പുത്തൻവീട്ടിൽ സുജിത്തിന്റെ അമ്മയുടെ മാലയാണ് കവർന്നത് . കിടപ്പു രോഗിയായിരുന്ന വയോധികയെ കാണാൻ ഇവർ ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു. ഇതിനിടയിലാണ് മാല കവർന്നത്.
വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. മാല ഞാറയ്ക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വിറ്റതായും ഇവർ പോലീസിന് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കടയിൽ നിന്നും തൊണ്ടിമുതൽ വീണ്ടെടുത്തു. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
വൈപ്പിൻ: എറണാകുളം വൈപ്പിനിൽ പട്ടികജാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റിൽ. നായരമ്പലം കുടുങ്ങാശേരി കൊല്ലം പറമ്പിൽ ജെഫ്രിൻ ആണ് അറസ്റ്റിലായത്. ഈ മാസം 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് എത്തി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കി. ഇതിനിടയിൽ വീട്ടമ്മ കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് എസ്ഐ എസ്. അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: ഗുരുവായൂരിൽ പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി. ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു പുറകിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലിശയ്ക്ക് പണം വാങ്ങിയ ആബിദയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
ഒരു വർഷം മുമ്പ് ജുമൈല ആബിദയിൽ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകൻ ഷിനാസ് പറഞ്ഞു. പലിശയിനത്തിൽ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നൽകിയെങ്കിലും രണ്ടുമാസത്തോളം പണം നൽകാൻ സാധിച്ചില്ല.
ഇതേത്തുടർന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവനൊടുക്കിയത്.
National
ബംഗുളൂരു: കർണാടകയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ മരിച്ചു. ബംഗളൂരു നെലമംഗലയിലാണ് സംഭവം.
ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്.
ഭർത്താവ് ഓടിയെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ മദനായ്ക്കനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.
കുളത്തിൽ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് വനംവകുപ്പും നാട്ടുകാരും ചേർന്ന് പരിശോധന ആരംഭിച്ചിട്ടുണ്ട്. പുലിയെ പിടിക്കാൻ കൂടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
കാസര്ഗോഡ്: വിഷം ഉള്ളില്ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസര്ഗോഡ് കോളിച്ചാല് മൊട്ടയംകൊച്ചിയിലെ ബി.പി. ശോഭന (53) ആണ് മരിച്ചത്.
ശോഭന വെള്ളം കുടിച്ചുകൊണ്ടിരുന്ന ഗ്ലാസിൽ എലി വിഷം അബദ്ധത്തിൽ തെറിച്ചു വീണു. ഈ വെള്ളം കുടിച്ച ശോഭനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ശോഭനയെ ആദ്യം മംഗുളൂരുവിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില് പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല് കോളജിലേക്ക് മാറ്റിയെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
Kerala
പത്തനംതിട്ട: ഓപ്പറേഷന് കഴിഞ്ഞ് വീട്ടില് വിശ്രമിക്കുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് അയല്വാസിയായ യുവാവ് അറസ്റ്റില്.
ചിറ്റാര് മണക്കയം നിവരത്ത് കിഴക്കതില് അഭിജിത്ത് നായര് (കിച്ചു,22)നെയാണ് ചിറ്റാര് എസ്എച്ച്ഒ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തില് അറസ്റ്റ് ചെയ്തത്.
വീട്ടില് മറ്റാരും ഇല്ലാത്ത സമയം അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന് ശ്രമിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. കോടതിയില് ഹാജരാക്കി അഭിജിത്തിനെ റിമാന്ഡ് ചെയ്തു.
Kerala
കൊല്ലം: മുറ്റമടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. നീരാവിൽ കുളങ്ങര വീട്ടിൽ രാധാമണി (53) ആണ് മരിച്ചത്.
പുലർച്ചെ ആറോടെ മുറ്റമടിച്ചുകൊണ്ടിരിക്കെയാണ് രാധാമണിയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോട്ടറി വിൽപ്പനക്കാരിയാണ് രാധാമണി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: രമ്യ.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. വടക്കാഞ്ചേരി സ്വദേശിനി നിർമലയാണ് മരിച്ചത്. .
ആശുപത്രി അധികൃതരുടെ പിഴവു മൂലം വിദഗ്ധ ചികിത്സ ലഭിക്കുന്നതിലടക്കം കാലതാമസമുണ്ടായെന്ന് നിർമലയുടെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ജില്ലാ ആശുപത്രിയിലെ പരിമിതികളെ തുടർന്ന് രക്തസ്രാവമുണ്ടായപ്പോൾ മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ 16-ാം തീയതിയാണ് നിർമലയെ ശസ്ത്രക്രിയക്കായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഗുരുതര രക്തസ്രാവത്തെ തുടർന്ന് 18-ാം തീയതി തൃശൂർ മെഡിക്കൽ കോളജിൽ വച്ച് നിർമല മരിക്കുകയായിരുന്നു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
District News
നെടുമങ്ങാട്: അമ്മയും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ അമ്മ മരിച്ചു. ആനാട് താഴേ പുനവക്കുന്ന് റോഡരികത്തു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (40)ആണ് മരിച്ചത്. പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
നെടുമങ്ങാടിനു സമീപം പഴകുറ്റി പെട്രോൾ പമ്പിനു മുന്നിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മൂവരെയും നാട്ടുകാർ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹസീന മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ബാദുഷ(ഗൾഫ്)യാണ് ഹസീനയുടെ ഭർത്താവ്.
Kerala
കൊച്ചി: അങ്കമാലിയില് ടാങ്കര് ലോറി സ്കൂട്ടറില് ഇടിച്ച് വീട്ടമ്മ മരിച്ചു. അങ്കമാലി സ്വദേശി ഷേര്ളി മാര്ട്ടിന് - 51 ആണ് മരിച്ചത്.
കരിയാട് സിഗ്നലില് വെള്ളിയാഴ്ച രാത്രി പത്തിന് ശേഷമാണ് അപകടം നടന്നത്. അമിതവേഗത്തില് വന്ന ടാങ്കര് വന്ന് ഇടിക്കുകയായിരുന്നു. ഷേര്ളി തല്ക്ഷണം മരിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തില് എയര് ഇന്ത്യയുടെ കരാര് ജീവനക്കാരിയായിരുന്നു ഷേര്ളി. ജോലി കഴിഞ്ഞ് മകനൊപ്പം സ്കൂട്ടറില് വരുന്ന വഴിക്ക് കരിയാട് സിഗ്നലില് നിന്നും യൂടേണ് എടുക്കുന്നതിനിടെ അമിതവേഗത്തില് വന്ന ടാങ്കര് വന്ന് ഇടിക്കുകയായിരുന്നു.
മൃതദേഹം അങ്കമാലി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭര്ത്താവും വിമാനത്താവളത്തിലെ ജീവനക്കാരനാണ്.