തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 404 റൺസിന് മറുപടിയായി ഒഡീഷ മൂന്നാം ദിനം 225 റൺസിന് ഓൾഔട്ടായി. ഇതോടെ കേരളത്തിന് 179 റൺസിന്റെ നിർണായക ലീഡ് ലഭിച്ചു.
38 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ വൈശാഖ് ചന്ദ്രൻ കേരളത്തിനായി തിളങ്ങി. എം.ഡി. നിധീഷ്, ജലജ് സക്സേന എന്നിവരും വിക്കറ്റ് വേട്ടയിൽ നിർണായക പങ്കുവഹിച്ചു. മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ് ഒഡീഷ ബാറ്റിംഗ് പുനരാരംഭിച്ചത്. തുടക്കത്തിൽ തന്നെ സന്ദീപ് പട്നായിക്കിനെയും നിനന്ദ് റാഥ്വയെയും നഷ്ടമായതോടെ ഒഡീഷ 125ന് അഞ്ച് എന്ന നിലയിലേക്ക് വീണു.
തുടർന്ന് ക്യാപ്റ്റൻ സൗരഭ് സേനാപതിയും രാജേഷ് ധുപറും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ഒഡീഷയ്ക്ക് ആശ്വാസമായത്. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി സ്കോർ 185ൽ എത്തിച്ചു. 34 റൺസെടുത്ത രാജേഷ് ധുപറെ വൈശാഖ് ചന്ദ്രൻ പുറത്താക്കിയതോടെ കൂട്ടുകെട്ട് തകർന്നു. പിന്നാലെ 50 റൺസെടുത്ത ക്യാപ്റ്റൻ സൗരഭ് സേനാപതിയെ ജലജ് സക്സേനയും മടക്കി.
രാജേഷ് മൊഹന്തിയെയും സൗമ്യ ലെങ്കയെയും പുറത്താക്കി വൈശാഖ് ചന്ദ്രൻ ഒഡീഷയെ 193ന് ഒമ്പത് എന്ന നിലയിലെത്തിച്ചു. എന്നാൽ അവസാന വിക്കറ്റിൽ ലളിത് യാദവ് നടത്തിയ പോരാട്ടം ഒഡീഷയുടെ സ്കോർ 200 കടത്തി.അവസാന വിക്കറ്റിൽ 32 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ഒഡീഷ 225 റൺസിലെത്തിയത്. ലളിത് യാദവ് 37 റൺസുമായി പുറത്താകാതെ നിന്നു.