കോട്ടയം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന യോഗ്യതയായി കെ ടെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിൽ വ്യാപക പ്രതിഷേധം. സംസ്ഥാനത്ത് ആദ്യമായി കെ ടെറ്റ് പരീക്ഷ നടത്തിയത് 2013ലാണ്. അതിനുശേഷം കെ-ടെറ്റ് പാസായവര്‍ക്കു മാത്രമാണ് അധ്യാപക തസ്തികയില്‍ ജോലി ലഭിച്ചിട്ടുള്ളത്.
ഇതിനുമുമ്പ് സര്‍വീസില്‍ പ്രവേശിച്ച് ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്നവരും രണ്ടുവര്‍ഷത്തിനകം കെ-ടെറ്റ് അധിക യോഗ്യത നേടിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നതു അനിതീയും സാമാന്യ യുക്തിക്കു നിരക്കാത്തതുമാണെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.
പുതുതായി അധ്യാപകവൃത്തിയിലേക്കു കടന്നുവരുന്നവര്‍ക്ക് അടിസ്ഥാന യോഗ്യതയായി കെ ടെറ്റ് നിര്‍ബന്ധമാക്കുന്നതില്‍ തെറ്റില്ല. മുന്‍കാലത്ത് അന്നത്തെ അധ്യാപകനിയമന വിജ്ഞാപനത്തില്‍ പറഞ്ഞിരുന്ന യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചു ശമ്പളം അംഗീകാരവും ലഭിച്ചതിനുശേഷം വീണ്ടും അടിസ്ഥാന അധിക യോഗ്യതയായി കെ ടെറ്റ് ഉള്പ്പെടുത്തിയതിനോടാണു വിവിധ കോണുകളില്‍നിന്നും എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്.
നീറ്റ് പരിക്ഷയ്ക്കു മുമ്പ് എംബിബിഎസ് യോഗ്യത നേടി ഡോക്ടര്മാരായവരോട്, വീണ്ടും നീറ്റ് പരീക്ഷ പാസായില്ലെങ്കില്‍ ജോലിയില്‍ തുടരാന്‍ സാധിക്കില്ലെന്നും പറയുമോ? എന്‍ട്രന്‍സ് പരീക്ഷ തുടങ്ങുന്നതിനു മുമ്പ് എല്‍എല്‍ബി പാസായി വക്കീലന്മാരും ജഡ്ജിമാരും ആയവര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ എന്‍ട്രന്‍സ് പരീക്ഷ ജയിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടുമോ? എന്നാണ് അധ്യാപക സംഘടനകള്‍ ചോദിക്കുന്നത്. ഈ സാഹചര്യം മുന്‍നിര്‍ത്തി അധ്യാപകസമൂഹത്തോടു മാത്രമാണ് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതെന്നും ആരോപണവുമുണ്ട്. നിലവില്‍ നിയമിതരായ അധ്യാപകരെ കെ ടെറ്റ് യോഗ്യതയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യമായണുയരുന്നത്.
അധ്യാപകര്‍ക്കു കെ ടെറ്റ് പരീക്ഷയ്ക്കു യോഗ്യത നേടുന്നതിനുള്ള മാര്‍ക്ക് 50 ശതമാനം എന്നത് 75 മാര്‍ക്കായി നിശ്ചയിക്കണം, കെ ടെറ്റ് കാറ്റഗറി മൂന്ന് പരീക്ഷ എഴുതാനുള്ള മിനിമം യോഗ്യത ഡിഗ്രി 45 ശതമാനം മാര്‍ക്കാണ്. നിലവില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്കു മാര്‍ക്കിന്റെ മാനദണ്ഡം ഒഴിവാക്കി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസരം നല്‍കണം.അടുത്ത കെടെറ്റ് പരീക്ഷയ്ക്കായി സര്‍ക്കായി നിലവിലുള്ള ഫീസ് ഇരട്ടിയായിട്ടാണു വര്‍ധിച്ചതു പിന്‍വലിക്കണം.
ഇപ്പോള്‍ നടത്തിയ കെടെറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപനത്തിനുശേഷമേ അടുത്ത പരീക്ഷയ്ക്കു അപേക്ഷിക്കാനുള്ള തീയതി പ്രഖ്യാപിക്കാവൂ. നിലവില്‍ പരീക്ഷയ്ക്കു ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ് എന്നിവയില്‍ എതെങ്കിലും ഒരു വിഷയത്തില്‍ നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്. തുടര്‍ന്നുള്ള പരീക്ഷകള്‍ക്കു ഹൈസ്കൂള്‍ ക്ലാസുകളിലെ സയന്‍സ് വിഷയങ്ങളില്‍ നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും എല്ലാ ഉപവിഷയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ അധ്യാപക സംഘടനകള്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. വിവിധ സംഘടനകള്‍ വിദ്യാഭ്യാസമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്.