കോഴിക്കോട്: വേതന വർധനവ് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ നടന്ന നഴ്സുമാരുടെ സമരത്തിനിടെ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ സമരക്കാർ കൂകി വിളിച്ചതിൽ ക്ഷമാപണവുമായി യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ.
പ്രിയ മന്ത്രി, നിങ്ങൾ ആ കൂകി വിളിക്ക് അർഹനല്ലെന്ന് ജാസ്മിൻഷാ ഫേസ്ബുക്കിൽ കുറിച്ചു. സമരപന്തലിലെ തന്റെ സഹപ്രവർത്തകർ താങ്കളെ കൂകി വിളിച്ച വാർത്ത ചില ചാനലുകളിലൂടെ കണ്ടു. തീർത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവതെന്നും ജാസ്മിൻഷാ കുറിച്ചു.
സമരപന്തലിന് പുറത്തുനിന്ന ആരോ കൂകി വിളിച്ചത്, സമരാനുകൂലികൾ ഏറ്റുപിടിച്ചതാണെന്നും അങ്ങേയ്ക്കുണ്ടായ വൈഷമ്യത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അങ്ങയോട് ക്ഷമ ചോദിക്കുന്നുവെന്നും ജാസ്മിൻഷാ വ്യക്തമാക്കി.
മാർച്ച് 4ന് തിരുവനന്തപുരത്ത് നഴ്സുമാരുടെ കൺവെൻഷന് ടൂറിസം വകുപ്പ് നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയം അനുവദിച്ചിരുന്നത് ആരോഗ്യമന്ത്രിയുടെയും ഓഫീസിന്റെയും ഇടപെടലിനെ തുടർന്ന് നിഷേധിച്ചിരുന്നതായും ജാസ്മിൻഷാ അറിയിച്ചു.
എന്നാൽ ഇതേ കുറിച്ച് ധാരണയില്ലാത്ത ഒരു വിഭാഗം യുഎൻഎ പ്രവർത്തകരുണ്ടെന്നും അവർക്കിടയിൽ സിപിഎമ്മിനോട് കടുത്ത അമർഷമുണ്ടെന്നും ജാസ്മിൻഷാ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.