കോല്‍ക്കത്ത: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 29 റൺസ് വിജയം. സ്കോർ: കോൽക്കത്ത 247/2 ഗുജറാത്ത് 218/4. കോല്‍ക്കത്ത ഉയര്‍ത്തിയ 248 റൺസിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിന് നാലു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.
49 പന്തില്‍ 85 റണ്‍സെടുത്ത ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും 35 പന്തില്‍ 57 റണ്‍സെടുത്ത ജോസ് ബട്ലറും 28 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സായ് സുദര്‍ശനും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കോല്ക്കത്തക്കായി സുനില്‍ നരെയ്ൻ രണ്ടു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷയും കോല്‍ക്കത്ത നിലനിര്‍ത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കത്ത ഫിന് അലന്റെയും അംഗ്രിഷ് രഘുവംശിയുടെയും കാമറൂണ്‍ ഗ്രീനിന്റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവിലാണ് 247 റണ്‍സെടുത്തത്. 35 പന്തില്‍ 93 റണ്‍സെടുത്ത ഫിന് അലനാണ് കോല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സെടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു.
തോല്‍വിയോടെ 16 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്ന ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന ഹോം മത്സരം വരെ കാത്തിരിക്കണം. അതേസമയം ജയത്തോടെ 11 മത്സരങ്ങളില്‍ 11 പോയിന്റുമായി കോല്‍ക്കത്ത പ്ലേ ഓഫിലെത്താനുള്ള നേരിയ പ്രതീക്ഷ നിലനിര്‍ത്തി.