കണ്ണൂർ: കണ്ണൂർ-തളിപ്പറമ്പ് ദേശീയപാതയിൽ മാങ്ങാട്ടുപറമ്പിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിക്കാതെ ചരക്കുമായി സ്ഥലംവിട്ട ലോറി ഡ്രൈവർക്കെതിരെ പൊലിസ് അന്വേഷണം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്വകാര്യ വാഹന സർവീസ് കമ്പനി മാനേജർ പുലിക്കുരുമ്പ സ്വദേശി അജേഷ് ജോസഫിനെ ആശുപത്രിയിലെത്തിക്കാനോ ബന്ധുക്കളെ വിവരമറിയിക്കാനോ ലോറി ഡ്രൈവർ തയാറായില്ലെന്നാണ് ആരോപണം. അപകടത്തിനുശേഷം എൽപിജി വിതരണ വാഹനവുമായി ഡ്രൈവർ കടന്നു കളഞ്ഞു.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന അജേഷിനെ അതുവഴി എത്തിയ രണ്ട് നാട്ടുകാരാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് ബന്ധുക്കളെ വിവരമറിയിച്ചത്. കാലിനും തലയ്ക്കും ഗുരുതരമായ പരിക്കേൽക്കുകയും തലച്ചോറിൽ രക്തസ്രാവം ഉൾപ്പെടെ സംഭവിക്കുകയും ചെയ്തതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അജേഷ്. ചികിത്സ വൈകിയിരുന്നെങ്കിൽ ആരോഗ്യനില വഷളാകുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
എൽപിജി വിതരണ വാഹനത്തിന്റെ വിവരങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. ഡ്രൈവറെ ചോദ്യം ചെയ്യുന്നതിന് വിളിച്ചുവരുത്തുമെന്ന് പൊലിസ് അറിയിച്ചു. തുടർപരിശോധനയുടെ ഭാഗമായി ഡ്രൈവറുടെയും വാഹന ഉടമയുടെയും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.