ന്യൂഡൽഹി: ആപ്പിളിന്റെ വരാനിരിക്കുന്ന ആദ്യ മടക്കാവുന്ന സ്മാർട്ട്ഫോണായ 'ഐഫോൺ അൾട്രായ്ക്കായി' പ്രത്യേക ആപ്പിൾ പെൻസിൽ സ്റ്റൈലസ് പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ചതായി റിപ്പോർട്ടുകൾ.
സെപ്റ്റംബർ 9ന് നടക്കുന്ന 'സർപ്രൈസ് ആൻഡ് ഷൈൻ' ഇവന്റിൽ ഫോണിനൊപ്പം ഈ പെൻസിൽ പുറത്തിറക്കാൻ സാധ്യത കുറവാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഐപാഡുകളിൽ ഉപയോഗിക്കുന്ന ആപ്പിൾ പെൻസിലിനേക്കാൾ വലിപ്പം കുറഞ്ഞ രൂപത്തിലാണ് ഐഫോണിനായുള്ള സ്റ്റൈലസ് പരീക്ഷിച്ചത്.
ഫോണിന്റെ വശങ്ങളിൽ കാന്തികശക്തി ഉപയോഗിച്ച് ഒട്ടിച്ചുവെക്കാനും ചാർജ് ചെയ്യാനും കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരുന്നത്.സാധാരണ സ്മാർട്ട്ഫോൺ സ്ക്രീനുകളെ അപേക്ഷിച്ച് ഫോൾഡബിൾ ഫോണുകളുടെ ഡിസ്പ്ലേ വളരെ മൃദുവാണ്. പെൻസിൽ നിരന്തരം ഉപയോഗിക്കുന്നത് സ്ക്രീനിൽ വര വീഴാനും കേടുപാടുകൾ സംഭവിക്കാനും ഇടയാക്കുമെന്ന ആശങ്ക ആപ്പിളിനുണ്ട്.
2007ൽ ആദ്യ ഐഫോൺ അവതരിപ്പിച്ചപ്പോൾ സ്മാർട്ട്ഫോണുകളിൽ പെൻസിൽ ഉപയോഗിക്കുന്നതിനെ സ്റ്റീവ് ജോബ്സ് രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ രണ്ടു പതിറ്റാണ്ടിനു ശേഷം ടാബ്ലെറ്റിന് സമാനമായ വലിയ ഫോൾഡബിൾ സ്ക്രീനുകളിലേക്ക് സ്റ്റൈലസ് എത്തിക്കാൻ ആപ്പിൾ ആലോചിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ കാരണം ഐഫോൺ അൾട്രാ ഇന്ത്യൻ വിപണിയിലെത്താൻ കുറച്ചു മാസങ്ങൾ വൈകിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.