National
മുംബൈ: ബലാത്സംഗശ്രമം തടഞ്ഞ യുവതിയെയും ആൺസുഹൃത്തിനെയും ആൾദൈവം കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ ആൾദൈവം യോഗേഷ് എന്നറിയപ്പെടുന്ന ഭയ്യ ബാപ്പു ഖൈർനാർ (33) ആണ് ഇരട്ട കൊലപാതകം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു.
ജയ്താനെ ഗ്രാമത്തിൽ ആശ്രമം നടത്തിവരികയാണ് യോഗേഷ്. ഇയാളുടെ ആശ്രമത്തിൽവച്ചാണ് യുവതിയും ആൺസുഹൃത്തും കൊല്ലപ്പെട്ടത്.
യുവതിയും ആൺസുഹൃത്തും മേയ് 16ന് ആശ്രമത്തിലെത്തിയിരുന്നു. ശനി അമാവാസി പൂജകൾക്കായാണ് ഇരുവരും ആശ്രമത്തിലെത്തിയത്. കുടുംബപ്രശ്നങ്ങളും ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യുവതിയെ അലട്ടിയിരുന്നു.
പൂജ പൂർത്തിയായ ശേഷം യുവതിയെ മോട്ടോർസൈക്കിളിൽ വീട്ടിലെത്തിക്കാമെന്ന് ആൾദൈവം വാഗ്ദാനം ചെയ്തു. യുവതി ഇതു സമ്മതിച്ചു. ആൺസുഹൃത്ത് ആശ്രമത്തിൽ തുടർന്നു.
വീട്ടിലേക്കു ബൈക്കിൽ പോകവേ വനമേഖലയിലെത്തിയപ്പോൾ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ആൾദൈവം ശ്രമിച്ചു. യുവതി ഇതു ചെറുക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു.
തുടർന്ന് യുവതിയുടെ വസ്ത്രംകൊണ്ട് യോഗേഷ് കഴുത്തുഞെരിച്ച് കൊന്നു. അതിനുശേഷം ആശ്രമത്തിലെത്തിയ യോഗേഷ് ഇരുന്പുവടികൊണ്ട് യുവതിയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തി. മൃതദേഹം കാളവണ്ടിയിൽ കയറ്റി മലയടിവാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
National
ഗാസിയാബാദ്: ഗുരുഗ്രാമില് ഭാര്യയെ ഭർത്താവ് വിഷം കൊടുത്ത് കൊലപ്പെടുത്തി. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് നഴ്സായായ കാജലിനെ (23) റേഡിയോളജിസ്റ്റായ ഭർത്താവ് അരുൺ ശർമ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗാസിയാബാദിലെ ബെഹ്ത ഹാജിപൂർ സ്വദേശിയാണ് അരുൺ. ഗുരുഗ്രാമിലെ നഴ്സിംഗ് ഹോമിൽ ഒന്നിച്ച് ജോലി ചെയ്തവരായിരുന്നു അരുണും കാജലും. ആദ്യം ഇരുവരും തമ്മിലൽ സൗഹൃദമായിരുന്നു. പിന്നീടത് പ്രണയമായി മാറി. അവസാനം ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സന്തോഷപൂർണമായ ജീവിതമായിരുന്നു.
എന്നാൽ പിന്നീട് അരുൺ നിസാര കാര്യങ്ങളുടെ പേരിൽ ഭാര്യയെ ഉപദ്രവിക്കാൻ തുടങ്ങി. സ്ത്രീധനത്തിന്റെ പേരിൽ ശല്യപ്പെടുത്താനും പണം ആവശ്യപ്പെട്ട് ഉപദ്രവിക്കാനും തുടങ്ങി. മാർച്ച് നാലിന് ഹോളി ആഘോഷത്തിനായി കാജലും അരുണും കാജലിന്റെ വീട്ടിലേക്ക് പോയിരുന്നു. 17ന് രാത്രി അരുൺ മദ്യപിച്ചാണ് കാജലിന്റെ വീട്ടിലെത്തിയത്. മദ്യലഹരിയിൽ അരുണ് കാജലിനെ മർദിക്കുകയും ചെയ്തു.
അടുത്ത ദിവസം അതിനെപ്പറ്റി സംസാരിക്കുന്നതിനിടയിലും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. പിന്നാലെയാണ് കാജലിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് വീട്ടിലെ ശുചിമുറിയിൽ നിന്ന് ഒരു സിറിഞ്ച് കണ്ടെത്തിയതായി കാജലിന്റെ കുടുംബം പോലീസിനെ അറിയിച്ചു.
തുടർന്ന് അരുൺ മകളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്ന് അവർ പോലീസിനോട് പറഞ്ഞതോടെ അരുണിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ ഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ മദ്യപിച്ചെത്തിയ യുവാവ് അമ്മയെ കൊലപ്പെടുത്തി. 65 വയസുകാരിയായ സുമിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജഗദീഷ് പെറ്റ്കുലെ (37) യെ പോലീസ് അറസ്റ്റ് ചെയ്തു.
സുമിത്ര അത്താഴത്തിന് പാവയ്ക്ക കറി ഉണ്ടാക്കിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കറി വച്ചതിനെ തുടർന്ന് തുടങ്ങിയ തർക്കം തർക്കം രൂക്ഷമായതോടെ ജഗദീഷ് സുമിത്രയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഇയാളുടെ മർദനമേറ്റ സുമിത്ര സംഭവസ്ഥലത്തുവച്ചു
തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
ജഗദീഷ് സ്ഥിരമായി മദ്യപിക്കുന്നതിനാൽ ഭാര്യ രണ്ട് മാസം മുന്പ് വീട് വിട്ട് പോയിരുന്നു. തുടർന്ന് അമ്മയ്ക്കൊപ്പമാണ് ഇയാൾ താമസിക്കുന്നത്.
കൊലപാതകത്തെക്കുറിച്ച് അറിഞ്ഞയുടനെ സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് നാല് വയസുകാരി മരിച്ചു. ഫിറോസാബാദിലെ ദൗലത്പുർ ഗ്രാമത്തിൽ ആണ് സംഭവം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആണ് അപകടം ഉണ്ടായത്. വീടിന്റെ രണ്ടാം നിലയുടെ മേൽക്കൂര നിർമിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. വീട്ടുടമസ്ഥനും കുടുംബവും നിർമാണ തൊഴിലാളികളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടു.
തുടർന്ന് പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വീട്ടുടമസ്ഥന്റെ നാലര വയസുള്ള മകൾ മരണപ്പെടുകയായിരുന്നു.
Kerala
ഇടുക്കി: മേരികുളത്തിനു സമീപം മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഡോർലാൻഡ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഇടത്തിപ്പറമ്പിൽ സോജനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി മേരികുളത്തിനു സമീപമായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റോബിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ സോജനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ഇടുക്കി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. ബംഗളൂരുവിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ബാലമുരുഗനാണ് (40) ഭാര്യ ഭുവനേശ്വരിയെ കൊലപ്പെടുത്തിയത്.
കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഒരാഴ്ച മുമ്പാണ് ഭുവനേശ്വരി ബാലമുരുഗന് വിവാഹമോചനമാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.
തുടർന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഭുവനേശ്വരിയെ ബാലമുരുഗൻ നാല് തവണ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, ഇയാൾ പോലീസിൽ കീഴടങ്ങി.
സോഫ്റ്റ്വെയർ എൻജിനീയറായ ബാലമുരുഗൻ കഴിഞ്ഞ നാലു വർഷമായി തൊഴിൽരഹിതനായിരുന്നു. യൂണിയൻ ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ് മരിച്ച ഭുവനേശ്വരി.
തമിഴ്നാട്ടിലെ സേലം സ്വദേശികളായ ഇരുവരും 2011ലാണ് വിവാഹിതരായത്. 2018ൽ ഇവർ ബംഗളൂരുവിലേക്ക് പോയി. ഇവർക്ക് രണ്ടു മക്കളുമുണ്ട്.
എന്നാൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് ഭുവനേശ്വരി മക്കളുമായി രാജാജി നഗറിലേക്ക് താമസം മാറി. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ബാലമുരുഗൻ സംശയിച്ചിരുന്നെന്നും ഇത് നിരന്തരം തർക്കങ്ങളിലേക്ക് നയിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തെരച്ചിലിലാണ് സൈനികർ ഭീകരരെ കണ്ടെത്തിയത്.
ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചു. വെള്ളിയാഴ്ച കുപ്വാരയിലെ കേരൻ സെക്ടറിൽ സുരക്ഷാ ഏജൻസികൾ സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ചിനാർ കോപ്സ് എക്സിൽ കുറിച്ചു.
International
മനില: ഫിലിപ്പീൻസിൽ വീശിയ കൽമേഗി ചുഴലിക്കാറ്റിൽ 26 മരണം റിപ്പോർട്ടു ചെയ്തു. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണങ്ങളേറെയും. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മണിക്കൂറിൽ 130 കിലോ മീറ്റർ വേഗതയിൽ കാറ്റു വീശുന്നത് തുടരുകയാണ്. രാജ്യത്തെ ജനസാന്ദ്രത കൂടിയ ദ്വീപായ സെബുവിലെ പട്ടണങ്ങളും ജനവാസ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കൽമേഗി ചുഴലിക്കാറ്റ് വിയറ്റ്നാമിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. വിയറ്റ്നാമിൽ ഇതിനകം തന്നെ റിക്കാർഡ് മഴയാണ് പെയ്യുന്നത്.
ഏകദേശം നാലു ലക്ഷം പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് ഓഫിസിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ റാഫേലിറ്റോ അലജാൻഡ്രോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയ സൈനിക ഹെലികോപ്റ്റർ വടക്കൻ മിൻഡാനോ ദ്വീപിൽ തകർന്നുവീണ് ആറു ജീവനക്കാർ മരിച്ചതായി ഫിലിപ്പീൻസ് എയർഫോഴ്സ് (പിഎഎഫ്) അറിയിച്ചു.
National
ബംഗളൂരു: ബംഗളൂരുവിൽ ഏഴ് വയസുകാരിയെ കൊലപ്പെടുത്തി രണ്ടാനച്ഛൻ. കുന്പളഗൗഡ സ്വദേശി ദർശൻ ആണ് കൊലപാതകം നടത്തിയത്. ഒളിവിൽ പോയ ദർശനെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
ദർശന്റെ ഭാര്യ ശിൽപ്പ നൽകിയ പരാതിയിലാണ് അന്വേഷണം. നാല് മാസങ്ങൾക്ക് മുമ്പാണ് ദർശനും ശിൽപ്പയും തമ്മിൽ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിനസങ്ങൾക്കുള്ളിൽ തന്നെ ശിൽപ്പയും ദർശനും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.
കഴിഞ്ഞ ദിവസം രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ശിൽപ്പ ജോലിക്ക് പോവുകയും ചെയ്തു. ഈ സമയം ദർശൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ശിൽപ്പയാണ് മകൾ സിരിയെ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.
വീട് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ശിൽപ്പയുടെ കരച്ചിൽ കേട്ട് ഓടിയത്തിയവർ വാതിൽ തകർത്ത് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും.
International
ലഹോർ: പാക്കിസ്ഥാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കൗസർ ക്രിക്കറ്റ് ഗ്രൗണ്ടിൽ മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
സംഭവം ഭീകരാക്രമണമാണെന്ന് പാക്കിസ്ഥാൻ സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിൽ പാക്കിസ്ഥാന്റെ സൈനിക നടപടി തുടരുകയാണ്.
കഴിഞ്ഞ മാസം പ്രവിശ്യയിൽ ഓപ്പറേഷൻ സർബകാഫ് എന്ന പേരിൽ നടത്തിയ സൈനിക നടപടിയിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഭീകരർ പോലീസ് വാഹനം ആക്രമിച്ചിരുന്നു. സംഭവത്തിൽ ഒരു പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു.