കൊച്ചി: അസമിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ ഷെഫീഖുൾ ഇസ്ലാമാണ് പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ ദാദ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇയാൾ പെരുമ്പാവൂർ, ആലുവ കേന്ദ്രീകരിച്ച് ആക്രി കച്ചവടത്തിന്റെ മറവിലായിരുന്നു ഹെറോയിൻ വിൽപ്പന നടത്തിയിരുന്നത്.
ഒരു മാസം മുൻപ് അങ്കമാലിയിൽ വെച്ച് 609 ഗ്രാം ഹെറോയിനുമായി അസമിൽ നിന്ന് കാറിലെത്തിയ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ശൃംഖലയിലെ വമ്പൻ സ്രാവായ ഷെഫീഖുളിലേക്ക് അന്വേഷണം എത്തിയത്. അസമിൽ നിന്ന് വലിയ അളവിൽ എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിൽ നിറച്ചാണ് വിതരണം ചെയ്തിരുന്നത്.
ഇതിനായി ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇയാൾ വിതരണക്കാരായി ഉപയോഗിച്ചിരുന്നത്. ലഹരിപ്പണം ഒഴുകിയെത്തിയതോടെ ആഡംബര ജീവിതമായിരുന്നു ഷെഫീഖുൾ നയിച്ചിരുന്നത്. അസമിലേക്കും തിരികെ കൊച്ചിയിലേക്കുമുള്ള യാത്രകളെല്ലാം വിമാന മാർഗമായിരുന്നു. പ്രതി പോഞ്ഞാശേരിയിൽ താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് ചാക്ക് നിറയെ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ കണ്ടെടുത്തു.
പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിൽ വൻ സംഘമുണ്ടെന്നും പോലീസ് വ്യക്തമാക്കി. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്.