ജയ്പുർ: രാജ്യത്തെ ആഭ്യന്തര ഊർജ ഉത്പാദന മേഖലയ്ക്ക് വൻ കരുത്ത് പകർന്ന് രാജസ്ഥാനിലെ ജയ്സാൽമിർ ജില്ലയിൽ പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി.
പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡാണ് മണലാരണ്യത്തിലെ തന്ത്രപ്രധാനമായ ദണ്ഡേവാല മേഖലയിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്.
രാജ്യത്തിന്റെ ഇന്ധന സ്വയംപര്യാപ്തതയിലേക്കുള്ള പ്രയാണത്തിൽ ഇത് നിർണായക ചുവടുവയ്പാകുമെന്നാണ് വിലയിരുത്തൽ. ദണ്ഡേവാല ഗ്യാസ് ഫീൽഡിലെ ഉപരിതലത്തോടു ചേർന്നുള്ള സാനു ഫോർമേഷൻ എന്ന പ്രത്യേക ഭൂഗർഭ പാളിയിലാണ് ആദ്യമായി പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഈ പുതിയ വാതക മേഖലയിൽനിന്ന് നിലവിൽ പ്രതിദിനം ശരാശരി 20,000ത്തിലധികം ക്യുബിക് മീറ്റർ പ്രകൃതിവാതകം പുറത്തേക്ക് ഒഴുകുന്നുണ്ട്. പ്രാഥമിക പരിശോധനകളിൽനിന്ന് വാതകത്തിന്റെ ഒഴുക്കും സംഭരണശേഷിയും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
ഏകദേശം 950 മീറ്റർ താഴ്ചയിലാണ് പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്. പുതിയ പഠന റിപ്പോർട്ടുകൾ പ്രകാരം ഇവിടെ ഏകദേശം 75 മില്യൺ ക്യുബിക് മീറ്ററിലധികം പ്രകൃതിവാതക നിക്ഷേപമുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
കണ്ടെത്തിയ വാതകത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് വളരെ കുറവായതിനാൽ ഇത് മികച്ച ഗുണനിലവാരമുള്ളതാണെന്ന് ലാബ് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.
പരിസ്ഥിതിസൗഹൃദ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ പുതിയ നയങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ രീതിയിൽ ഗുണം ചെയ്യും.
ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഈ നേട്ടത്തെ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി അഭിനന്ദിച്ചു. ആഭ്യന്തര ഊർജ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് വലിയതോതിൽ കുറയ്ക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പശ്ചിമരാജസ്ഥാനെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ഒരു ഊർജ ഹബ്ബാക്കി മാറ്റാൻ പുതിയ കണ്ടെത്തലുകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലയോടു ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ കൂടുതൽ വിപുലമായ പര്യവേക്ഷണ പ്രവർത്തനങ്ങൾ നടത്താൻ ഓയിൽ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
രാജ്യത്തിന്റെ എണ്ണ, വാതക മേഖലയിൽ രാജസ്ഥാൻ ഇതിനോടകംതന്നെ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ജയ്സാൽമിർ, ബാർമർ, ബിക്കാനിർ, ജോധ്പുർ തുടങ്ങിയ സംസ്ഥാനത്തെ മരുഭൂമി ജില്ലകളിൽ നിരവധി പ്രധാന ഹൈഡ്രോകാർബൺ പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്.
Tags : Rajasthan Jaisalmer natural gas Shekharam