കോഴിക്കോട്: സര്‍ക്കാർ ജുവനൈൽ ഹോമിലെ അന്തേവാസിയായ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കെയര്‍ടേക്കര്‍ അറസ്റ്റില്‍. കോഴിക്കോട് ചെലവൂര്‍ സ്വദേശിയായ പാറങ്ങോട്ട് വീട്ടില്‍ അയൂബ് (56) ആണ് അറസ്റ്റിലായത്.
ചേവായൂർ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടുകാരനെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെന്ന് മനസിലാക്കിയ ഇയാള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒളിവില്‍ പോയിരുന്നു.
തുടര്‍ന്ന് അയൂബിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇയാള്‍ കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു. അയൂബിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ജുവനൈല്‍ ഹോമില്‍ കെയര്‍ടേക്കറായ അയൂബ് കുട്ടിയെ സ്ഥാപനത്തില്‍ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗീകപീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നുള്ളകാര്യത്തിലുള്‍പ്പെടെ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.