മുംബൈ: ബിസിനസുകൾക്ക് വലിയ തോതിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ സ്വീകരിക്കാനും വിന്യസിക്കാനും സഹായിക്കുന്നതിനായി, എഐ അസിസ്റ്റന്റായ ’ക്ലോഡ്’ന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആന്ത്രോപിക് കന്പനിയുമായി ആഗോള തന്ത്രപ്രധാനമായ പങ്കാളിത്തം ടാറ്റ കണ്‍സൾട്ടൻസി സർവീസസ് ഇന്നലെ പ്രഖ്യാപിച്ചു.
ആന്ത്രോപിക്കിന്റെ എഐ മോഡലുകളും ടിസിഎസിന്റെ സാങ്കേതിക വൈദഗ്ധ്യവും ഒന്നിച്ചു ചേർത്തുകൊണ്ട് എഐ പ്രോജക്റ്റുകളെ പരീക്ഷണ ഘട്ടത്തിനപ്പുറത്തേക്ക് കൊണ്ടുപോകാൻ സംരംഭങ്ങളെ സഹായിക്കുകയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
ഈ സഹകരണത്തിന്റെ ഭാഗമായി, എൻജിനിയറിംഗ്, ഫിനാൻസ്, ലീഗൽ, മാർക്കറ്റിംഗ്, സെയിൽസ് വിഭാഗങ്ങളിലായി 50,000 ജീവനക്കാർക്ക് സ്ഥാപനത്തിലുടനീളം ’ക്ലോഡ്’ ഉപയോഗിക്കാനുള്ള സൗകര്യം ടിസിഎസ് നൽകും.
ധനകാര്യ സേവനങ്ങൾ, ആരോഗ്യം, ലൈഫ് സയൻസസ്, പബ്ലിക് സർവീസസ്, വ്യോമയാനം, ടെലികോം, മെഡ്ടെക് തുടങ്ങിയ വിവിധ മേഖലകളിൽ എഐ സൊല്യൂഷനുകൾ സംയുക്തമായി വിപണിയിലെത്തിക്കാനും ടിസിഎസും ആന്ത്രോപിക്കും ലക്ഷ്യമിടുന്നുണ്ട്.
ഈ പങ്കാളിത്തം ടിസിഎസിന്റെ മറ്റ് ഉത്പന്നങ്ങളിലേക്കും പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി യുകെയിൽ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ’ഡിലിജന്റ’ (Diligenta) ക്ലോഡ് വിന്യസിക്കും; അതേസമയം, എഐ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള അനുയോജ്യരായ ജീവനക്കാരെ വളർത്തിയെടുക്കാൻ ’ടിസിഎസ് അയോണ്‍’ (TCS iON) ക്ലോഡ് മോഡലുകളിൽ പരിശീലനവും സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യും.
*********