നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ ഏഴ് വാർഡുകളിലേക്ക് ശുദ്ധജലം എത്തിക്കാനായി വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തേവിയാരുകുന്ന് ശുദ്ധജല പദ്ധതി പാതിവഴിയിൽ നിലച്ചു. കുളം നിർമാണത്തിലും ടാങ്ക് നിർമാണത്തിലും പൈപ്പ് സ്ഥാപിക്കലിലും മാത്രമായി പദ്ധതി ഒതുങ്ങിയെന്നും ആക്ഷേപം.
ശ്യാമപ്രസാദ് മുഖർജി നാഷണൽ അർബൻ മിഷൻ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2020-ലെ പഞ്ചായത്ത് ഭരണസമിതി മൂന്നരക്കോടി രൂപ അനുവദിച്ചത്. ഡൽഹി ആസ്ഥാനമായുള്ള "വാപ് കോ സ്' എന്ന സ്വകാര്യ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. തുടർന്ന് ഈ കമ്പനി നാട്ടുകാരനായ മറ്റൊരാൾക്ക് ഉപകരാർ നൽകുകയായിരുന്നു.
കരാർ ഏറ്റെടുത്തയാൾ തേവിയാരുകുന്നിനു സമീപമുള്ള ആറ്റുമുക്കിൽ പമ്പ് ഹൗസിന്റെയും ഗാലറിയുടെയും പണികൾ ആരംഭിച്ചു. തേവിയാരുകുന്ന് ധർമശാസ്താ ക്ഷേത്രത്തിനു സമീപത്ത് വാട്ടർ ടാങ്കിന്റെ പണി അവസാന ഘട്ടത്തിലെത്തി നിൽക്കവേയാണ് പ്രവൃത്തികൾ നിലച്ചത്.
മീനാങ്കൽ, പറണ്ടോട്, കീഴ്പാലൂർ, തേവിയാരുകുന്ന്, പൊട്ടൻചിറ, പരുത്തിപ്പാറ, വലിയകലുങ്ക് വാർഡുകളിലെ 3,350 കുടുംബങ്ങൾക്ക് പ്രയോജനം ഉണ്ടാകേണ്ടിയിരുന്ന പദ്ധതിയാണിത്. വേനൽക്കാലമായാൽ രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന പ്രധാന പ്രദേശമാണ് പറണ്ടോട് മേഖല. പഞ്ചായത്ത് ഭരണസമിതി മാറിയതോടെയാണു പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ തടസപ്പെട്ടത്. കരാറുകാരന് അനുവദിച്ച തുകയ്ക്കുള്ള ജോലികൾ പൂർത്തിയാക്കിയില്ലെന്നു കാട്ടി പുതിയ പഞ്ചായത്ത് ഭരണസമിതി
ശേഷിച്ച തുക അനുവദിക്കാനും തയാറായില്ല.
എന്നാൽ, തുക അനുവദിച്ചാലേ ബാക്കി ജോലികൾ പൂർത്തീകരിക്കാൻ കഴിയൂവെന്നു കരാറുകാരനും നിലപാടെടുത്തതോടെ പദ്ധതി പാതിവഴിയിലായി. തനിക്കു കിട്ടാനുള്ള തുകയിൽ പകുതിയും നികുതിയിനത്തിൽ നൽകാനുള്ളതാണെന്നും ചെയ്ത പണിക്ക് പണം അനുവദിക്കണമെന്നുമാണ് കരാറുകാരന്റെ ആവശ്യം.
എന്നാൽ, 2021-ൽ 12 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്നു കാണിച്ച് പഞ്ചായത്ത് കരാർ നീട്ടി നൽകിയെങ്കിലും ആ സമയപരിധി കഴിഞ്ഞിട്ടും നിർമാണം പൂർത്തിയായില്ല. തുടർന്ന്, കരാർ എടുത്ത കമ്പനിക്കെതിരെ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. ഇതോടെ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച പദ്ധതിയുടെ ഭാവി പൂർണമായും ത്രിശങ്കുവിലായി. കടുത്ത ജലക്ഷാമം നിലനിൽക്കുന്ന പ്രദേശങ്ങളി അടിയന്തരമായി ടാങ്കർ ലോറികൾവഴി കുടിവെള്ളമെത്തിക്കാൻ അധികാരികൾ തയാറാകണമെന്നും പഞ്ചായത്തിലെ പരമ്പരാഗത ജലസ്രോതസുകളായ കുളങ്ങളും തോടുകളും വീണ്ടെടുക്കാൻ പദ്ധതികൾ നടപ്പിലാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Tags : Nattuvishesham Districtnews