ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേരെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാംദേവ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഹർകി ഗ്രാമത്തിൽ ആണ് സംഭവം.
ഞായറാഴ്ച രാത്രി വൈകിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേക്ഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
ജസ്രാജ് സുതാർ (29), ഭാര്യ നിർമ്മ സുതാർ (25), ഇവരുടെ മകൻ ഭരത് (10), മകൾ മനീഷ (5) എന്നിവരാണ് മരിച്ചത്. ഗ്രാമവാസികളുടെ സഹായത്തോടെ പോലീസ് മൃതദേഹങ്ങൾ ടാങ്കിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണവും പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദമ്പതികൾ തമ്മിൽ കുടുംബവഴക്ക് ഉണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിക്കുന്നത്. എന്നാൽ ഔദ്യോഗികമായി ഒരു തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും എല്ലാ വശങ്ങളും അന്വേഷണ പരിധിയിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.