തിരുവനന്തപുരം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന വകുപ്പിന്റെയും മിൽമയുടെയും സഹകരണത്തോടെ ക്ഷീരകർഷകർക്കും ക്ഷീരസഹകരണ സംഘം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി നടപ്പിലാക്കി വരുന്ന സമഗ്ര ഇൻഷ്വറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകാം.
പദ്ധതിയിൽ അംഗങ്ങളാകുന്ന ക്ഷേമനിധി അംഗങ്ങൾക്ക് പ്രീമിയം തുകയുടെ 50 ശതമാനം സബ്സിഡി ലഭിക്കും. https://app.ksheeras anthwanam.co.in/ വെബ്സൈറ്റിലൂടെ മാർച്ച് 10 നകം അംഗങ്ങളാകാൻ അപേക്ഷ നൽകാം.
പദ്ധതിയിൽ ആരോഗ്യസുരക്ഷ, അപകടസുരക്ഷ, ലൈഫ് ഇൻഷ്വറൻസ് എന്നിവയുടെ പരിരക്ഷ ലഭിക്കുന്നു. ആരോഗ്യ സുരക്ഷ പദ്ധതിയിൽ 80 വയസ് വരെയുള്ള കർഷകർക്ക് യാതൊരു ആരോഗ്യ പരിശോധനകളും കൂടാതെ അംഗങ്ങളാകാം. രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയും നിലവിലെ അസുഖങ്ങൾക്ക് 50,000 രൂപ വരെയുള്ള പരിരക്ഷയും ലഭിക്കും.
തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ കാഷ്ലെസ് ചികിത്സാ സൗകര്യവും മറ്റ് അംഗീകൃത ആശുപത്രികളിൽ ചികിത്സയ്ക്ക് റീ-ഇംബേഴ്സ്മെന്റ് സൗകര്യവും ലഭ്യമാണ്.
ആശുപത്രി ചികിത്സയ്ക്കു മുമ്പും ശേഷവും അതിനോടനുബന്ധിച്ചുണ്ടാകുന്ന ചെലവുകൾ യഥാക്രമം 30, 60 ദിവസത്തേക്ക് ലഭിക്കും. പദ്ധതിയിൽ അംഗങ്ങളാകാനും കൂടുതൽ വിവരങ്ങൾ അറിയാനുമായി തൊട്ടടുത്ത ക്ഷീരവികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസംഘങ്ങളുമായോ കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡുമായോ ബന്ധപ്പെടണം.