കോഴിക്കോട്: വാഹനങ്ങളുടെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ജെന്‍സികള്‍ക്ക് നിരാശപ്പെടേണ്ടിവരും. അവരുടെ ‘വലിയ’ആഗ്രഹങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി വാക്കുപാലിച്ചോ, ഇല്ലയോ എന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് കൊഴുക്കുന്നത്. ചിലരാകട്ടെ എംവിഡി ഫേസ്ബുക്ക് പേജിലും കയറി തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത മോഡിഫിക്കേഷന് ഇതായിരുന്നോ എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് ഏറെയും. ചതിച്ചാശാനേ...ഇതെന്ത് മോഡിഫിക്കേഷന് എന്നാണ് ചിലര്‍ ചോദിക്കുന്നത്. പെട്ടി ഓട്ടോ ടിപ്പര്‍ ആക്കുന്ന മോഡിഫിക്കേഷനാണോ ഉദ്ദേശിച്ചതെന്ന ചോദ്യം മറുവിഭാഗം ഉയര്‍ത്തുന്നു.
പഞ്ചറായ ടയര്‍ മാറ്റാനുള്ള അനുമതിയുണ്ടാകുമോ, ടയറില്‍ എയര്‍ എത്രവേണേലും അടിക്കാമോ, പഴുത്ത ചക്ക ഡിക്കിയില്‍ കൊണ്ടുപോകാമോ തുടങ്ങി പരിഹാസ ചോദ്യം വേറെ. എന്തായാലും മുഖ്യമന്ത്രിയുടെ വാഗ്ദാനവും ഒടുവില്‍ എംവിഡിയുടെ റിപ്പോര്‍ട്ടും സോഷ്യല്‍ മീഡിയ കത്തിക്കുകയാണ്.
റിപ്പോര്ട്ടിൻമേല് മുഖ്യമന്ത്രിയും സര്‍ക്കാരും എന്ത് നിലപാട് എടുക്കുമെന്ന ആകാംക്ഷയും ഏറുകയാണ്. വാഹനത്തിന്റെ രൂപത്തില്‍ വ്യത്യാസം വരുത്തുക, ഉയരം വർധിപ്പിക്കുക, വീതിയേറിയ ടയർ, പുറത്തേക്കു തള്ളിയ അലോയ് വീലുകൾ, ശക്തമായ ലൈറ്റ്, കാതടപ്പിക്കുന്ന ഹോൺ തുടങ്ങിയ ജെന്‍സികളുടെ ആഗ്രഹങ്ങള്‍ തത്കാലം നടക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.
ഇതാണ് വലിയൊരു വിഭാഗത്തെയും ചൊടിപ്പിച്ചത്. അനുവദിച്ചിട്ടുള്ള മോഡിഫിക്കേഷനൊക്കെ ‘എന്ത് ’ എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ചോദ്യം.