കൊല്ലം: വള്ളിക്കീഴ് ഭാഗത്ത് തിങ്കൾ രാത്രി കണ്ട അക്രമകാരിയായ കാട്ടുപന്നിയെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസമായിരുന്നു കാട്ടുപന്നിയുടെ പരാക്രമം ഉണ്ടായത്. ആറു മണിക്കൂറോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ കാട്ടുപന്നിയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ശ്രമവും വിഫലം. പൂമുഖത്ത് ക്ഷേത്ര പരിസരത്തു ഭീതി സൃഷ്ടിച്ച കാട്ടുപന്നി പള്ളിക്കാവ് വട്ടക്കായൽ ഭാഗത്തേക്കു പോയെന്നാണു നാട്ടുകാർ പറയുന്നത്. ആറു പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇവരിൽ വള്ളിക്കീഴ് കെഎസ്ഇബി നഗർ പൂമുഖത്ത് ക്ഷേത്രത്തിന് സമീപം ശ്രീലയത്തിൽ വേലായുധൻ കുട്ടിയുടെ (65) പരുക്ക് ഗുരുതരമാണ്.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.
വള്ളിക്കീഴ് തൈക്കൂട്ടത്തിൽ വീട്ടിൽ കെ. രാജഗോപാൽ, ഗോകുലത്തിൽ ബി.ജയകുമാർ, മരുത്തടി സ്വദേശികളായ അനന്തു, ജെ.ഹരികൃഷ്ണൻ എന്നിവർക്കും വള്ളിക്കീഴ് ജംക്ഷനിൽനിന്ന യുവാവിനും ടൗൺ റോഡ് വഴി സ്കൂട്ടറിൽ സഞ്ചരിച്ച ആൾക്കുമാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. വാഹനങ്ങൾക്കും കേടുപാടു വരുത്തി. വീടിന്റെ ഗേറ്റ് തകർത്തു. കാട്ടുപന്നിയെ വള്ളിക്കീഴ് ക്ഷേത്ര പരിസരത്ത് 2 ദിവസം മുൻപ് കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
തിങ്കൾ രാത്രി 8.30ന് പൂമുഖത്ത് ക്ഷേത്രത്തിന് സമീപത്തെത്തിയ കാട്ടുപന്നി അതുവഴി നടന്നു വരികയായിരുന്ന വേലായുധൻ കുട്ടിയെ ഇടിച്ചു പരുക്കേൽപിച്ചു. ഇതേ റോഡിൽ വള്ളിക്കീഴ് ജംക്ഷന് സമീപത്ത് നിൽക്കുകയായിരുന്ന രാജഗോപാലിനെയും മറ്റൊരു യുവാവിനെ ഇടിച്ചു വീഴ്ത്തി. പിന്നീട് ടൗൺ റോഡിലേക്ക് കയറി അതുവഴി വരികയായിരുന്ന സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തി. വീണ്ടും മറ്റൊരു ഇടറോഡ് വഴി തിരികെ പൂമുഖ ക്ഷേത്രത്തിന് സമീപത്തെ കാടു മൂടിയ പറമ്പിലെത്തി. രാത്രി ഒന്പതിനു നാട്ടുകാർ റോഡിലും സമീപത്തെ പറമ്പുകളിലും തെരച്ചിൽ നടത്തി. അതിനിടെ കൗൺസിലർ പി.ജെ. രാജേന്ദ്രൻ വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥനെത്തി.
രാത്രി 11 ന് വനം വകുപ്പ് ഉദ്യോഗസ്ഥനുമായി പ്രദേശവാസിയായ ബി. വിജയകുമാർ രാത്രി പതിനൊന്നോടെ ബൈക്കിൽ അന്വേഷണത്തിനായി തിരിച്ചു. നാട്ടുകാർ പടക്കം പൊട്ടിച്ചു. പറമ്പിൽ ഒളിച്ചിരുന്ന കാട്ടുപന്നി വിരണ്ട് റോഡിലേക്ക് ഒാടി. ഈ സമയം വിജയകുമാറും വനം വകുപ്പ് ഉദ്യോഗസ്ഥനും സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തി. വിജയകുമാറിന്റെ കാലിൽ കാട്ടുപന്നിയുടെ തേറ്റ കൊണ്ട് നിസാര പരിക്കേറ്റു. പരിസരത്തെ മറ്റൊരു കാട് മൂടിയ പറമ്പിലേക്ക് കാട്ടുപന്നി പിന്നീട് ഒാടി മറഞ്ഞു.
തുടർന്ന് നാട്ടുകാർ കൂടുതൽ പേർ സംഘടിച്ചു തിരച്ചിൽ ആരംഭിച്ചു. നാട്ടുകാർ ബഹളം വച്ചതോടെ പറമ്പിൽനിന്ന് വീണ്ടും പൂമുഖത്ത് ക്ഷേത്രത്തിന് സമീപത്തു കൂടി കാട്ടുപന്നി ഒാടി. ഈ സമയം അതുവഴി സ്കൂട്ടറിലും ബൈക്കിലുമായി വന്ന മരുത്തടി സ്വദേശികളായ അനന്തുവിനെയും ജെ. ഹരികൃഷ്ണനെയും ഇടിച്ചു വീഴ്ത്തി. സമീപത്തു പാർക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കും തകർത്തു. സമീപത്തെ ഇടവഴിയിലൂടെ ഒാടി വീടിന്റെ ഗേറ്റ് ഇടിച്ചു തകർത്തു. പിന്നീട് പള്ളിക്കാവ് വട്ടക്കായൽ ഭാഗത്തേക്ക് ഒാടിപ്പോയി. അർധരാത്രിയോടെ വനം വകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥർ എത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കാട്ടുപന്നിയെ കണ്ടെത്താനായില്ല.