അടൂർ: ഇൻഷ്വറൻസില്ലാതെ സർവീസ് നടത്തിയ ടിപ്പർ ലോറി അടൂർ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ട്രാഫിക് എസ്ഐമാരായ ജി. സുരേഷ് കുമാർ, അയൂബ്, സിപിഒ തമീം എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.
ഇളമണ്ണൂർ ജംഗ്ഷനിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ടിപ്പർ ലോറിക്ക് ഇൻഷ്വറൻസ് ഇല്ലെന്ന് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു.
കൊട്ടാരക്കരയിൽ ടിപ്പർ ലോറി അപകടമുണ്ടായ പശ്ചാത്തലത്തിൽ അടൂർ മേഖലയിൽ ടിപ്പർ ലോറികൾക്കെതിരായ പരിശോധന ട്രാഫിക് പോലീസ് കർശനമാക്കിയിട്ടുണ്ട്. ഇൻഷ്വറൻസില്ലാതെ ഓടുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ അപകടബാധിതർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാതെ വരുമെന്നും വാഹന ഉടമകൾക്ക് കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.
അമിതവേഗത്തിൽ സഞ്ചരിക്കുന്ന ടിപ്പർ ലോറികൾക്കെതിരേയും ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. സ്കൂൾ സമയ നിയന്ത്രണം ലംഘിച്ച് സർവീസ് നടത്തുന്ന ടിപ്പർ ലോറികൾക്കെതിരേയും നടപടിയുണ്ടാകുമെന്ന് ട്രാഫിക് എസ്ഐ ജി. സുരേഷ് കുമാർ അറിയിച്ചു.
മോട്ടോർ വാഹനവകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഇൻഷ്വറൻസ്, ഡ്രൈവറുടെ ലൈസൻസ് എന്നിവ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കുന്നുണ്ടെന്നും അമിതഭാരം കയറ്റി സർവീസ് നടത്തുന്ന ടിപ്പർ ലോറികൾക്കെതിരേയും നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.