ചമ്പക്കുളം: നിലത്തിലേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാനാവാത്തതിനാൽ കൊയ്യാതെ കൊയ്ത് യന്ത്രങ്ങൾ കയറിപ്പോയി. കൊയ്യാൻ മാർഗമില്ലാത്തതിനാൽ വിളവ് ഉപേക്ഷിക്കാൻ നിർബന്ധിതരായി കർഷകർ. ചമ്പക്കുളം കൃഷിഭവന് കീഴിലുള്ള 220 ഏക്കർ വിസ്തൃതിയുള്ള കൊക്കണം പാടത്തെ ഏകദേശം ഒന്നര ഏക്കർ നിലം കൊയ്യാൻ ആവാതെ യന്ത്രങ്ങൾ സ്ഥലംവിട്ടു. കഴിഞ്ഞ കൃഷിയുടെ വിളവെടുപ്പിനുവരെ യന്ത്രം ഇറങ്ങി കൊയ്തിരുന്ന നിലത്തിലേക്ക് യന്ത്രം ഇറക്കാൻ ആവാത്തതിനാലാണ് കൊയ്ത്ത് നടക്കാതെ പോയത്.
സമീപത്തെ വസ്തു ഉടമ അനധികൃതമായി ബണ്ട് നിർമിച്ചതുമൂലം നിലത്തിലേയക്ക് കൊയ്ത്ത് യന്ത്രം കൊണ്ടുവരാൻ നിർവാഹമില്ലാത്തതിനാലാണ് കൊയ്യാൻ ആവാതെ വിളവ് ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരിക്കുന്നത്.
സമീപവാസി അനധികൃതമായി നിലം കുഴിച്ച് ബണ്ട് നിർമിച്ച അവസരത്തിൽതന്നെ ആലപ്പുഴ പുഞ്ച സ്പെഷ്യൽ ഓഫിസർക്കും, ആലപ്പുഴ റെവന്യൂ ഡിവിഷൻ ഓഫിസർക്കും, ചമ്പക്കുളം കൃഷി ഓഫിസർക്കും പാടശേഖര സമിതിയിലും രേഖാമൂലം കർഷകർ പരാതി നല്കിയിരുന്നെങ്കിലും അനധികൃത നിർമാണത്തിനെതിരേ യഥാസമയം നടപടി സ്വീകരിക്കാതെ വന്നതാണ് ഇപ്പോൾ കൊയ്യാതെ വിളവ് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്.
കൊക്കണം പാടശേഖരത്തിലെ മറ്റ് ഭാഗങ്ങളിൽ കൊയ്ത്ത് നടന്ന അവസരത്തിൽ പാടശേഖര സമിതിയോടും ഉദ്യോഗസ്ഥരോടും കർഷകർ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൃഷി ഓഫിസറും പാടശേഖര സമിതിയും വഴി തടസപ്പെടുത്തിയ ആളുമായി കഴിഞ്ഞ ദിവസം സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്നാണ് യന്ത്ര ങ്ങൾ കൊയ്യാനാവാതെ പോയത്.
കൊയ്ത്ത് യന്ത്രങ്ങൾ കയറിപ്പോയ സ്ഥിതിക്ക് ഇനി യന്ത്രക്കൊയ്ത്ത് നടത്താമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഈ നിലം ഉടമകൾ.