തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സർക്കാരിന് വേണ്ട രീതിയിലുള്ള ക്ഷണമില്ല. ഇത് ബിജെപിയുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാന സർക്കാർ കൂടി വലിയ തോതിൽ പണം മുടക്കി ഭൂമി ഏറ്റെടുത്ത് പൂർത്തിയാക്കിയതാണ് ദേശീയപാത 66. ദേശീയപാത വികസനത്തിനായി ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ നേരിട്ട് പണം ചെലവഴിക്കുന്നത് കേരളത്തിലാണ്. അത് കേവലം ലക്ഷങ്ങളോ കോടികളോ അല്ല, 5,580 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാനായി സംസ്ഥാന സർക്കാർ നൽകിയത്.
ഈ തുക കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തിന് ഏതാണ്ട് 12,000 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായത്. ഈ വസ്തുതകൾ നിലനിൽക്കെ, ഉദ്ഘാടന വേദിയിൽ നിന്ന് സംസ്ഥാന പ്രതിനിധികളെ ഒഴിവാക്കി ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയും.
ഓരോ റീച്ചിന്റെയും പ്രവർത്തനങ്ങൾ കൃത്യമായി റിവ്യൂ ചെയ്യുകയും, കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയും നാഷണൽ ഹൈവേ റീജിയണൽ ഓഫീസറും പല തവണ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടുള്ളതാണ്. ഉദ്ഘാടന ചടങ്ങിലെ പ്രാതിനിധ്യം ഇല്ലാതാക്കിയാൽ ഈ ചരിത്രപരമായ സംഭാവനകളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Tags : minister v sivankutty criticizes central government bjp national highway innauguration