വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ പുന്നപ്പാടത്തുള്ള പട്ടികജാതി സർവീസ് സഹകരണ സംഘം കൈയേറി വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി.
സ്ഥലത്തിന്റെ അതിരുകൾ വ്യത്യാസപ്പെടുത്തി സംഘത്തിന്റെ സ്ഥലം സ്വന്തമാക്കാൻ നീക്കംനടക്കുന്നതായും പരാതിയിൽ പറയുന്നു.
ഇതു സംബന്ധിച്ച് ദളിത് കോൺഗ്രസ് ഭാരവാഹികളായ പി.എം. സുബ്രഹ്മണ്യൻ, ആർ. പ്രമോദ് എന്നിവർ നൽകിയ പരാതിയിൽ പട്ടികജാതി- വർഗ പിന്നോക്ക ക്ഷേമമന്ത്രി കെ.എ. തുളസി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.
രണ്ടുപതിറ്റാണ്ടിലേറെയായി സംഘത്തിന്റെ പ്രവർത്തനം നിർത്തിവച്ച നിലയിലാണ്. ഇതിനാൽ കെട്ടിടവും പൂർണമായും നശിച്ചു. കെട്ടിടത്തിലെ ജനാലകളും വാതിലുകളും പലരും പിഴുതെടുത്ത് കൊണ്ടുപോയി. ട്രാക്ടർ ഉൾപ്പെടെയുള്ള യന്ത്രസാധനങ്ങളും അപ്രത്യക്ഷമായി. സംഘത്തിന്റെ ഒരേക്കറോളം സ്ഥലം അനാഥാവസ്ഥയിലാണ്. ഇതിനിടെയാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ സ്ഥലം കൈയേറി മരം മുറിച്ച് വില്പന നടത്തുന്ന സംഭവമുണ്ടായിട്ടുള്ളത്.
ഇരുമുള്ള്, പ്ലാവ്, മാവ്, പുളി തുടങ്ങിയ മരങ്ങളാണ് മുറിച്ച് മാറ്റിയതെന്നു പരാതിയിൽ പറയുന്നു. സ്ഥലത്തിന്റെ അതിരുകളിൽ വ്യത്യാസം വരുത്തി കൈയേറിയ സ്ഥലം തിരിച്ചുപിടിക്കുന്നതിനൊപ്പം മരം മുറിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്.
1986 ലാണ് പുന്നപ്പാടത്തെ സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന സംഘം പിന്നെ പ്രവർത്തനം ഇല്ലാതെ പേരിനു മാത്രമായി. മൂന്നു വർഷാമാരുന്നു സംഘം ഭരണസമിതിയുടെ കാലാവധി. എന്നാൽ കാലാകാലങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാതിരുന്നതിനാൽ സംഘത്തിന്റെ പ്രവർത്തനങ്ങൾ നിലച്ചു.