ന്യൂഡൽഹി: എൻസിആർടി പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദ പാഠഭാഗം തയാറാക്കിയവരെ കരിക്കുലം സമിതിയിൽനിന്ന് പുറത്താക്കാൻ സുപ്രീം കോടതി നിർദേശം. പ്രഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവർക്കെതിരെയാണ് നടപടി.
മൂന്നംഗ സംഘത്തിലെ മൂന്ന് പേരെയും നിലവിലുള്ള എല്ലാ ചുമതലകളിൽനിന്നു നീക്കണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദേശത്തിൽ സുപ്രീം കോടതി ആവശ്യപ്പെട്ടു. വിവാദ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചവർക്കെതിരെയും നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരുത്തരവാദപരമായ ഉള്ളടക്കത്തിൽ കോടതി ആശങ്ക അറിയിച്ചു. വിവാദ വിഷയത്തിൽ നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്സൈറ്റുകളും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പാഠ്യപദ്ധതി തയാറാക്കുന്നതിന് മറ്റൊരു വിദഗ്ധ സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിർദേശം നൽകി. ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരെ ഉൾക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാനെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്കരിച്ച അധ്യായം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.