തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പാർട്ടിയിൽ തർക്കം രൂക്ഷമാകുന്നു. കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ ഒരാൾക്ക് ഒരു പദവി എന്ന ആവശ്യവുമായി ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കുന്നതിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എംപിമാരും എംഎൽഎമാരും സ്വന്തം മണ്ഡലം ശ്രദ്ധിക്കട്ടെ കെ.പിസിസിക്ക് വേണ്ടത് പാർട്ട് ടൈം നേതാക്കളെയല്ല മുഴുവൻ സമയ പ്രസിഡന്റിനെയാണ് എന്നാണ് ബോർഡുകളിലെ പ്രധാന ആവശ്യം.
ഉദയ്പൂർ ചിന്തൻ ശിവിർ പ്രഖ്യാപനങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടക്കുന്ന നീക്കങ്ങളെന്നാണ് അണികളുടെ ആക്ഷേപം. അധ്യക്ഷ കസേരയ്ക്കായി പാർട്ടിയിലെ പ്രമുഖ നേതാക്കൾ പിടിമുറുക്കുന്നതിനിടെയാണ് അണികളുടെ ഈ പരസ്യ പ്രതിഷേധം. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഷാഫി പറമ്പിൽ എന്നിവർ പദവിക്കായി സജീവമായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.