അപൂർവമായൊരു കല്യാണക്ഷണത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുന്നത്. സ്വന്തമെന്ന് പറയാൻ അധികമാരുമില്ലാതിരുന്ന ഒരു യുവാവ് തന്റെ വലിയ ദിവസത്തിൽ കൂടെയുണ്ടാകാൻ അപരിചിതരെ ക്ഷണിച്ചപ്പോൾ, ഇന്റർനെറ്റ് ലോകം ഒന്നടങ്കം ആ ക്ഷണക്കത്ത് ഏറ്റെടുക്കുകയായിരുന്നു.
കൗമാരത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെടുകയും പിന്നീട് ജ്യേഷ്ഠനൊപ്പം പലവിധ പ്രതിസന്ധികൾ നേരിട്ട് വളരുകയും ചെയ്ത ചൈന സ്വദേശിയായ യുവാവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായിരുന്നു ഇത്.
കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം കൊണ്ട് താൻ പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ അദ്ദേഹം തീരുമാനിച്ചെങ്കിലും, ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളോ പ്രിയപ്പെട്ടവരോ ഇല്ലെന്ന സങ്കടം അലട്ടി. തുടർന്ന് തന്റെ സാഹചര്യം വിശദീകരിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആളുകളെ വിവാഹത്തിന് ക്ഷണിക്കുകയായിരുന്നു.
ഈ ക്ഷണം ലഭിച്ചതോടെ ഇന്റർനെറ്റ് ലോകത്തെ ഒട്ടേറെ അപരിചിതരായ ആളുകൾ വധൂവരന്മാർക്ക് പിന്തുണയുമായി ഓടിയെത്തി. എളിമയാർന്ന ആ ചടങ്ങിനെ അവിസ്മരണീയമാക്കാൻ പലരും സൗജന്യമായി ആഡംബര കാറുകൾ എത്തിച്ചുനൽകി.
അതിഥികൾക്കായി രുചികരമായ ഭക്ഷണം ഒരുക്കാൻ പ്രമുഖ പാചകക്കാർ സന്നദ്ധരായി മുന്നോട്ടുവന്നപ്പോൾ, മറ്റുചിലർ വീടും പരിസരവും അലങ്കരിക്കാനും സമ്മാനങ്ങൾ എത്തിക്കാനും മുൻകൈ എടുത്തു. ചെറിയൊരു ചടങ്ങായി നടക്കേണ്ടിയിരുന്ന കല്യാണം ഒടുവിൽ ആയിരക്കണക്കിന് അപരിചിതരുടെ സാന്നിധ്യവും സ്നേഹവും കൊണ്ട് വലിയൊരു ആഘോഷമായി മാറി.
സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോകൾ പ്രചരിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഈ അപൂർവ കൂട്ടായ്മയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. വൈകാരികമായ പ്രതികരണങ്ങൾക്കൊപ്പം, മനുഷ്യത്വത്തിന്റെയും ഉദാരമനസ്കതയുടെയും തെളിവായി ഈ സംഭവം ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നു.