സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ടെക് കമ്പനിയായ ആപ്പിൾ. തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന ഫോണായ 'ഐഫോൺ അൾട്രാ' ഈ വർഷം തന്നെ വിപണിയിലെത്തിക്കാൻ ആപ്പിൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. വിപണിയിൽ വൻ ഡിമാൻഡ് പ്രതീക്ഷിക്കുന്നതിനാൽ കമ്പനി ഇതിന്റെ ഉത്പാദന ലക്ഷ്യം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.
ഏകദേശം 10 മില്യൺ (ഒരു കോടി) മടക്കാവുന്ന ഐഫോൺ അൾട്രാ ഉപകരണങ്ങൾ നിർമിക്കാൻ ആപ്പിൾ തങ്ങളുടെ സപ്ലയർമാർക്ക് നിർദേശം നൽകിയിട്ടുണ്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ ഇത് 7 മുതൽ 8 മില്യൺ വരെയായിരിക്കുമെന്നാണ് കരുതിയിരുന്നത്. ആദ്യ ഫോൾഡബിൾ ഫോണിനോടുള്ള ഉപഭോക്താക്കളുടെ താത്പര്യത്തിൽ ആപ്പിളിനുള്ള വർധിച്ച ആത്മവിശ്വാസമാണ് ഈ തീരുമാനത്തിന് പിന്നിൽ.
മടക്കാവുന്ന മോഡലിനൊപ്പം, വരാനിരിക്കുന്ന ഐഫോൺ 18 പ്രോ , ഐഫോൺ 18 പ്രോ മാക്സ് എന്നിവയുടെ 70 മില്യൺ യൂണിറ്റുകളും ആപ്പിൾ ഉത്പാദിപ്പിക്കും. ഇതോടെ, 2026ന്റെ രണ്ടാം പകുതിയിൽ മാത്രം പ്രീമിയം ഐഫോണുകളുടെ ആകെ ഉത്പാദനം 80 മില്യൺ കവിയും. 2026ൽ ആപ്പിളിന്റെ മൊത്തം ഐഫോൺ ഉത്പാദനം 220 മില്യൺ മുതൽ 240 മില്യൺ യൂണിറ്റ് വരെയാകുമെന്നാണ് വിലയിരുത്തൽ.
ആപ്പിൾ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ഫോൺ
ഐഫോൺ അൾട്രായുടെ വിലയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ ടെക് ലോകം ഉറ്റ് നോക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മടക്കാവുന്ന ഈ ഐഫോണിന്റെ പ്രാരംഭ വില ഏകദേശം 2,500 ഡോളർ (ഏകദേശം 2,38,336 ഇന്ത്യൻ രൂപ) ആയിരിക്കും. ഉയർന്ന സ്റ്റോറേജ് വേരിയന്റുകളുടെ വില 3,000 ഡോളർ (ഏകദേശം 2,86,003 രൂപ) വരെ ഉയർന്നേക്കാം. ഇത് യാഥാർഥ്യമായാൽ, നിലവിലുള്ള പ്രോ മാക്സ് മോഡലുകളെക്കാൾ വളരെ ഉയർന്ന വിലയുള്ള, ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സ്മാർട്ട്ഫോണായി ഐഫോൺ അൾട്രാ മാറും.
പതിവുപോലെ സെപ്റ്റംബറിൽ നടക്കുന്ന ആപ്പിളിന്റെ മെഗാ ലോഞ്ച് ഇവന്റിൽ ഐഫോൺ 18 സീരീസിനൊപ്പം ഐഫോൺ അൾട്ര അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാൽ ഇതിന്റെ സങ്കീർണമായ നിർമ്മാണ പ്രക്രിയ കാരണം, വിപണിയിൽ ലഭ്യമാകാൻ അല്പം താമസം നേരിട്ടേക്കാം. അതേസമയം സാധാരണ ഐഫോൺ 18ന്റെ ലോഞ്ച് 2027 വസന്തകാലത്തേക്ക് നീട്ടിവെച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.