കൊച്ചി: കുട്ടികളിലെ മരണനിരക്ക് കുറയ്ക്കുന്നതിന് പീഡിയാട്രിക് കാര്‍ഡിയോളജി പരിചരണം കൂടുതല്‍ ശക്തമാക്കണമെന്ന് ശിശുരോഗ വിദഗ്ധര്‍. തങ്ങളുടെ ദൈനംദിന ചികിത്സാരീതികളില്‍ ഹൃദ്രോഗ പരിചരണത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്നും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
ആസ്റ്റര്‍ മെഡ്സിറ്റി സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ പീഡിയാട്രിക്സ് ആന്‍ഡ് നിയോനറ്റോളജി, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം, ഐഎപി കൊച്ചി ബ്രാഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആസ്റ്റര്‍ കിഡ്സ് പത്താമത് മണ്‍സൂണ്‍ സിഎംഇ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നവജാതശിശുക്കളിലും കുട്ടികളിലും കാണപ്പെടുന്ന എസ്വിടി, ലോംഗ് ക്യു ടി തുടങ്ങിയ അടിയന്തര ഹൃദ്രോഗാവസ്ഥകള്‍ കൃത്യസമയത്തു തിരിച്ചറിയുന്നതും പ്രാരംഭഘട്ടത്തില്‍ നല്കുന്ന ശരിയായ ചികിത്സയും മരണനിരക്കും അനുബന്ധ വൈകല്യങ്ങളും തടയുന്നതില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആസ്റ്റര്‍ മെഡ്സിറ്റി പീഡിയാട്രിക്സ് വിഭാഗം മുന്‍ മേധാവി ഡോ. പി.സി. അലക്സാണ്ടര്‍ തുടക്കം കുറിച്ച മണ്‍സൂണ്‍ സിഎംഇ, കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ പ്രമുഖ തുടര്‍ച്ചയായ വൈദ്യശാസ്ത്ര വിദ്യാഭ്യാസ പദ്ധതിയായി മാറിയെന്ന് ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ടി.ആര്. ജോണ്‍ പറഞ്ഞു. ചടങ്ങില്‍ ഡോ. സുള്‍ഫിക്കര്‍ അഹമ്മദ്, ഡോ. പി.സി. അലക്സാണ്ടര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.
കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ പ്രധാന വിഷയമായി നടന്ന ഏകദിന കോണ്‍ഫറന്‍സില്‍ ജന്മനായുള്ള ഹൃദ്രോഗങ്ങള്‍, നവജാതശിശുക്കളിലെ പള്‍മണറി ഹൈപ്പര്ടെന്ഷന്, കവസാക്കി രോഗം, അടിയന്തര ഹൃദ്രോഗ ചികിത്സകള്‍ എന്നിവയില്‍ ശാസ്ത്രീയ സെഷനുകളും പാനല്‍ ചര്‍ച്ചകളും കേസ് പ്രസന്റേഷനുകളും പിജി വിദ്യാര്‍ഥികള്‍ക്കായുള്ള ക്വിസ് മത്സരവും നടന്നു. സംഘാടക സമിതി ചെയര്‍മാനും ആസ്റ്റര്‍ മെഡ്സിറ്റി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജീസണ്‍ സി. ഉണ്ണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.