കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചിറങ്ങരയിൽ അശാസ്ത്രീയമായി നിർമിച്ച ഡ്രെയിനേജ് സംവിധാനത്തെ തുടർന്ന് ദുരിതത്തിലായ വയോധിക ദമ്പതികളുടെ പ്രശ്നത്തിൽ ഒടുവിൽ പരിഹാരനടപടികൾക്ക് തുടക്കമായി.
ദേശീയപാതയ്ക്ക് കുറുകെയുള്ള കനാലിലേക്ക് മഴവെള്ളം ഒഴുക്കിവിടുന്നതിനായി ഡ്രെയിനേജിന്റെ പാർശ്വഭിത്തിയിൽ വലിയ ദ്വാരങ്ങൾ നിർമിക്കുന്ന ജോലികളാണ് നിർമാണ കമ്പനി ആരംഭിച്ചത്. വീടിനും പരിസരത്തിനും ഭീഷണിയായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ തോടിന്റെ പാർശ്വഭിത്തി ബലപ്പെടുത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
കൊടിയപ്പാടൻ തോമസിന്റെ വീട്ടിലേക്കും മുറ്റത്തേക്കും മഴവെള്ളം ഡ്രെയിനേജിലൂടെ കുത്തിയൊഴുകി എത്തുന്ന സാഹചര്യം കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി ദീപിക കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധവും ശക്തമായി.
ഇതിന് പിന്നാലെ നിർമാണ കമ്പനി ഡ്രില്ലിംഗ് മെഷീനും മറ്റ് ഉപകരണങ്ങളുമായെത്തി ദേശീയപാതയ്ക്ക് കുറുകെയുള്ള കനാലിലേക്ക് മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള ദ്വാരങ്ങൾ നിർമിക്കുന്ന പ്രാഥമിക ജോലികൾ ആരംഭിച്ചു.
ഭാവിയിൽ സമാനമായ ദുരിതം ആവർത്തിക്കാതിരിക്കാൻ സമഗ്രമായ ഡ്രെയിനേജ് പുനഃക്രമീകരണം നടപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.