ഒരു പ്ലേറ്റ് കച്ചോരി കഴിക്കാനായി വണ്ടി നിർത്തിയ സമയം കൊണ്ട് രാജസ്ഥാനിലെ ജയ്പൂരിൽ കളക്ഷൻ ഏജന്റായ ചമ്പാലാലിന് നഷ്ടമായത് 20 ലക്ഷം രൂപയാണ്.
ഒക്ടോബർ 26-ന് വൈകുന്നേരം നഹാർഗഡ് പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞ ഈ കൗതുകകരവും ഒപ്പം നാടകീയവുമായ സംഭവം നടന്നത്.
സ്കൂട്ടറിന്റെ മുൻവശത്തെ ഫുട്ബോർഡിൽ പണമടങ്ങിയ ബാഗ് വെച്ച ശേഷം ചമ്പാലാൽ സമീപത്തെ കടയിൽ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേർ സ്കൂട്ടറിന് സമീപം വണ്ടി നിർത്തി, ചമ്പാലാലിന്റെ ശ്രദ്ധ മാറിയ സമയം നോക്കി ബാഗുമെടുത്ത് വേഗത്തിൽ കടന്നുകളഞ്ഞു.
പണം നഷ്ടപ്പെട്ട കാര്യം നിമിഷങ്ങൾക്കകം തിരിച്ചറിഞ്ഞ ചമ്പാലാൽ, കൈയിലിരുന്ന കച്ചോരി പ്ലേറ്റ് പോലും താഴെ വെക്കാൻ മറന്ന് മോഷ്ടാക്കളുടെ പുറകെ വെപ്രാളത്തോടെ ഓടുകയായിരുന്നു.
സ്വന്തം സ്കൂട്ടറെടുത്ത് പിന്തുടരുന്നതിന് പകരം ഓടിയ അദ്ദേഹത്തെ സഹായിക്കാൻ നാട്ടുകാരിൽ ചിലർ ഒപ്പം ചേർന്നുവെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നഹാർഗഡ് പൊലിസ്, പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ എത്തിയതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഇത്രയും വലിയൊരു തുക വണ്ടിയിൽ സുരക്ഷിതമല്ലാതെ വെച്ച് ഭക്ഷണം കഴിക്കാൻ നിന്ന വ്യാപാരിയുടെ അശ്രദ്ധയെ ഒരുവിഭാഗം രൂക്ഷമായി വിമർശിക്കുമ്പോൾ, കളക്ഷൻ ഏജന്റിനെ മോഷ്ടാക്കൾ നേരത്തെ തന്നെ പിന്തുടർന്ന് നിരീക്ഷിച്ചിട്ടുണ്ടാകാമെന്നാണ് മറ്റുള്ളവരുടെ നിഗമനം.