ഏഴാച്ചേരി: അപകടഭീഷണി കണക്കിലെടുത്ത് മുറിച്ചുമാറ്റിയ കൂറ്റൻ ആഞ്ഞിലിമരം ഒന്നര വർഷമായി വഴിയരികിൽ കിടന്ന് നശിക്കുന്നു. ഏഴാച്ചേരി ജി.വി. യുപി സ്കൂളിന് സമീപം പുറമ്പോക്കില്‍ നിന്ന ആഞ്ഞിലി മരമാണ് റവന്യൂ അധികൃതരുടെ ഇടപെടലിനെ തുടർന്ന് ഒന്നര വർഷം മുമ്പ് മുറിച്ചുമാറ്റിയത്. മുറിച്ച മരം ക്രെയിനിന്റെ സഹായത്തോടെ തൊട്ടടുത്തുള്ള പിഡബ്ല്യുഡി റോഡുവക്കിലേക്ക് തള്ളുകയായിരുന്നു.
ഏകദേശം നൂറിഞ്ച് വണ്ണമുള്ള വിലപിടിപ്പുള്ള തടി ഒന്നര വര്‍ഷത്തോളമായി മഴയും വെയിലുമേറ്റ് വഴിയരുകില്‍ കിടക്കുകയാണ്. പുറമ്പോക്ക് പഞ്ചായത്തിന്റേതാണെങ്കില് പഞ്ചായത്ത് അധികൃതരും, പിഡബ്ല്യുഡി പുറമ്പോക്കാണെങ്കില്‍ പിഡബ്ല്യുഡി അധികൃതരുമാണ് ഫോറസ്റ്റ് അധികൃതരെക്കൊണ്ട് ഇതിന് വിലയിടീച്ച് ലേലനടപടികള്‍ നടത്തേണ്ടത്. എന്നാല്‍ ഇരു വകുപ്പും നിലവില്‍ ഇത് ഏറ്റെടുക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്.
മാത്രമല്ല വഴിയരുകില്‍ ഇട്ടിരിക്കുന്നതിനാല്‍ രണ്ട് വാഹനങ്ങള്‍ വന്നാല്‍ സൈഡ് ചേര്‍ന്ന് പോകാനും ബുദ്ധിമുട്ടുണ്ട്. തടിക്ക് നല്ല കാതലുണ്ടെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. ലേല നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ സര്‍ക്കാരിന് പണം കിട്ടുന്നതിനൊപ്പം ഏറ്റെടുക്കുന്നവര്‍ക്കും എന്തെങ്കിലും പ്രയോജനം ഉണ്ടായേനെ.
വഴിയരുകില്‍ കിടക്കുന്ന തടിക്ക് മുകളിൽ കാട്ടുപടർപ്പുകളും പുല്ലുകളും വളർന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചതായി പരിസരവാസികള്‍ പറയുന്നു.