Kerala
കാലടി: ഇന്ത്യയുടെ ദേശീയഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസിന്റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽനിന്ന് ആറിന് ആരംഭിക്കും.
വൈകുന്നേരം അഞ്ചിന് യാത്രയുടെ ഉദ്ഘാടനം നടക്കും. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദും സിനിമാതാരം ശോഭനയും ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ആദിശങ്കര ജന്മഭൂമിയിലെ മണ്ണ് വിദ്യാർഥി പ്രതിനിധികളും നാഷണൽ സർസീസ് സ്കീം വോളന്റിയർമാരും ചേർന്ന് ഗവർണർക്കു കൈമാറും.
ഗവർണേഴ്സ് എക്സലൻസ് അവാർഡുകളായ വന്ദേമാതരം പുരസ്കാരങ്ങൾ സിനിമാതാരം ശോഭനയ്ക്കും എഴുത്തുകാരി സംഗീത മധുവിനും വന്ദേമാതരം യംഗ് ടാലന്റ് അവാർഡ് എഴുത്തുകാരി സന്ധ്യ രാജേന്ദ്രനും സമ്മാനിക്കും.
ചടങ്ങിൽ ഡോ. സി.വി. ആനന്ദബോസ് എഴുതി മനു രമേശ് ചിട്ടപ്പെടുത്തിയ കെ.കെ. നിഷാദ് പാടിയ വന്ദേഭാരതം വന്ദേ ബങ്കിം ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും നടക്കും.
തുടർന്ന് ഗവർണർ ആദിശങ്കര ജന്മഭൂമിക്ഷേത്രം സന്ദർശിക്കുകയും പാദപൂജ ചെയ്യുകയും ചെയ്യും. വന്ദേമാതരം വന്ദേ വിരാസത് യാത്രയുടെ ഭാഗമായി ഡോ. സി.വി. ആനന്ദ ബോസ് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് പ്രമുഖ വ്യക്തികളുടെ ജന്മസ്ഥലം സന്ദർശിക്കും.
Kerala
കൊച്ചി: കാലടിയിൽ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാള് മുര്ഷിദാബാദ് റാണിനഗര് സ്വദേശി സാഹിദുല് ഇസ്ലാം (30), മാല്ഡ സ്വദേശി മുഹമ്മദ് അന്ബര് (30) എന്നിവരെയാണ് പെരുമ്പാവൂര് എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും അയ്യമ്പുഴ പോലീസും ചേര്ന്ന് പിടികൂടിയത്.
ഇവരിൽ നിന്നും 37 കിലോ കഞ്ചാവ് പോലീസ് കണ്ടെത്തി. ഇവര് സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കൈ കാണിച്ച് തടഞ്ഞു നിര്ത്താന് ശ്രമിച്ചു. എന്നാൽ ഇവർ ഓട്ടോയിൽ നിന്നുമിറങ്ങി ഓടുകയായിരുന്നു. സാഹസികമായാണ് ഇവരെ പിടികൂടിയത്.
ഒഡീഷയില് നിന്നും ട്രെയിന് മാര്ഗം ആലുവയിലെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവ് എത്തിച്ചത്. ഒഡീഷയില് നിന്നും കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപ നിരക്കില് വില്പന നടത്തി തിരികെ ബംഗാളിലേക്ക് മടങ്ങുന്നത് ആയിരുന്നു ഇവരുടെ രീതി.
ഒന്നാം പ്രതി സഹിദുല് ഇസ്ലാമിനെ ഈ വര്ഷം കാലടി പോലീസ്16 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
Kerala
കൊച്ചി: മലയാറ്റൂരിൽ ചിത്രപ്രിയയുടെ കൊലപാതകത്തില് ആണ് സുഹൃത്ത് അലനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത അലന്റെ അറസ്റ്റ് ഇന്ന് വൈകിട്ടോടെയാണ് പോലീസ് രേഖപ്പെടുത്തിയത്.
ചിത്രപ്രിയയും ആണ്സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്നും പോലീസ് അറിയിച്ചു.
സംശയത്തെതുടര്ന്ന് പെണ്കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്മോര്ട്ടത്തില് വ്യക്തമായി.
ശനിയാഴ്ച മുതല് കാണാതായ പെണ്കുട്ടിയെ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില് കണ്ടെത്തിയത്. മലയാറ്റൂര് മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില് ഷൈജുവിന്റെ മകളാണ് 19കാരിയായ ചിത്രപ്രിയ. ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായ ചിത്രപ്രിയ അമ്പലത്തിലെ ഉത്സവം കൂടാനാണ് മലയാറ്റൂലെത്തിയത്. പെണ്കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.