ന്യൂഡൽഹി: മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പല ബൂത്തുകളിലും മഷിക്കു പകരം മായ്ക്കാൻ കഴിയുന്ന മാർക്കർ പേന ഉപയോഗിച്ചുവെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രൂക്ഷവിമർശനവുമായി കോണ്ഗ്രസ്.
ഇത്തരം ദേശവിരുദ്ധ നടപടികൾക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ കൂട്ടുനിൽക്കുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസം തകർക്കുമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ടിംഗ് സമയത്ത് പുരട്ടിയ മഷി മായ്ക്കുന്ന ഫോട്ടോയടങ്ങിയ പത്രറിപ്പോർട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം.
പല ബൂത്തുകളിലും മഷിക്കു പകരം മാർക്കർ ഉപയോഗിച്ചശേഷം പുറത്തിറങ്ങിയ വോട്ടർമാർ നെയിൽ പോളിഷ് ഉപയോഗിച്ച് അതു മായ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതോടെ അന്വേഷണത്തിന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.
സംഭവത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ദിനേശ് ടി. വാഗ്മറെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിനൊപ്പം നിൽക്കുകയാണെന്ന ആരോപണവുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ നേരത്തേ രംഗത്തെത്തിയിരുന്നു.