നെടുമങ്ങാട്: അരുവിക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ.കൊക്കോതമംഗലം, വെള്ളൂർക്കോണം, കളത്തറ, മുണ്ടേല, മൈലമൂട് തുടങ്ങിയ പഞ്ചായത്തിലെ പ്രധാനവാർഡുകൾ ഉൾപ്പെടെ എല്ലായിടത്തും കാട്ടുപന്നികളുടെ വിളയാട്ടം തുടരുകയാണ്. പകൽ വെളിച്ചത്തിൽ പോലും ജനവാസ കേന്ദ്രങ്ങളിലേക്ക് കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ കർഷകരുടെ പ്രധാന വരുമാന മാർഗങ്ങളായ വാഴ, തെങ്ങ്, കപ്പ, ചേന തുടങ്ങിയ വിളകൾ പൂർണമായും നശിപ്പിക്കുകയാണ്.
കർഷകരുടെ ദുരിതം ഒരു വശത്തുണ്ടെങ്കിൽ റോഡുകളിലൂടെ യാത്ര ചെയ്യുന്നവർക്കും വലിയ ഭീഷണിയാണ് ഇവ ഉയർത്തുന്നത്. അപ്രതീക്ഷിതമായി റോഡിനു കുറുകെ ചാടുന്ന കാട്ടുപന്നികൾ കാരണം ഇരുചക്ര വാഹന യാതികർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. പുലർച്ചെ ജോലിക്കു പോകുന്നവരും സ്കൂൾ വിദ്യാർഥികളും പ്രഭാത സവാരിക്കിറങ്ങുന്നവരും ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്.
പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
വനം വകുപ്പും പഞ്ചായത്ത് ഭരണകൂടവും അടിയന്തരമായി ഇടപെട്ട് കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണമെന്നും, കൃഷിനാശം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
പ്രശ്നത്തിനു ശാശ്വതമായ പരിഹാരം കാണാൻ അടിയന്തരമായി സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.