തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ റിയാസിനെ പങ്കെടുപ്പിക്കണമായിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത് വെറും തെരഞ്ഞെടുപ്പ് നാടകമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇതിന് മുൻപ് നടന്ന കേന്ദ്രസർക്കാരിന്റെ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ആമാടപ്പെട്ടിയും ആറന്മുള കണ്ണാടിയും കൊടുത്ത് പ്രധാന മന്ത്രിയെ സ്വീകരിച്ചയാളാണ് മുഖ്യമന്ത്രിയെന്നും അദേഹം പറഞ്ഞു.
ഇപ്പോൾ മുഖ്യമന്ത്രി കാണിക്കുന്നത് വെറും തെരഞ്ഞെടുപ്പ് നാടകമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്ത് എതിർപ്പ് രേഖപ്പെടുത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം-രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്.