കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. സ്വകാര്യ ബസുകളടക്കം സര്‍വീസ് നടത്തി. പതിവു പോലെ കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ടാക്സി, ഓട്ടോറിക്ഷ എന്നിവ സർവീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
അതേസമയം വൈറ്റില ഹബ്ബില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താതിരുന്നത് നേരിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. കളക്ടറേറ്റിലെ സര്‍ക്കാര്‍ ഓഫീസുകളെയും ഹര്‍ത്താര്‍ ബാധിച്ചില്ല.
പറവൂരിലൊഴികെ മിക്കയിടത്തും സമാധാനപരമായിരുന്നു ഹര്‍ത്താല്‍. കൊച്ചി നഗരത്തിലുള്‍പ്പെടെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധയിടങ്ങളില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രകടനം സംഘടിപ്പിച്ചു. വാഹനങ്ങള്‍ പതിവുപോലെ ഓടുകയും കടകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു.
കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം, ആലുവ, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ മേഖലകളിലെല്ലാം സാധാരണ ദിനം പോലെയാണ് പ്രവര്‍ത്തിച്ചത്. അതേസമയം വൈപ്പിനില്‍ ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണമായിരുന്നു. പറവൂരില്‍ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തിലെ കടകളും വ്യാപാര സ്ഥാപനങ്ങളും നിര്‍ബന്ധിച്ച് അടപ്പിച്ചു.
Tags : nattu vishesham Hartal observed in the district