തൊടുപുഴ: ജില്ലയില്‍ കാലവര്‍ഷം ശക്തമായി. ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ കനത്ത മഴയാണ് ജില്ലയില്‍ ലഭിക്കുന്നത്. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ കാലവര്‍ഷം മുന്‍ വര്‍ഷങ്ങളിലേതു പോലെ ശക്തി പ്രാപിക്കുന്ന സൂചനകളാണ് നല്‍കുന്നത്.
ആറുവരെ ജില്ലയില്‍ വിവിധ താലൂക്കുകളിലായി പെയ്ത ശരാശരി മഴ 27.59 മില്ലിമീറ്ററാണ്. നാലിനായിരുന്നു ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ശരാശരി 44.04 മില്ലിമീറ്റര്‍. ഇടുക്കി - 53.6, തൊടുപുഴ - 68, പീരുമേട് - 65, ദേവികുളം - 21.2, ഉടുമ്പന്‍ചോല - 12.4 മില്ലീമീറ്റര്‍ എന്നിങ്ങനെയായിരുന്നു താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ശരാശരി 49.4 മില്ലിമീറ്റര്‍. രണ്ടിന് 87, മൂന്നിന് 60 മില്ലിമീറ്ററും നാലിന് 65 മില്ലിമീറ്ററും പീരുമേട് താലൂക്കില്‍ മഴ പെയ്തു. തൊടുപുഴ താലൂക്കില്‍ 33.3 മില്ലിമീറ്ററും ഈ ദിവസങ്ങളില്‍ ശരാശരി മഴ ലഭിച്ചു. നാലിന് പെയ്ത 68 മില്ലിമീറ്ററാണ് കൂടുതല്‍. ഒന്നിന് 51.6 മില്ലീമീറ്ററും മഴ ലഭിച്ചു.
ഉടുമ്പന്‍ചോല താലൂക്കിലാണ് ഇതു വരെ മഴ കുറവ് രേഖപ്പെടുത്തിയത്, ശരാശരി 13.2 മില്ലിമീറ്റര്‍ മാത്രമാണ് ഇവിടെ പെയ്തത്. ഇടുക്കി - 26.1, ദേവികുളം -15.9 മില്ലിമീറ്ററുമാണ് മഴ പെയ്തത്.
ജില്ലയില്‍ വേനല്‍മഴ ലഭ്യതയില്‍ 39 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. കാലവര്‍ഷത്തില്‍ സാധാരണതോതില്‍ മഴ ലഭിക്കുമെന്ന സൂചനകളാണ് നിലവിലെ കണക്കുകള്‍ നല്‍കുന്നത്. മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
മഴ ശക്തമായതോടെ ജില്ലയിലെ മലയോര മേഖലയിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ശക്തമായ മഴ പെയ്യുന്നതിനാല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് കരുതല്‍ നടപടി. രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെയാണ് യാത്രാനിരോധനം. ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി.