നാഷ്വിൽ: ടെന്നീസിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) സംഘടിപ്പിച്ച ഓണം മഹോത്സവം 2026 സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ഗംഭീരമായി.
ടെന്നിസ്സി സംസ്ഥാനത്തെ നാഷ്വില്ലിനടുത്തുള്ള മർഫീസ്ബൊറോ പാറ്റേഴ്സൺ പാർക്ക് കമ്യൂണിറ്റി സെന്ററിൽ ആയിരുന്നു ഓണാഘോഷങ്ങൾ അരങ്ങേറിയത്. കാൻ വോളണ്ടിയർമാർ സ്വന്തമായി തയാറാക്കിയ ഇരുപതോളം വിഭവങ്ങൾ വാഴ ഇലയിൽ വിളമ്പിയ സ്വാദിഷ്ഠമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
തുടർന്ന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി വരവേറ്റു. അതോടൊപ്പം കാനിന്റെ സ്വന്തം കലാകാരൻമാർ അതിമനോഹരമായി ചെണ്ടമേളവും വേദിയിൽ അവതരിപ്പിച്ചു.
തുടർന്ന് ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ഗായകനും സംഗീതരചയിതാവുമായ ഫ്രാങ്കൊ സൈമൺ നിർവ്വഹിച്ചു. മഹാബലിയും, വിശിഷ്ഠാതിഥിയും കാൻ ഭരണ സമിതി ഭാരവാഹികളും ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ഔപചാരികമായി പരിപാടികൾ ആരംഭിച്ചത്.
കാൻ പ്രസിഡന്റ് ശങ്കർ മന അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ, വൈസ് പ്രസിഡന്റ് സുശീല സോമരാജൻ സ്വാഗതവും, സെക്രട്ടറി സുജിത് പിള്ള നന്ദിയും രേഖപ്പെടുത്തി.
കാനിലെ അംഗങ്ങളുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാനായി പ്രസിദ്ധീകരിക്കുന്ന കാഞ്ചനത്തിന്റെ ഓണം എഡിഷന്റെ ഔദ്യോഗിക പ്രകാശനവും തദവസരത്തിൽ ഫ്രാങ്കൊ സൈമൺ നിർവഹിച്ചു.