മണ്ണാർക്കാട്: പഴുത്ത ചക്കയും മാങ്ങയും സുലഭമായതോടെ ഒരിടവേളക്കുശേഷം തിരുവിഴാംകുന്ന് മേഖലയിൽ വീണ്ടും കാട്ടാനകളുടെ താണ്ഡവം. തിരുവിഴാംകുന്ന് മേഖലയിൽ കാടിറങ്ങുന്ന കാട്ടാനകളെ വനംവകുപ്പ് തുരത്തുന്നുണ്ടെങ്കിലും അതിർത്തിയിലെ വനമേഖലകളിൽ നിലയുറപ്പിക്കുന്ന കാട്ടാനകൾ രാത്രിയിൽ വീണ്ടും ജനവാസമേഖലകളിലേക്കെത്തുന്നതാണ് പ്രശ്നം.
കാട്ടാനയിറങ്ങുന്നതു മൂലം പൊറുതിമുട്ടിയ നാട്ടുകാർ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. വനാതിർത്തികളിലുള്ള തോട്ടങ്ങളിലെ ചക്കയും മാങ്ങയും കഴിക്കാനാണ് കാട്ടാനകൾ കൂട്ടമായി എത്തുന്നത്.
ഇവ പറിച്ചു നീക്കാനുള്ള നീക്കം തോട്ടംഉടമകളുടെ നേതൃത്വത്തിൽ നടന്നുവരുന്നതായി വനംവകുപ്പധികൃതർ അറിയിച്ചു. കഴിഞ്ഞു മൂന്നുമാസമായി കാട്ടാനശല്യം കുറഞ്ഞിരുന്നു. വനംവകുപ്പ് വാച്ചറെ കരടിയോട്ടിൽ കാട്ടാന ചവിട്ടി കൊന്നതിനുശേഷം വനംവകുപ്പ് കാട്ടാനകളെ തുരത്തുന്നതിൽ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നതു കുറഞ്ഞത്.
എന്നാൽ ഇപ്പോൾ വീണ്ടും പഴയപടിയായി. കൊമ്പനാന ഉൾപ്പെടെ നാല് ആനകളാണ് കരടിയോട്, കച്ചേരിപറമ്പ് ഭാഗങ്ങളിൽ സ്ഥിരമായിറങ്ങുന്നത്. കച്ചേരിപ്പറമ്പ് ഭാഗത്ത് കൊമ്പനാനയാണ് ഇപ്പോൾ നാട്ടുകാരുടെ പ്രശ്നക്കാരൻ. ജാഗ്രതാനിർദേശം നൽകിയും ആനകളെ തുരത്തിയും വനംവകുപ്പും ദ്രുതകർമസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതാണ് പ്രദേശവാസികൾക്കുള്ള ആശ്വാസം.
സൗരോർജ തൂക്കുവേലിയില്ലാത്ത ഭാഗങ്ങളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ സിംഗിൾ ലൈൻ ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടികൾ കഴിഞ്ഞദിവസം പൂർത്തിയായി. കച്ചേരിപ്പറമ്പ് മുതൽ പുറ്റാനിക്കാടുവരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് പ്രതിരോധവേലി തീർത്തിട്ടുള്ളത്. കാട്ടാനയിറങ്ങുന്നത് തടയാൻ സൗരോർജ തൂക്കുവേലി നിർമിക്കുന്ന നടപടികൾ അഞ്ചുകിലോമീറ്റർ കൂടി പൂർത്തിയാക്കാനുണ്ട്. അലനല്ലൂർ പഞ്ചായത്തു മുതൽ കോട്ടോപ്പാടം പഞ്ചായത്തിലെ പൊതുവപ്പാടം വരെയുള്ള 12 കിലോമീറ്റർ വേലി നിർമാണമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. പൊതുവപ്പാടം മുതൽ കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാൽ വരെയുള്ള അഞ്ചുകിലോമീറ്ററാണ് ഇനി നിർമിക്കേണ്ടത്. ഇതിന്റെ കരാർ നടപടികളും പൂർത്തിയായിട്ടുണ്ട്.
കാട്ടാനകൾ തുടർച്ചയായി ഇറങ്ങുന്നതോടെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുള്ള പട്രോളിംഗും തുരത്തലും ഉൾപ്പടെയുള്ള നടപടികൾക്കാണ് ഇപ്പോൾ പരിഗണന നൽകിവരുന്നതെന്നും വനംവകുപ്പ് അറിയിച്ചു.