Kerala
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യയുടെ ജിഎസ്ടി ഇൻഡയറക്ട് ടാക്സ് കമ്മിറ്റി നടത്തുന്ന നാലാമത് ദേശീയ ജിഎസ്ടി സിന്പോസിയം തിരുവനന്തപുരം ഉദയ് സമുദ്ര റിസോർട്ടിൽ ഇന്നും നാളെയും നടക്കും.
ഇന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ സിന്പോസിയം ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയാവും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ പ്രസിഡന്റ് സി.എ. ചരണ്ജോത്സിംഗ് നന്ദ, കേന്ദ്ര കമ്മിറ്റി അംഗവും ജിഎസ്ടി കമ്മിറ്റി ചെയർമാനുമായ സി. എ. രാജേന്ദ കുമാർ പി, വൈസ് ചെയർമാൻ സി എ ഉമേഷ് നാരായണ് ശർമ, കേന്ദ്ര കമ്മിറ്റി അംഗം സിഎ ബാബു ഏബ്രഹാം കള്ളിവയലിൽ എന്നിവർ പങ്കെടുക്കും.
District News
വിഴിഞ്ഞം: 2025-നെ യാത്രയാക്കി പുതുവർഷത്തെ വരവേൽക്കാൻ സഞ്ചാരികളുടെ പറുദ്ദീസയായ കോവളത്ത് ഇന്ന് ആയിരങ്ങൾ ഒത്തു ചേരും. അവസാന ദിനത്തിലെ സൂര്യന്റെ ചെങ്കിരണങ്ങൾ അറബിക്കടലിൽ താഴുന്നതു മുതൽ ആരംഭിക്കുന്ന ആഘോഷങ്ങൾ രാത്രി 12 മണി വരെ തുടരും. യാത്ര അയക്കാനും പുതുവർഷത്തെ സ്വീകരിക്കലിനും ശിങ്കാരിമേളത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയുണ്ടാകും.
ഇന്നു വൈകുന്നേരം അഞ്ചുമുതൽ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമായ ഹൗവ്വാബീച്ചിൽ നിന്നാരംഭിക്കുന്ന താള- മേള ഘോഷയാത്ര ലൈറ്റ്ഹൗസ് ബീച്ചും പരിസരവും ചുറ്റിയടിച്ച് സഞ്ചാരികളെ പുതുവർഷവരവ് അറിയിക്കും. ഉച്ചമുതൽ ആരംഭിക്കുന്ന സഞ്ചാരികളുടെ വരവ് രാത്രി പന്ത്രണ്ടു വരെ തുടരും. ഈ സമയത്തിനുള്ളിൽ ജനനിബിഡമാകുന്ന ബീച്ചും പരിസരവും ആഘോഷത്തിമിരപ്പിലാകും.
12 മണിക്ക് പുതുവർഷവരവ് അറിയിച്ച് സമീപത്തെ ഹോട്ടലുകളിൽനിന്നും ടൂറിസംവകുപ്പ് ഒരുക്കുന്നതുമായ പൂത്തിരികൾ ആകാശത്ത് പൊട്ടിച്ചിതറുന്നതോടെ ആഘോഷത്തിന് വിരാമമാകും. പുതുവർഷത്തെവരവേൽക്കാനെത്തിയ ആയിരങ്ങളുടെ സുരക്ഷയാത്രക്കുള്ള മുന്നറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങും. അര മണിക്കൂറിനുള്ളിൽ ബീച്ച് ഏറെക്കുറെ ശൂന്യമാകും. നാടിന്റെ നാനാ ദിക്കിൽനിന്ന് ഒഴുകിയെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ നിയമപാലകരുടെ ഒരുവൻ പട തന്നെയുണ്ടാകും. നിയന്ത്രണംവിട്ട് കളിക്കുന്നവരെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാൻ ചാരക്കണ്ണുകളുമായി നിരീക്ഷണ കാമറകളുണ്ടാകും.
മഫ്ടിയിലും യൂണിഫോമിലുമായുള്ള പോലീസിനുപരി കുതിരപ്പോലീസും ബീച്ചിലുട നീളം റോന്തുചുറ്റും. പ്രകാശം പരത്താൻ ലൈറ്റുകളും വാച്ച് ടവറുകളും കൺട്രോൾ റൂമും എല്ലാം പുതുവർഷപ്പിറവികാണാൻ എത്തുന്നവരുടെ സുരക്ഷക്കായുണ്ടാകും. ഇന്നു രാവിലെ മുതൽ കോവളം ഉൾപ്പെടെയുള്ള മേഖലയിൽ മദ്യപാനികളെയും സാമൂഹ്യ വിരുദ്ധരെയും മയക്കുമരുന്ന് കടത്തുകാരെയും പിടികൂടാൻ പോലീസിന്റെയും എക്സൈസ് അധികൃതരുടെയും കർശന വാഹന പരിശോധന തുടരും.
അധികൃതരുടെ കണ്ണു വെട്ടിച്ചു കടക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താനും സംവിധാനമുണ്ട്. കടലിൽ ഇറങ്ങുന്നവരുടെ ജീവൻ രക്ഷക്കായി ലൈഫ് ഗാർഡുമാരും ജാഗരൂകരായി 24 മണിക്കൂറും രംഗത്തുണ്ടാകും. കോവളത്തിനൊപ്പം അടിമലത്തുറയിലും പൂവാർ പൊഴിക്കരയിലും പുതുവർഷ ആഘോഷമുണ്ടാകും. പൊഴിക്കരയിൽ രാത്രി കർശന നിയന്ത്രണമുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Business
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പിനു കോവളത്ത് തുടക്കമായി.
സ്റ്റാർട്ടപ്പുകൾക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് ഹഡിൽ ഗ്ലോബൽ സഹായകമാകും. ആഗോളതലത്തിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ സെഷനുകളും ചർച്ചകളും ഉയർത്തിക്കാട്ടും. സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്, സാങ്കേതികവിദ്യ എന്നിവയിലാണ് ത്രിദിന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കേരളത്തിന്റെ വിജ്ഞാന സന്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നിൽക്കണ്ടുള്ള വിഷൻ 2031 പ്രവർത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടന സെഷനിൽ സംസാരിച്ചു. എഐ, ഓട്ടോമേഷൻ, ഷിപ്പിംഗ് വിതരണ ശൃംഖലകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനൊപ്പമുള്ള പുരോഗതി കൈവരിക്കാൻ കേരളവും നിരവധി സുപ്രധാന ചുവടുവയ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
തുറമുഖ വളർച്ച, വ്യാവസായിക ശേഷി, ഉൾനാടൻ ജലഗതാഗതം എന്നിവ സംയോജിപ്പിക്കുന്ന തന്ത്രപ്രധാന വികസന മേഖലകളിലൊന്നായി വിഴിഞ്ഞം-കൊല്ലം-പുനലൂർ ട്രയാങ്കിൾ ഉയർന്നുവരുന്നു. വിഴിഞ്ഞം തുറമുഖം അതിന്റെ കവാടമായും ദക്ഷിണ കേരളവും തമിഴ്നാടും നിർമാണ, സമുദ്ര സേവന കേന്ദ്രമായും, പുനലൂർ തെങ്കാശി ബെൽറ്റ് എൻജിനിയറിംഗ്, കാർഷിക വ്യാവസായിക കേന്ദ്രമായും ഇതിന്റെ ഭാഗമാകുന്നു. ലോജിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, ക്ലീൻ ടെക് വ്യവസായങ്ങൾ എന്നിവയ്ക്ക് സമാനതകളില്ലാത്ത സാധ്യതകൾ ഇതു വാഗ്ദാനം ചെയ്യുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
സ്റ്റാർട്ടപ്പ് സ്ഥാപകൻ കെ.സി. ചന്ദ്രശേഖരൻ നായർ എഴുതിയ ‘ഇൻകുബേറ്റേഴ്സ്, ആക്സിലറേറ്റേഴ്സ് ആൻഡ് സ്റ്റാർട്ടപ്സ് ’ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
മുതിർന്ന അനിമേഷൻ വിദഗ്ധനും ആനെസി ഇന്റർനാഷണൽ അനിമേഷൻ ഫെസ്റ്റിവലിലെ അവാർഡ് ജേതാവുമായ സുരേഷ് എറിയാട്ടിനെ ടെക്നോപാർക്കിലെ ടൂണ്സ് അനിമേഷൻ സിഇഒ പി. ജയകുമാറിന്റെ സാന്നിധ്യത്തിൽ മന്ത്രി ആദരിച്ചു.
Kerala
തിരുവനന്തപുരം: കോവളം കടൽതീരത്ത് കടലാമ ചത്തടിഞ്ഞു. ബുധനാഴ്ച രാവിലെ ലൈറ്റ്ഹൗസ് ബീച്ചിന് സമീപമായിരുന്നു കടലാമ ചത്തടിഞ്ഞത്. കടലാമയ്ക്കൊപ്പം ചെറു മത്സ്യവും ഞണ്ടുകളും കരയ്ക്കടിഞ്ഞിരുന്നു.
പ്രദേശവാസിയാണ് കടലാമയെ ചത്തനിലയിൽ കണ്ടെത്തിയത്. ഈ സമയം സമീപത്ത് വിനോദ സഞ്ചാരികൾ കുളിക്കുന്നുണ്ടായിരുന്നു. ചത്തടിഞ്ഞ കടലാമയുടെ ദേഹത്ത് മുറിവുകൾ കണ്ടെത്തിയിരുന്നു.
കപ്പലിന്റെയോ മത്സ്യബന്ധന ബോട്ടുകളുടെയോ പ്രൊപ്പല്ലറുകൾ തട്ടിയാകും മുറിവുകളുണ്ടായതെന്നാണ് വിലയിരുത്തൽ. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കടലാമ ചത്തടിയുന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു.
Kerala
തിരുവനന്തപുരം: കോവളത്ത് കടലിനടിയിൽ കണ്ടെയ്നറിന്റെ ഭാഗം കണ്ടെത്തി. മേയ് 25ന് കടലിൽ മുങ്ങിയ എംഎസ്സി എൽസ-3 കപ്പലിന്റേതാണ് കണ്ടെയ്നർ എന്നാണ് സൂചന. കപ്പൽ മുങ്ങിയ ശേഷം ഇതാദ്യമായാണ് കണ്ടെയ്നറിന്റെ സാന്നിധ്യം കടലിനടിയിൽ കണ്ടെത്തുന്നത്.
കോവളത്തെ ‘മുക്കം’മലയുടെ തുടർച്ചയായി കടലിന് അടിയിലുള്ള പാറകൾക്കിടയിലായി മണ്ണിൽ പുതഞ്ഞ നിലയിലാണ് കണ്ടെയ്നർ കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, കൊച്ചിയിലെ സ്കൂബ ഡൈവേഴ്സ് എന്നിവർ ചേർന്നാണു തെരച്ചിൽ നടത്തിയത്.
കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികളാണ് ഇത് സംബന്ധിച്ച് വിവരം നൽകിയത്. തുടർന്ന് രണ്ട് ദിവസമായി നടത്തിയ തെരച്ചിലിലാണ് കണ്ടെയ്നർ ഭാഗം കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: കോവളം ബീച്ചിൽതെരുവുനായ ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ ഹോട്ടലുടമയ്ക്ക് കഴിഞ്ഞ ദിവസം കടിയേറ്റു.
രാവിലെ ഹവ്വാ ബീച്ചിലൂടെ നടന്നുവന്ന സ്വകാര്യ ഹോട്ടൽ നടത്തുന്ന കണ്ണൂർ സ്വദേശി റോബിന്റെ വലതു കാലിൽ കൂട്ടമായെത്തിയ തെരുവുനായ കടിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി റോബിൻ കടലിലേക്ക് ചാടിയെങ്കിലും നായകൾ വിടാതെ പിൻതുടർന്ന് കടിക്കുകയായിരുന്നു.
റോബിൻ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച ലൈറ്റ് ഹൗസ് ബീച്ചിൽ നടപ്പാതയിലൂടെ വരികയായിരുന്ന വിദേശ വനിതയെയും തെരുവു നായ ആക്രമിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള പൗളിന(32) വലതു കണങ്കാലിൽ മാരകമായി കടിയേറ്റത്.