വടക്കൻ ജപ്പാനിൽ നാല് പേരെ പരിക്കേൽപ്പിച്ച് കടന്ന അതിബുദ്ധിമാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കരടിയെ പിടികൂടാനുള്ള ശ്രമത്തിലാണ് ജാപ്പനീസ് അധികൃതർ. രക്ഷപ്പെടുന്നതിനിടയിൽ ഈ കരടി ഒരു ജനലിന്റെ ലോക്ക് തുറക്കുകയും ടാപ്പ് തിരിച്ച് വെള്ളം കുടിക്കുകയും ചെയ്തതായി സംശയിക്കുന്നു. ഫുകുഷിമയിലെ രണ്ട് ഫാക്ടറികളിലായി നാല് പേരെ പരിക്കേൽപ്പിച്ച ശേഷം, കഴിഞ്ഞ ദിവസം ഒളിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് ബുധനാഴ്ച വൈകുന്നേരമാണ് കരടി രക്ഷപ്പെട്ടതെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കെണികളും ട്രാൻക്വിലൈസർ (മയക്കുവെടി) തോക്കുകളുമായി കാത്തുനിന്ന വേട്ടക്കാരെ വെട്ടിച്ചാണ് മൃഗം കടന്നുകളഞ്ഞത്. ജപ്പാനിൽ കരടികളെ കാണുന്ന സംഭവങ്ങളും മാരകമായ ആക്രമണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വെള്ളിയാഴ്ചയും ഈ മൃഗം ഒളിവിലായിരുന്നുവെന്ന് ഒരു സിറ്റി ഉദ്യോഗസ്ഥൻ ഒരു മാധ്യത്തോട് പറഞ്ഞു.
രക്ഷപ്പെടാൻ വേണ്ടി മൃഗം സ്വയം ജനലിന്റെ പൂട്ട് തുറന്നു, എന്നാണ് സംഭവസ്ഥലത്തെ തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് ഫുകുഷിമ മേയർ യുകി ബാബ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനൽ പുറത്തേക്കുള്ള വഴിയുടെ അടുത്ത് നഖം കൊണ്ടുള്ള പാടുകൾ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കരടി കുടിക്കാൻ വേണ്ടി ടാപ്പ് തിരിച്ച് തുറന്നു എന്നും മേയർ കൂട്ടിച്ചേർത്തു. ഈ കരടിയെ "അതിബുദ്ധിമാൻ" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
വേട്ടക്കാർ, പോലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ, അതിനെ പിടികൂടാൻ സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്ന് മിസ്റ്റർ ബാബ വ്യക്തമാക്കുന്നു.കഴിഞ്ഞ വർഷം ജപ്പാനിൽ കരടികളുടെ ആക്രമണത്തിൽ റിക്കാർഡ് എണ്ണമായ 13 പേർ കൊല്ലപ്പെട്ടിരുന്നു.
ശീതകാല നിദ്രയ്ക്ക് ശേഷം മൃഗങ്ങൾ വിശപ്പോടെ പുറത്തുവരുന്നതിനാൽ ഈ വർഷം അവയെ കാണുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിൽ രാജ്യത്ത് കരടികളെ കണ്ട സംഭവങ്ങളുടെ എണ്ണം 50,000 കവിഞ്ഞു. ഇത് രണ്ട് വർഷം മുമ്പ് ഉണ്ടായ മുൻ റിക്കാർഡിന്റെ ഇരട്ടിയിലധികമാണ്.കരടികൾ സ്ഥിരമായി വീടുകളിൽ കയറുകയും സ്കൂളുകൾക്ക് സമീപം അലഞ്ഞുതിരിയുകയും സൂപ്പർമാർക്കറ്റുകൾ കൊള്ളയടിക്കുകയും ചെയ്യാറുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഭക്ഷണത്തിന്റെ ലഭ്യത വർദ്ധിച്ചതാണ് കരടികളുടെ എണ്ണം കൂടാൻ ഭാഗികമായ കാരണമെന്ന് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.