കല്ലമ്പലം: അമ്മയെ മർദിച്ച മകൻ അറസ്റ്റിലായി. കുടവൂർ പുതുശ്ശേരിമുക്ക് ഷഹനാസ് വില്ലയിൽ ശരൺ (24) ആണ് അറസ്റ്റിലായത്. ശരണിന്റെ അമ്മ രശ്മി (40) നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു സംഭവം. രശ്മിയുടെ പേരിലുള്ള സ്കൂട്ടർ ലൈസൻസില്ലാതെ എടുത്തുകൊണ്ടുപോയി മദ്യപിച്ചെത്തിയ ശരണിനെ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. മുൻപ് കുടുംബവഴക്കിനെ തുടർന്ന് വർക്കല മാജിസ്ട്രേറ്റ് കോടതിയിൽനിന്നും രശ്മി നേടിയ സംരക്ഷണ ഉത്തരവ് ലംഘിച്ചാണ് പ്രതി അതിക്രമം നടത്തിയത്. അമ്മയെ അസഭ്യം പറയുകയും കൈപിടിച്ചു തിരിച്ച് മർദിക്കുകയും ചെയ്ത പ്രതി വീട്ടിലെ സാമഗ്രികളും അടിച്ചുതകർത്തു. അക്രമത്തിൽ ഏകദേശം 50,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു. ഭയന്നോടാൻ ശ്രമിച്ച രശ്മിയെ തടഞ്ഞുനിർത്തിയാണു ശരൺ മർദിച്ചത്. കല്ലമ്പലം പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.