തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ആദ്യമിറക്കിയ സർക്കാർ ഉത്തരവിലെ പല നിർദേശങ്ങളും വിവാദമായതിനു പിന്നാലെ ആ ഭാഗങ്ങൾ ഒഴിവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി.
സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് ഉള്ളവർക്ക് കെ -ടെറ്റിൽ ഇളവ് ഇല്ലെന്നത് ഉൾപ്പെടെയുള്ള ഉത്തരവായിരുന്നു ആദ്യമിറക്കിയത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നതിനു പിന്നാലെ ഉത്തരവ് മരവിപ്പിക്കുകയാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കെ ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി അധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കാമെന്ന് ഉത്തരവ് പറയുന്നു.
കെ ടെറ്റ് കാറ്റഗറി- മൂന്ന് യോഗ്യത നേടിയവരെ ഹൈസ്കൂൾ അധ്യാപക നിയമനങ്ങൾക്ക് പരിഗണിച്ചാൽ മതി. പ്രൈമറി വിഭാഗത്തിലെ ഭാഷാധ്യാപക നിയമനത്തിനും സ്പെഷലിസ്റ്റ് അധ്യാപക നിയമനത്തിനും കെ ടെറ്റ് കാറ്റഗറി നാല് യോഗ്യത നേടിയ ഉദ്യോഗാർഥികളെ പരിഗണിച്ചാൽ മതിയെന്നും പുതുക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഹൈസ്കൂൾ തലത്തിലുള്ള ഭാഷാധ്യാപകർ കെ ടെറ്റ് കാറ്റഗറി മൂന്നു നേടിയവരാണെങ്കിൽ കെ ടെറ്റ് നാല് നേടേണ്ടെന്ന നിലവിലെ വ്യവസ്ഥ തുടരും.
സി ടെറ്റ് പ്രൈമറി സ്റ്റേജ് യോഗ്യത നേടിയവരെ കെ ടെറ്റ് കാറ്റഗറി ഒന്നിൽ നിന്നും സി ടെറ്റ് എലിമിന്ററി സ്റ്റേജ് യോഗ്യത നേടിയവരെ കെ ടെറ്റ് കാറ്റഗറി രണ്ടിൽ നിന്നും ഒഴിവാക്കാമെന്ന നിലവിലുള്ള നിർദേശം തുടരാവുന്നതാണെന്നും പുതുക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. തീരുമാനങ്ങൾ സുപ്രീംകോടതിയിൽ സർക്കാർ ഫയൽ ചെയ്യുന്ന ഹർജിയുടെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.